തിരുവനന്തപുരം ∙ ചിറയിൻകീഴും പെരുങ്കടവിളയും ഒഴികെ ജില്ലയിലെ 9 ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഏകദേശ ധാരണ. ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്.
യുഡിഎഫിന് സംവരണ വിഭാഗത്തിൽ നിന്ന് പ്രതിനിധി ഇല്ലാത്തതിനാൽ അവർക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായി. 14 അംഗ ഭരണസമിതിയിൽ കോൺഗ്രസിനു ഏഴും സിപിഎമ്മിനു നാലും ബിജെപിക്കു മൂന്നും അംഗങ്ങളാണുള്ളത്.
ഇതിൽ എസ്സി സംവരണ വാർഡുകളായ അയിലം ഡിവിഷനിൽ നിന്നു വിജയിച്ച പി.ബിന്ദു, ബിജെപി പ്രതിനിധിയും വക്കം ഡിവിഷനിൽ നിന്നു വിജയിയായ ഗീത സുരേഷ് സിപിഎം പ്രതിനിധിയുമാണ്.
ഇവരിൽ ആരെങ്കിലുമാവും പ്രസിഡന്റാവുക. പ്രതിനിധി ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കാനുള്ള നീക്കത്തിലാണു കോൺഗ്രസ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗീതാ സുരേഷിനെ മൽസരിപ്പിക്കാനാണു സിപിഎം ശ്രമിക്കുന്നത്. ബിജെപി പി.ബിന്ദുവിനെയും രംഗത്തിറക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു യുഡിഎഫിലെ ബി.എസ്.അനൂപ്, ജൂഡ് ജോർജ്, അൻസർ പെരുംകുളം എന്നിവരുടെ പേരുകളും പരിഗണിക്കുന്നു.
∙പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്ക് ലഭിക്കുമോയെന്നു വ്യക്തമല്ല. ജില്ലാ തലത്തിൽ എൽഡിഎഫ് യോഗം ചേർന്നാകും ഇക്കാര്യം തീരുമാനിക്കുക.
കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം സിപിഐയും സിപിഎമ്മും രണ്ടരവർഷം വീതം പങ്കിട്ടിരുന്നു.
∙ കോൺഗ്രസിനു നാലിൽ മൂന്ന് ഭൂരിപക്ഷം ലഭിച്ച പാറശാല ബ്ലോക്ക് പഞ്ചായത്തിൽ എസ്.ഉഷാകുമാരി പ്രസിഡന്റും വി.അരുൺ വൈസ് പ്രസിഡന്റും ആകും. അധ്യക്ഷസ്ഥാനം ഇക്കുറി വനിതാ സംവരണമാണ്.
ആകെയുളള 15 ൽ 12 സീറ്റ് ഒറ്റയ്ക്ക് നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. എസ്.ഉഷാകുമാരി ചെങ്കൽ ബ്ലോക്ക് ഡിവിഷനിൽ നിന്നും, വി.അരുൺ പാറശാല ടൗൺ ഡിവിഷനിൽ നിന്നുമാണ് വിജയിച്ചത്.
∙ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ തൊളിക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച ചെറുവക്കോണം സത്യൻ പ്രസിഡന്റാകും.
ഇക്കുറി പ്രസിഡന്റ് പദവി എസ്സി പുരുഷ സംവരണമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചർച്ചകൾ നടക്കുന്നു.
കെപിസിസി നിയോഗിച്ച നേതൃസമിതി തീരുമാന പ്രകാരമായിരിക്കും വൈസ് പ്രസിഡന്റിനെ നിശ്ചയിക്കുക. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും.
∙ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയെ ഇന്നു നടക്കുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും.
ആകെ 16 ഡിവിഷനുകളിൽ എൽഡിഎഫ്–7,യുഡിഎഫ്–9 എന്നിങ്ങനെയാണ് കക്ഷിനില. പെരിങ്ങമ്മല ഡിവിഷനിൽ നിന്നും വിജയിച്ച ഡി.രഘുനാഥൻ നായരെ സ്ഥാനാർഥിയാക്കാനാണ് യുഡിഎഫ് നീക്കം.
∙ വർക്കല ബ്ലോക്കിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് പരിഗണിക്കുന്നത് എസ്.സന്തോഷ് കുമാറിനെയാണ്.
മുട്ടപ്പലം ഡിവിഷനിൽ നിന്നുള്ള സന്തോഷ് കുമാർ നിലവിൽ സിപിഎം വർക്കല ഏരിയ അംഗമാണ്. അയിരൂർ ഡിവിഷനിൽ നിന്നു വിജയിച്ച വി.സെൻസിയാണ് വൈസ് പ്രസിഡന്റാവുക.
∙ നേമം ബ്ലോക്ക് പഞ്ചായത്തിൽ ഘടകകക്ഷികളുടെ ആവശ്യം തള്ളി പ്രസിഡന്റ് സ്ഥാനം സിപിഎം ഏറ്റെടുക്കും.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വൈസ്പ്രസിഡന്റ് സ്ഥാനം വനിത സംവരണം ആയതിനാൽ ആ സ്ഥാനത്തേക്കു ഘടകകക്ഷികൾക്ക് ആളില്ല.
അതിനാൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎമ്മിനാകും. പുളിയറക്കോണം ഡിവിഷനിലെ പി.ഷൺമുഖനെ പ്രസിഡന്റായും കല്ലിയൂർ ഡിവിഷനിലെ എ.മിനിയെ വൈസ് പ്രസിഡന്റായും സിപിഎം പരിഗണിക്കുന്നു.
18 ഡിവിഷൻ ഉള്ള ബ്ലോക്കിൽ എൽഡിഎഫ് –9 ( സിപിഎം –6, സിപിഐ–1, കേരള കോൺ (എം) –1, ആർജെഡി–1), ബിജെപി –5, കോൺഗ്രസ് –4 എന്നിങ്ങനെയാണ് കക്ഷി നില. ഘടകക്ഷിയിലെ ആർജെഡി ജില്ലാ പ്രസിഡന്റായ മലയിൻകീഴ് ഡിവിഷനിലെ എസ്.ചന്ദ്രൻ നായർ, പൂങ്കോട് ഡിവിഷനിലെ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സി.ആർ.സുനു എന്നിവർ പ്രസിഡന്റ് പദവി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ വിട്ടുകൊടുക്കാൻ സിപിഎം തയാറല്ല. അതേസമയം, പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിൽ ആർജെഡി കടുത്ത പ്രതിഷേധം ഉയർത്തിയേക്കും.
ഭൂരിപക്ഷം ഇല്ലെങ്കിലും പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കു യുഡിഎഫും എൻഡിഎയും മത്സരിക്കുമെന്നാണ് സൂചന.
∙ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റായി ആർ.വൈജുവിനെ എൽഡിഎഫ് തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ തവണത്തെ പോലെ സിപിഐക്ക് നൽകിയാൽ ചെറിയകൊണ്ണി ഡിവിഷനിൽ നിന്ന് വിജയിച്ച രേണുകാ രവി ആയിരിക്കും വൈസ് പ്രസിഡന്റ് ആകാൻ സാധ്യത.
സിപിഐയിൽ നിന്ന് വിജയിച്ച ഏക വനിതയാണ് രേണുക.
∙ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കു പുതുക്കുറിച്ചി ഡിവിഷനിൽ നിന്നും ജയിച്ച കോൺഗ്രസിലെ ജോളി പത്രോസിന് സാധ്യത. മേനംകുളം ഡിവിഷനിലെ പുഷ്പാവിജയന്റെ പേരും പ്രാദേശിക നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
അന്തിമ തീരുമാനം ഇന്നോ നാളെയോ അറിയാം. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ 7ൽ ആറു പേരും ജോളി പത്രോസിനെ ആണ് പിന്തുണച്ചത്.
കോൺഗ്രസിലെ ഭുവനചന്ദ്രൻ നായർ വൈസ് പ്രസിഡന്റാകും.
∙ അതിയന്നൂർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പയറ്റുവിള ഡിവിഷനിൽ നിന്ന് വിജയിച്ച ആർ.ഗീതകുമാരിക്കു നൽകാനാണു സാധ്യത. എൻ.എൽ.നിഖിലയെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യവും ഉയരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എസ്.രാജന്റെയും പി.ഫ്രാൻസിസിന്റെയും പേരുകളാണ് പരിഗണിക്കുന്നത്. നിഖില കാഞ്ഞിരകുളം ഡിവിഷനിൽ നിന്നാണു വിജയിച്ചത്.
പ്രസിഡന്റ്, കോൺഗ്രസ് കോവളം ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിൽ നിന്നാണെങ്കിൽ വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി പരിധിയിൽ നിന്നാകണമെന്നാണ് ധാരണ. വൈകാതെ അന്തിമ തീരുമാനമുണ്ടാകും.
∙ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ ഇന്നു ഉച്ചയ്ക്ക് 3 ന് ചേരുന്ന സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി തീരുമാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

