
പാറപൊട്ടൽ വാർത്ത വാനരന്മാരുടെ ‘പൊടി’ക്കൈ എന്നു തെളിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളറട ∙ ആനപ്പാറ ഗ്രാമത്തെ പരിഭ്രാന്തിയിലാക്കിയ പാറപൊട്ടൽ വാർത്ത വാനരന്മാരുടെ വികൃതിയാണെന്നു തെളിഞ്ഞു. തിങ്കളാഴ്ച സന്ധ്യയ്ക്കാണ് ജംക്ഷന് സമീപത്തെ ആനപ്പാറയുടെ മുകൾ ഭാഗത്ത് വിള്ളൽ കണ്ടെന്ന വാർത്ത നാട്ടിൽ പടർന്നത്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന തരത്തിലെ വെളുത്ത പൊടി വരപോലെ കണ്ടതും വിള്ളൽ വീണെന്ന വാദത്തിനു ബലമേകി. വലിയ ശബ്ദം കേട്ടുവെന്ന് നാട്ടുകാരിലൊരാൾ കൂടി പറഞ്ഞതോടെ വിഷയം രൂക്ഷമായി. ഉടൻതന്നെ ആളുകൾ സംഘടിച്ച് പൊലീസിനെയും അഗ്നി രക്ഷാസേനയെയും റവന്യു അധികൃതരെയും വിവരമറിയിച്ചു. പൊലീസും അഗ്നി രക്ഷാസേനയും പാഞ്ഞെത്തിയെങ്കിലും രാത്രിയായതിനാൽ പാറയുടെ മുകളിൽ കയറി വിശദമായി പരിശോധിക്കാനായില്ല.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ അടിവാരത്തെ 4 താമസക്കാരെ മാറ്റി പാർപ്പിച്ചു മടങ്ങി. ഇന്നലെ രാവിലെ നെയ്യാറ്റിൻകര തഹസിൽദാരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും പൊലീസും വിശദമായ പരിശോധന നടത്തിയപ്പോഴാണ് സംഭവത്തിനുപിന്നിൽ വാനരന്മാരുടെ വികൃതിയാണെന്ന് മനസിലായത്. പാറയിൽ വിള്ളലുണ്ടായിട്ടില്ല. വാനരക്കൂട്ടം ജനവാസ മേഖലയിൽനിന്നും എടുത്തുകൊണ്ടുപോയ അരിപ്പൊടിയുടെ കവർപൊട്ടി പാറയിൽ വരപോലെ പതിച്ചതാണ് അകലെനിന്നു നോക്കിയ നാട്ടുകാർക്ക് വിള്ളലായി തോന്നിയത്. രണ്ടുവരയുണ്ടായിരുന്നതിനാൽ നടുവിലത്തെ ഭാഗം രാത്രിയിൽ വ്യക്തമായി കാണാനായില്ല. ഇതാണ് വിള്ളലായി കരുതിയതും പരിഭ്രാന്തി പടർന്നതും.