
ബെംഗളൂരുവിൽ നിന്ന് ഗുണ്ടകൾക്ക് ലഹരി എത്തിക്കുന്ന സംഘം പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ബെംഗളൂരുവിൽ നിന്നു തലസ്ഥാനത്തെ ഗുണ്ടകൾക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവനെയും ലഹരി കടത്തിന് സാമ്പത്തിക സഹായം നൽകിയ ഗുണ്ടയെയും പൊലീസ് പിടികൂടി. ബെംഗളൂരു ബെൻസൺ ടൗൺ മുദമ്മ ഗാർഡൻസ് നമ്പർ 22ൽ ജോൺ ഹെന്നഡി (30), ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഇരട്ടക്കൊല കേസിലെ പ്രതി കരുവാറ്റ സ്വദേശി മനു (34) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മനുവിനെ ആലപ്പുഴയിൽ നിന്നും ജോൺ ഹെന്നഡിയെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം തുമ്പ സ്വദേശിയായ ഗുണ്ട ലിയോൺ ജോൺസന് എംഡിഎംഎ എത്തിച്ചു നൽകുന്നതും അതിനു പണം നൽകുന്നതും മനു ആണ്. ലിയോണും മനുവും പൂജപ്പുര ജയിലിൽ തടവുകാരായിരുന്നു. 2024 ഡിസംബറിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ ലിയോണിൽ നിന്ന് 56 ഗ്രാം എംഡിഎംഎ തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു.
എംഡിഎംഎ എത്തിയത് ബെംഗളൂരുവിൽ നിന്നാണെന്ന് മനസ്സിലായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തലസ്ഥാനത്ത് ഗുണ്ടകൾക്ക് ജോൺ ഹെന്നഡി വഴിയാണ് എംഡിഎംഎ എത്തുന്നതെന്നു കണ്ടെത്തിയത്. തമ്പാനൂർ എസ്എച്ച്ഒ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ബിനുമോഹൻ, എഎസ്ഐ രാജേഷ്, സിപിഒമാരായ സുദീപ് ലാൽ, സൂരജ്, വിഷ്ണു, അരുൺ, ഉഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.