വർക്കല ∙ റെയിൽവേട്രാക്കിൽ വീണ ഓട്ടോറിക്ഷയിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച സംഭവത്തിൽ പ്രതി ഓട്ടോ ഡ്രൈവർ ഞെക്കാട് വെട്ടിമൺകോണം സുധി നിവാസിൽ സുധിയെ(30) റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മദ്യപിച്ചിരുന്ന സുധി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയ ഓട്ടോറിക്ഷ ട്രാക്കിൽ വീണതിനെത്തുടർന്ന് ട്രെയിൻ ഇടിക്കുകയായിരുന്നു. കൊച്ചുവേളി ആർപിഎഫ് എസ്ഐ സജിലാലിന്റെയും ഇൻസ്പെക്ടർ ആർ.എസ്.രാജേഷിന്റെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി 10ന് നടന്ന സംഭവത്തിൽ സുധി പ്ലാറ്റ്ഫോമിലേക്ക് ഓട്ടോയുമായി എത്തിയതെങ്ങനെയെന്ന ചോദ്യമാണ് ആദ്യം ഉയർന്നത്. സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ഉയരം വർധിപ്പിക്കുന്ന ജോലി നടക്കുകയാണ്.
നിർമാണ സാമഗ്രികൾ എത്തിക്കാനായി ഇടറോഡിൽ നിന്നു പ്ലാറ്റ്ഫോമിലേക്കു കയറിവരാൻ പാത നിർമിച്ചിരുന്നു.
ഇതിലൂടെയാണ് ഓട്ടോയുമായി സുധി വന്നത്. ഓട്ടോ തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്കു വീണതെന്ന് ആർപിഎഫ് പറയുന്നു. ഇതിനിടെ സുധി സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.
അകത്തുമുറി ഭാഗത്ത് വേഗ നിയന്ത്രണമുള്ളതിനാൽ പതിവിലും വേഗം കുറച്ചാണു വന്ദേഭാരത് എത്തിയത്. ഓട്ടോയിൽ ഇടിച്ച ശേഷം ഏകദേശം 200 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് ട്രെയിൻ നിന്നത്. ഓട്ടോയുടെ ലോഹഭാഗം ട്രെയിനിന്റെ മുൻഭാഗത്ത് കുടുങ്ങിയതിനാൽ പിന്നീട് ഫയർഫോഴ്സിന്റെ സേവനവും തേടി.
ഒരു മണിക്കൂറിലധികം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.
അപകടം പൊലീസ്, എക്സൈസ് ഇടപെടല് കുറഞ്ഞ പ്രദേശത്ത്
ചോദ്യം ചെയ്യലിൽ പരസ്പരം വിരുദ്ധമായാണ് സുധി സംസാരിക്കുന്നതെന്ന് പൊലീസ്. സംഭവ സമയം നന്നായി മദ്യപിച്ച നിലയിലായിരുന്നു ഇയാൾ.
സുധിക്കൊപ്പം മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും ആർപിഎഫ് പരിശോധിക്കുന്നുണ്ട്. ഓട്ടോയുമായി റെയിൽവേ പ്ലാറ്റ്ഫോമിലേക്കു കയറാനുണ്ടായ സാഹചര്യവും വ്യക്തമല്ല. കല്ലമ്പലം ഞെക്കാട് ഭാഗത്ത് താമസിക്കുന്ന ഇയാൾ അകത്തുമുറി ഭാഗത്ത് എത്തിയതു സംബന്ധിച്ചു ദുരൂഹത തുടരുന്നുണ്ട്.
പൊതുവേ വിജനമായ സ്ഥലത്ത് രാത്രിയും പകലും വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവർ മദ്യപിക്കാൻ ഉൾപ്പെടെ തമ്പടിക്കുന്നുണ്ട്. കടയ്ക്കാവൂർ–വർക്കല പൊലീസ് സ്റ്റേഷൻ അതിർത്തിയായതിനാൽ പൊലീസ്, എക്സൈസ് ഇടപെടലും കുറവാണ്. അപകടത്തിനു പിന്നാലെ പ്ലാറ്റ് ഫോമിലേക്കു കയറിവരാൻ താൽക്കാലികമായി തുറന്ന വഴി അടയ്ക്കാനുള്ള നടപടി റെയിൽവേ തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

