ആറ്റിങ്ങൽ ∙ എംസി റോഡിൽ പാപ്പാലയിൽ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പാലക്കടവ് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(39) ആണ് പിടിയിലായത്.
അപകടം നടന്ന് 21ാം ദിവസമാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഇയാൾ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണുവിനെ തെളിവെടുപ്പിനും കൂടുതൽ അന്വേഷണങ്ങൾക്കുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
ഇന്നലെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്നെങ്കിലും സംഘർഷസാധ്യത മുന്നിൽകണ്ട് അവസാന നിമിഷം മാറ്റി.
സ്റ്റേഷനിൽനിന്നു ബന്ധുക്കൾക്കൊപ്പം വിട്ടയച്ച വിഷ്ണു മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളി.
തുടർന്ന് ഒളിവിൽപോയ വിഷ്ണു സുഹൃത്തിനെ കാണാനായി എത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ നാലിന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
കുമ്മിൾ മുക്കുന്നം, പുതുകോട് രാജേഷ് ഭവനിൽ രജിത്ത് (40), ഭാര്യ അംബിക (36) എന്നിവരാണ് മരിച്ചത്.
പ്രതികളെ പിടികൂടുന്നതിലും കേസെടുക്കുന്നതിലും പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച നെയ്യാറ്റിൻകര സ്വദേശി ആദർശിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
വാഹനത്തിനുള്ളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥന്റെയും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന്റെയും തിരിച്ചറിയൽ കാർഡ് കണ്ടെത്തിയെങ്കിലും അന്വേഷണമുണ്ടായില്ല. ഇതും വിവാദമായി.
വാഹനത്തിൽ വിഷ്ണു മാത്രമെന്ന് പൊലീസ്
അപകടസമയത്ത് വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു.
വർക്ഷോപ്പ് നടത്തുന്ന വിഷ്ണുവും സുഹൃത്തുക്കളും ക്രിക്കറ്റ് ടീമിലെ അംഗങ്ങളാണ്. അപകടത്തിൽപെട്ട
വാഹനത്തിൽ മത്സരത്തിന് പോയപ്പോൾ വച്ച തിരിച്ചറിയൽ രേഖകളാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
അപകടം നടക്കുമ്പോൾ ഇവയുടെ ഉടമകൾ വേറെ സ്ഥലങ്ങളിലായിരുന്നെന്ന് മൊബൈൽ ടവർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചതിൽനിന്നു കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. അപകടത്തിന് തലേദിവസം വിഷ്ണുവും 3 സുഹൃത്തുക്കളും പേയാട് ഉണ്ടായിരുന്നു.
നാലിന് രാവിലെ സുഹൃത്തുക്കൾ പിരിഞ്ഞശേഷം ചടയമംഗലം ഭാഗത്തേക്കു പോകുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

