തിരുവനന്തപുരം∙ പ്രമേയപരമായ വ്യത്യസ്തത കൊണ്ടും ആഖ്യാനരീതി കൊണ്ടും മലയാള സിനിമ ലോകശ്രദ്ധ നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ സർഗാത്മക വളർച്ചയുടെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെന്ന് 2024ലെ സിനിമ അവാർഡുകൾ സമ്മാനിച്ച് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി.ഡാനിയൽ പുരസ്കാരം അഭിനേത്രി ശാരദയ്ക്കു മുഖ്യമന്ത്രി സമ്മാനിച്ചു. മമ്മൂട്ടി മികച്ച നടനും ഷംല ഹംസ മികച്ച നടിക്കുമുള്ള അവാർഡുകൾ സ്വീകരിച്ചു.
മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നതു മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണ്. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
ഈ സിനിമ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതു കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ(ഹിരൺദാസ് മുരളി), ഷംല ഹംസ, ലിജോ മോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്ര പ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു. നടി പായൽ കപാടിയയ്ക്കു വേണ്ടി കനി കുസൃതിയും ദിവ്യപ്രഭയും പുരസ്കാരം സ്വീകരിച്ചു.
സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും നടി ദർശന രാജേന്ദ്രനു പകരം അമ്മ നീരജ രാജേന്ദ്രനും പുരസ്കാരം ഏറ്റുവാങ്ങി.
മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായി. അവാർഡ് വിവരങ്ങളടങ്ങിയ പുസ്തകം മന്ത്രി വി.ശിവൻകുട്ടി, മന്ത്രി ജി.ആർ.അനിലിനു നൽകി പ്രകാശിപ്പിച്ചു.
വി.കെ.പ്രശാന്ത് എംഎൽഎ, മേയർ വി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, നടനും ജൂറി ചെയർമാനുമായ പ്രകാശ് രാജ്, ഡോ.ദിവ്യ എസ്.അയ്യർ, കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധു, ചലച്ചിത്ര അക്കാദമി വൈസ് ചെയർപഴ്സൻ കുക്കു പരമേശ്വരൻ, സെക്രട്ടറി സി.അജോയ്, മധു ഇറവങ്കര, ജി.എസ്.വിജയൻ തുടങ്ങിയവർ പങ്കെടുത്തു. പിന്നണി ഗായകർക്കുള്ള പുരസ്കാര ജേതാക്കളായ കെ.എസ്.ഹരിശങ്കർ, സെബ ടോമി എന്നിവർ നയിച്ച സംഗീതപരിപാടിയും അരങ്ങേറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

