തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ഷിജിലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സംഭവദിവസം കുഞ്ഞിന്റെ കരച്ചിൽ മൂലം ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ ആക്രമിക്കുകയായിരുന്നുവെന്ന് ഷിജിൽ പൊലീസിനോടു സമ്മതിച്ചു.
കവളാകുളം ഐക്കരവിളാകത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിനെ (44) നെയ്യാറ്റിൻകര സബ്ജയിലിലേക്കു മാറ്റി.
വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ പ്രതിയെ പ്രാഥമികഘട്ട തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
വിശദ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി 2 ദിവസത്തിനകം പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
ഷിജിൽ – കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഹാൻ (അപ്പു) 16ന് ആണു മരിച്ചത്. മടിയിൽ ഇരുത്തി കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ ഷിജിൽ ക്ഷതമേൽപിച്ചതിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്ന് ഫൊറൻസിക് സർജൻ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
കുഞ്ഞ് തന്റേതല്ലെന്ന സംശയവുമുണ്ടായിരുന്ന ഷിജിൽ കുഞ്ഞിനെ കാണാൻ പോലും കൂട്ടാക്കിയിരുന്നില്ല.
കൃഷ്ണപ്രിയയുമായും പതിവായി വഴക്കിട്ടിരുന്നു. അമ്മയ്ക്കൊപ്പം അവരുടെ വീട്ടിലാണ് കുഞ്ഞ് കൂടുതൽ ദിവസവും കഴിഞ്ഞത്.
ഏതാനും നാൾ മുൻപാണ് ഇവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്. ബിസ്കറ്റും മുന്തിരിയും കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞുവീണെന്നു പറഞ്ഞാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
കുഞ്ഞിനെ ഷിജിൽ മുൻപും ഉപദ്രവിച്ചിരുന്നതായി സംശയം: കൃഷ്ണപ്രിയ ‘മകന്റെ ജീവൻ നഷ്ടമാകുന്ന തരത്തിൽ വൈരാഗ്യമുണ്ടാകുമെന്ന് ഒരിക്കൽ പോലും കരുതിയില്ല’
മലയിൻകീഴ് ∙ ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിതാവ് ഷിജിലിനെതിരെ ആരോപണവുമായി ഭാര്യ കൃഷ്ണപ്രിയയും ബന്ധുക്കളും.
മകനോട് ഷിജിൽ സ്നേഹത്തോടെ പെരുമാറിയിട്ടില്ലെന്നും പലപ്പോഴും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി ഇപ്പോൾ സംശയിക്കുന്നുവെന്നും കൃഷ്ണപ്രിയ പറഞ്ഞു.
മാറനല്ലൂർ പഞ്ചായത്തിലെ കുഴിവിളയിലെ സ്വന്തം വീട്ടിലായിരുന്ന കൃഷ്ണപ്രിയയും കുഞ്ഞും താമസിച്ചിരുന്നത്. പിണക്കം മറന്ന് ഡിസംബർ ഒന്നിനാണ് ഷിജിലിനൊപ്പം കവളാകുളത്തെ വാടക വീട്ടിലേക്കു മാറിയത്.
എന്നാൽ തന്നെയും കുഞ്ഞിനെയും ഏറെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലാണ് ഷിജിലും മാതാപിതാക്കളും പെരുമാറിയതെന്ന് കൃഷ്ണപ്രിയ പറഞ്ഞു.
പലപ്പോഴും തന്റെ കയ്യിൽ നിന്ന് ഷിജിൽ കുഞ്ഞിനെ എടുത്തുകൊണ്ടു പോയിരുന്നു. ആ സമയങ്ങളിൽ കുഞ്ഞ് ഉച്ചത്തിൽ കരയും.
ഇതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ദുരൂഹത തോന്നുന്നു. ഒരു ദിവസം രാത്രി കുഞ്ഞിന്റെ കയ്യിൽ ഷിജിൽ കിടന്നപ്പോൾ താൻ തള്ളിമാറ്റി.
പിറ്റേന്നു കുഞ്ഞിന്റെ വലതു കയ്യിൽ നീര് വരികയും ആശുപത്രിയിലെ പരിശോധനയിൽ പൊട്ടൽ ആണെന്നു കണ്ടെത്തുകയും ചെയ്തു.
കുഞ്ഞിന്റെ മുഖത്ത് പലപ്പോഴും പുതപ്പ് ഇടുമായിരുന്നു. കുഞ്ഞ് കരയുന്നതു കാരണം ഉറക്കം കിട്ടുന്നില്ലെന്നു കുറ്റപ്പെടുത്തുമായിരുന്നു.
പലപ്പോഴും കുട്ടിയോട് മോശമായാണു സംസാരിച്ചിരുന്നത്. കൈകാലുകൾ പിടിച്ചു തിരിക്കും.
തന്നോട്ടുള്ള ദേഷ്യമാണു കുഞ്ഞിനോട് കാണിച്ചിരുന്നത് എന്നാണ് വിചാരിച്ചത്.
പക്ഷേ, മകന്റെ ജീവൻ നഷ്ടമാകുന്ന തരത്തിൽ വൈരാഗ്യം എത്തിച്ചേരുമെന്ന് ഒരിക്കൽ പോലും കരുതിയില്ല. മരണകാരണമാകും വിധം ഉപദ്രവിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും കൃഷ്ണപ്രിയ പറഞ്ഞു.
സ്ത്രീധനം കുറവ്, സൗന്ദര്യമില്ല എന്നിങ്ങനെ കുറ്റങ്ങൾ പറഞ്ഞും പണം ആവശ്യപ്പെട്ടും പലപ്പോഴായി ഷിജിൽ കൃഷ്ണപ്രിയയോടും കുടുംബത്തോടും വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ജീവിച്ചു തുടങ്ങും മുൻപേ മടക്കം
മലയിൻകീഴ് ∙ അന്തിയൂർക്കോണം കുഴിവിളയിലെ പൂർത്തിയാകാത്ത വീടിനോടു ചേർന്ന് മരങ്ങൾക്കു നടുവിലായി ഒരു കുഞ്ഞ് ശവക്കല്ലറ. അതിൽ പൂശിയ സിമന്റ് ഉണങ്ങി തുടങ്ങുന്നതേയുള്ളൂ.
പുറത്തെ കറുത്ത മാർബിളിൽ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു – ‘ഇഹാൻ ജനനം 08–11–2024 മരണം 16–01–2026’. ജനിച്ച് ലോകം എന്തെന്നു തിരിച്ചറിയുന്നതിനു മുന്നേ മരണത്തിലേക്കു വീണ ഇഹാൻ ഇന്ന് ഏവരുടെയും കണ്ണീരാണ്.
കരച്ചിലിന്റെയും വേദനയുടെയും ലോകത്തു നിന്ന് ഇഹാൻ മടങ്ങിയിട്ട് ഇന്ന് 11 ദിവസം പിന്നിടുന്നു.
ഇഹാന്റെ അമ്മ കൃഷ്ണപ്രിയയുടെ വീടാണ് കുഴിവിളയിലുള്ളത്. ഒരു വയസ്സ് തികയുന്നതു വരെ ഇഹാൻ ഈ വീട്ടിലായിരുന്നു.
ഒടുവിൽ അന്ത്യവിശ്രമവും ഇവിടെ തന്നെ ഒരുങ്ങി.
ഷിജിലിനെതിരെ കൂടുതൽ അന്വേഷണം
തിരുവനന്തപുരം∙ ഇഹാന്റെ മരണത്തിൽ പിതാവ് ഷിജിലിനെതിരെ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ഷിജിൽ കുഞ്ഞിനെ അപായപ്പെടുത്താൻ മുൻപും ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തി.
ഏതാനും നാൾ മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരുന്നു. വീണതു മൂലം ഒടിഞ്ഞതാണെന്നായിരുന്നു ഷിജിൽ പറഞ്ഞതെങ്കിലും ഇതിൽ ഇയാളുടെ പങ്ക് പൊലീസ് വിശദമായി പരിശോധിക്കും.
കുഞ്ഞിനു മുൻപ് അസുഖം വന്നപ്പോഴെല്ലാം ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിജിൽ വിമുഖത കാട്ടിയിരുന്നു.
കുഞ്ഞിനെ താൻ പലതവണ ഉപദ്രവിച്ചെന്നും ഷിജിൽ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഇതിൽ കൂടുതൽ വ്യക്തത വരും.
ഭാര്യ കൃഷ്ണപ്രിയ ഗർഭിണിയായതു മുതലാണ് ഷിജിലിന്റെ സ്വഭാവത്തിൽ മാറ്റംതുടങ്ങിയത്.
സംശയരോഗമാണ് പ്രധാന കാരണമെന്നാണ് നിഗമനം. കൃഷ്ണപ്രിയയെ മർദിച്ചെന്നു കാട്ടി പൂവാർ പൊലീസ് സ്റ്റേഷനിൽ ഷിജിലെതിരെ ഭാര്യയുടെ ബന്ധുക്കൾ മുൻപ് പരാതി നൽകിയിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സ് ജോലിക്ക് പോകുന്ന ഷിജിലിന് സാമ്പത്തിക ബാധ്യതയുണ്ട്.
സ്വന്തം വീട് വിറ്റാണ് വാടകവീട്ടിലേക്കു താമസം മാറിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

