തിരുവനന്തപുരം∙ ‘ കല്ലു തോൽക്കും മനസ്സുമായ്, ആർദ്രതയില്ലാ കണ്ണുമായ്, അധികാരത്തിൽ കയറിയിരിക്കും മുഖ്യമന്ത്രീ…’ ഉച്ചത്തിൽ ആശാ വർക്കർമാർ വിളിച്ച മുദ്രാവാക്യത്തിൽ, 8 മാസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിലെ സങ്കടവും നിരാശയും നിഴലിച്ചു. കനത്ത മഴയെയും ഉച്ച വെയിലിനെയും വകവയ്ക്കാതെയാണ് ആറു മണിക്കൂർ ദേവസ്വം ബോർഡ് ജംക്ഷൻ– ക്ലിഫ് ഹൗസ് റോഡ് അവർ ഉപരോധിച്ചത്.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാർ പങ്കെടുത്തു.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരം സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ക്ലിഫ് ഹൗസ് മാർച്ച്.
പിഎംജി ജംക്ഷനിൽ മാർച്ചിന്റെ ഉദ്ഘാടനം നടത്തിയതിനാൽ ക്ലിഫ് ഹൗസിനു മുൻപിലെ സമരം വേഗത്തിൽ അവസാനിപ്പിക്കുമെന്നായിരുന്നു പൊലീസ് കണക്കുകൂട്ടൽ. രാഷ്ട്രപതി തലസ്ഥാനത്തുള്ളതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
വന്നയുടൻ, ഏതാനും ആശാ വർക്കർമാർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി.
രണ്ടു മണിക്കൂറോളം അവർ അവിടെ നിലയുറപ്പിച്ചു. ജലപീരങ്കി പ്രയോഗിച്ചെങ്കിലും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.
ഉച്ചയ്ക്കു കനത്ത മഴ പെയ്തെങ്കിലും പിന്മാറിയില്ല. ഇതോടെ പൊലീസിന് ആശയക്കുഴപ്പമായി. കൂടുതൽ വനിതാ പൊലീസിനെ എത്തിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഏതാനും പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അപ്പുറം ചാടി.
പിടിച്ചെടുത്ത മൈക്ക് സെറ്റും സ്പീക്കറും കൊണ്ടു പോകാനുള്ള പൊലീസ് ശ്രമം ജീപ്പിനു മുൻപിൽ കിടന്ന് ആശമാർ തടഞ്ഞു.
ഉന്തും തള്ളും അറസ്റ്റും നടന്നെങ്കിലും രാഷ്ട്രപതി തലസ്ഥാനത്തുള്ളതിനാൽ എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന നിലപാടിൽ പൊലീസ് അനുനയത്തിന്റെ വഴി സ്വീകരിച്ചു.
മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന പൊലീസിന്റെ ഉറപ്പിൽ സമരക്കാർ പിന്മാറുകയായിരുന്നു. ക്ലിഫ് ഹൗസ് വളപ്പിലേക്കുള്ള വഴിയിൽ ബാരിക്കേഡ് കെട്ടിയിരുന്നതിനാൽ തൊട്ടടുത്ത താമസക്കാർക്കു പോലും അപ്പുറത്തേക്ക് കടക്കാനായില്ല.
പലരും നന്തൻകോട് ജംക്ഷൻ വഴിയാണ് വീടുകളിലേക്കു പോയത്.
പൊലീസ് നടപടിക്കെതിരെ സതീശൻ
തിരുവനന്തപുരം∙ ആശാ പ്രവർത്തകരുടെ മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആശമാരെ സർക്കാർ ശത്രുക്കളെപ്പോലെയാണു കാണുന്നത്.
സമരനേതാക്കളെയും അനുഭാവം പ്രകടിപ്പിച്ച് എത്തിയ യുഡിഎഫ് സെക്രട്ടറി സി.പി.ജോണിനെയും അറസ്റ്റ് ചെയ്തതു നീതീകരിക്കാനാകില്ല. ന്യായമായ ആവശ്യത്തിനാണു സമരം.
പിടിവാശി വെടിഞ്ഞു ചർച്ച നടത്താൻ മുഖ്യമന്ത്രിയും സർക്കാരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

