
ഭൂമിക്കടിയിൽ മഴവെള്ള സംഭരണി, മുകളിൽ കറങ്ങുന്ന അരിവാൾ ചുറ്റിക; പുതിയ എകെജി സെന്ററിൽ 20 കിലോവാട്ട് ശേഷിയുള്ള സോളർ പാനലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ അത്യന്തം ഹീനമായ മാർഗമാണു വലതുപക്ഷ മാധ്യമങ്ങളടക്കം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സംസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരമായ പാളയത്തെ എകെജി സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘നടക്കില്ലെന്നു കരുതിയ ഒരുപാട് കാര്യങ്ങൾ 2016നു ശേഷം ഇവിടെ നടന്നു.
ദേശീയപാതയിലൂടെ ഇപ്പോൾ സഞ്ചരിച്ചാൽ മനസ്സിനു വല്ലാത്ത കുളിമർമയല്ലേ. റോഡുകളെല്ലാം അതിമനോഹരമായി. തകർന്ന വിദ്യാഭ്യാസ–ആരോഗ്യ മേഖല പുനരുജ്ജീവിപ്പിച്ചു. പ്രളയകാലത്തും കോവിഡ്കാലത്തും കേരളം നടത്തിയ അതിജീവനം ലോകത്തെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആ മുന്നേറ്റത്തിന്റെ തുടർച്ചയ്ക്കുവേണ്ട പ്രവർത്തനങ്ങളുടെ കേന്ദ്രമായിക്കൂടി പുതിയ ഓഫിസ് മാറണം. സൗകര്യപ്രദമായ ഒരു ദിവസമെന്നതു മാത്രം നോക്കിയാണ് ഉദ്ഘാടനദിനം തീരുമാനിച്ചത്. എന്നാൽ അത് പഞ്ചാംഗം നോക്കി ഏതോ വിശേഷദിവസം തീരുമാനിച്ചതാണെന്നു ഗവേഷണം നടത്തി കണ്ടുപിടിച്ചവർക്കു നല്ല നമസ്കാരം.’– മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.ബേബി, പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, എ.കെ.ബാലൻ എന്നിവർ പ്രസംഗിച്ചു. പാർട്ടി നേതാക്കൾ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ എന്നിവർ സംബന്ധിച്ചു. നാടമുറിച്ചും ശിലാഫലകം അനാഛാദനം ചെയ്തുമായിരുന്നു മുഖ്യമന്ത്രി ഓഫിസ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന നേതാവ് എസ്.രാമചന്ദ്രൻ പിള്ള പതാക ഉയർത്തി.
ഭൂമിക്കടിയിൽ മഴവെള്ള സംഭരണി;മുകളിൽ കറങ്ങുന്ന അരിവാൾ ചുറ്റിക
∙ പ്രകൃതിസൗഹൃദ രീതിയിൽ നിർമിച്ച പുതിയ എകെജി സെന്ററിൽ 20 കിലോവാട്ട് ശേഷിയുള്ള സോളർ പാനലും ഭൂമിക്കടിയിൽ മഴവെള്ള സംഭരണിയും. മണ്ണിലുള്ള പ്രകൃതിദത്ത ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രകൃതിദത്ത കാർപ്പറ്റുകൾക്കൊപ്പം കർട്ടനുകളെല്ലാം കൈത്തറി തുണിയിലാണ്. ഫർണിച്ചറുകൾ പൊതുമേഖലാ സ്ഥാപനമായ റബ്കോയുടേത്. ലിഫ്റ്റ് അടക്കം ഭിന്നശേഷി സൗഹൃദപരം. സമീപത്തുള്ള കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായാൽപോലും കെടുത്താൻ ഇവിടെ നിന്നു വെള്ളം എത്തിക്കാനാവുന്ന വിധമുള്ള അഗ്നിസുരക്ഷാ സംവിധാനവുമുണ്ട്.
202 പൈലുകൾ താഴ്ത്തിയാണ് പാർക്കിങ് അടക്കം 11 നിലകളുള്ള കെട്ടിടം നിർമിച്ചത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ സവിശേഷതകളെല്ലാം പാർട്ടി പത്രത്തിലടക്കം വിശദമാക്കിയിരുന്നു. കെട്ടിടത്തിന് ഏറ്റവും മുകളിൽ, കറങ്ങുന്നരീതിയിൽ പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക സ്ഥാപിച്ചിട്ടുണ്ട്. ഓഫിസിനു മുന്നിൽ എകെജിയുടെ അർധകായ പ്രതിമയും സ്ഥാപിച്ചെങ്കിലും അനാഛാദനം ഉണ്ടായില്ല. ഉദ്ഘാടനച്ചടങ്ങിൽ എകെജിയെ കാര്യമായി അനുസ്മരിച്ചതും ജനറൽ സെക്രട്ടറി എം.എ.ബേബി മാത്രം. അതേസമയം, ഓഫിസിനായി സ്ഥലം കണ്ടെത്തിയതടക്കമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രിയടക്കമുള്ളവർ അനുസ്മരിച്ചു.