
തൊട്ടുരുമ്മി വൈദ്യുതി ലൈനും മരക്കൊമ്പും
പാലോട് നന്ദിയോട് ജംക്ഷന് സമീപം നെടുമങ്ങാട് റോഡിൽ 11 കെവി വൈദ്യുതി ലൈനും സമീപത്തു നിൽക്കുന്ന മരത്തിന്റെ കൊമ്പുമായി ചെറിയ ഒരു അകലം മാത്രം. കാറ്റിൽ മരം ഒടിഞ്ഞാൽ ലൈനിനു മീതെ വീഴും. സമീപത്ത് ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡുമുണ്ട്.
ഇവിടെ നിന്ന് വിളിപ്പാടകലെയാണ് കെഎസ്ഇബി സെഷൻ ഓഫിസ്.
സ്കൂളിനു മുന്നിൽ ഉണങ്ങിയ മരം: സമീപം വൈദ്യുത ലൈനുകൾ
മലയിൻകീഴ് ആനപ്പാറയിൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശന കവാടത്തിനു മുന്നിൽ റോഡരികിൽ ഉണങ്ങി നിൽക്കുന്ന മരം ഭീഷണിയാകുന്നു. ഇതു ഒടിഞ്ഞു വീണാൽ താഴെയുള്ള വൈദ്യുത ലൈനുകളിലേക്കു പതിക്കും.
അഞ്ചോളം വൈദ്യുത പോസ്റ്റുകളും തകരും. കാറ്റത്ത് ചില്ലകൾ ഒടിഞ്ഞു വീഴാറുണ്ടെന്നും കുട്ടികൾ പറഞ്ഞു. സ്കൂളിനു പുറമേ മാധവ കവി സ്മാരക ഗവ.കോളജ്, ഐടിഐ, യുഐടി, ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, 2 എൽപി സ്കൂളുകൾ എന്നിവയും ഇതിനു സമീപത്തുണ്ട്.
ഒട്ടേറെ വിദ്യാർഥികൾ കടന്നു പോകുന്ന വഴിയിലാണ് മരം അപകടാവസ്ഥയിൽ നിൽക്കുന്നത്. ശക്തമായ മഴയും കാറ്റും തുടരുമ്പോഴും മരം മുറിചു മാറ്റാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
മരം ചായുന്നത് വൈദ്യുതി പോസ്റ്റിലേക്കും ലൈനിലേക്കും
പണി പൂർത്തിയായി വരുന്ന റജിസ്ട്രേഷൻ വകുപ്പിന്റെ നേമത്തെ ബഹുനില മന്ദിരത്തിന് മുന്നിൽ ഇലകൾ കൊഴിഞ്ഞ് ഉണങ്ങി അപകടാവസ്ഥയിൽ നിൽക്കുന്ന മരം ഇലക്ട്രിക് പോസ്റ്റിലേക്കും ഇലക്ട്രിക് ലൈനിലേക്കും ചാഞ്ഞു നിൽക്കുന്നത് അപകട
ഭീഷണി ഉയർത്തുന്നു. ഇത് മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. വനം വകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ മരം മുറിക്കാൻ കഴിയൂവെന്നാണ് അധികൃതരുടെ നിലപാട്.
ഇതിന് സമീപമാണ് നേമത്തെ 4 പ്രധാന സ്കൂളുകൾ പ്രവർത്തിക്കുന്നത്. കരമന–കളിയിക്കാവിള പാതയോട് ചേർന്നാണ് ഈ അപകട
മരവും ഇലക്ട്രിക് കമ്പികളും. കഴിഞ്ഞ ദിവസം ഈ മരത്തിന്റെ കൊമ്പൊടിഞ്ഞ് സമീപത്തെ ഇടവഴിയിൽ വീണിരുന്നു.
ഏത് സമയവും നിലംപൊത്താവുന്ന നിലയിൽ നിൽക്കുന്ന മരം ഇലക്ട്രിക് ലൈനുകൾക്ക് ഭീഷണിയായതോടെയാണ് നാട്ടുകാർ രംഗത്തെത്തിയത്. പൊന്മുടി സംസ്ഥാന ഹൈവേയിലെ പേരയത്തുപാറയ്ക്കു സമീപവും വെള്ളനാട്– ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡിലെ ചാരുപാറയിലും വൈദ്യുതി ലൈനിനു മുകളിലൂടെയും മരക്കൊമ്പുകൾ ചാഞ്ഞ് നിൽക്കുന്നുണ്ട്.
തെങ്ങിൽ തൊട്ട് വൈദ്യുതി ലൈൻ
മുട്ടയ്ക്കാട് എൽപി സ്കൂൾ റോഡിൽ വൈദ്യുതി ലൈൻ തെങ്ങിൽ സ്പർശിച്ച നിലയിൽ.
സ്കൂളിനടുത്തുള്ള കനാലിനു സമീപമുള്ള റോഡരികിലെ തെങ്ങിലാണ് ലൈൻ തൊട്ടു കിടക്കുന്നത്. കാറ്റടിക്കുമ്പോൾ ലൈൻ ഉരസുന്നതായും നാട്ടുകാർ പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾ നടന്നു പോകുന്ന വഴിയിലെ ഈ അപകടാവസ്ഥ കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കോവളം ജംക്ഷനിൽ എൽപിജി ഏജൻസിക്കും ഓട്ടോ സ്റ്റാൻഡിനും സമീപത്തെ വൈദ്യുതിത്തൂണിലൂടെ 11 കെവി ലൈനിലേക്ക് വള്ളി പടർന്നു കയറിയ നിലയിലാണ്.
പാലത്തിലെ കൈവരിയുടെ അരികിൽ ഹൈ–വോൾട്ടേജ് ലൈൻ
വർക്കല നടയറ പാലത്തിന് അരികിലായി ഹൈ വോൾട്ടേജ് കമ്പികൾ അപകട
ഭീഷണി ഉയർത്തുന്ന നിലയിൽ വർഷങ്ങളായി തുടരുന്നു. കൈവരി ഭാഗത്തു നിന്നു കയ്യെത്തുന്ന അകലത്തിലാണ് വൈദ്യുതി കമ്പികൾ കടന്നുപോകുന്നത്.
പരിസരത്ത് സ്കൂളും ആരാധനാലയങ്ങളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ തിരക്കേറിയ ഭാഗമാണിത്. സ്കൂളിലെത്തുന്ന വിദ്യാർഥികൾ ഏറെയും പാലം വഴിയാണ് നടന്നുവരുന്നത്.
പാലത്തിന്റ അടിഭാഗത്ത് ചേർന്നു നിൽക്കുന്ന വൈദ്യുതി തൂണിലെ കമ്പികളാണ് കൈവരിയോടു ചേർന്നു തുടരുന്നത്. നടയറ ടിഎസ് കനാലിനു മുകളിലൂടെയാണ് പാലം കടന്നുപോകുന്നത്.
അപകടാവസ്ഥ കണക്കിലെടുത്ത് വൈദ്യുതി തൂണുകൾ നിശ്ചിത ദൂരത്തേക്കു മാറ്റി സ്ഥാപിക്കുകയോ അല്ലെങ്കിൽ കമ്പികൾക്കും കൈവരിക്കും ഇടയിൽ എന്തെങ്കിലും മറ ഒരുക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.
ലൈനുകൾ ഉയർത്തിക്കെട്ടിയത് നാട്ടുകാർ
വെഞ്ഞാറമൂട് മേഖലയിലെ ഇട റോഡുകളിൽ കൂടി വലിച്ചിരിക്കുന്ന വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ വീണ് താഴ്ന്ന നിലയിലാണ്.
പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ ചെമ്പൻകോട് ഭാഗത്ത് വനമേഖലയിൽ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ താഴ്ന്നു കിടക്കുന്നുണ്ട്. വാമനപുരം പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലും ലൈനുകൾ താഴ്ന്ന നിലയിൽ ഉണ്ട്.
കഴിഞ്ഞ ദിവസം ഊന്നംപാറയ്ക്ക് സമീപം താഴ്ന്ന ലൈനുകൾ നാട്ടുകാർ ഉയർത്തിക്കെട്ടിയതിനു ശേഷം അധികൃതരെ വിവരം അറിയിച്ചിരുന്നു.
സ്കൂളിനു സമീപം താഴ്ന്ന നിലയിൽ ലൈൻ
വെങ്ങാനൂർ മുടിപ്പുരനട ഗവ.
എൽപിഎസിനു സമീപത്തു കൂടി താഴ്ന്ന നിലയിൽ കടന്നു പോകുന്ന വൈദ്യുത ലൈൻ സംബന്ധിച്ച ആശങ്കയ്ക്കു പരിഹാരമില്ല. സ്കൂളിന്റെ ഇരു നില മന്ദിരത്തിനു സമീപത്തു കൂടിയാണ് ലൈൻ ചാഞ്ഞു കിടക്കുന്നത്. ബന്ധപ്പെട്ടവർക്കു പരാതി നൽകിയിട്ടും നടപടിയില്ല.
രണ്ടാം നിലയിൽ ക്ലാസ് മുറി ജനാലകളുടെ അടുത്തു കൂടിയാണ് ലൈനുകൾ കടന്നു പോകുന്നത്. ഈ ഭാഗത്തെ ഇടവഴിയുടെ തൊട്ടു മുകളിലായാണ് ലൈൻ.
ലൈനുകൾക്കു മുകളിൽ ഓലകളും ശിഖരങ്ങളും വീണു കിടക്കുന്നത് പതിവാണ്. ലൈൻ വഴിയിലേക്കു കൂടുതൽ ചായുന്നതും അപകട
സാഹചര്യം ഉണ്ടാക്കുന്നു. വെങ്ങാനൂർ ജംക്ഷനിലെ സ്കൂൾ മതിലിനു പുറത്ത് റോഡരികിലെ തണൽ മരത്തിന്റെ ശിഖരങ്ങളുടെ ഇടയിലൂടെ കടന്നു പോകുന്ന വൈദ്യുത ലൈനും ആശങ്ക ഉയർത്തുന്നു.
വിഷയം പരിശോധിക്കും, നടപടിയെടുക്കും: കെഎസ്ഇബി
ലൈനുകൾ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകൾ അപകടഭീഷണി ഉയർത്തുന്നതു സംബന്ധിച്ച പരാതികൾ പരിശോധിച്ച് നടപടിയെടുക്കും.
മഴക്കാലം തുടങ്ങുന്നതിനു മുൻപ് മരച്ചില്ലകളും മറ്റും വെട്ടി മാറ്റിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]