തിരുവനന്തപുരം ∙ ‘107–ാം നമ്പർ മുറിയിൽ ഒരു സ്ത്രീ മരിച്ചു’– തമ്പാനൂരിലെ ഹോട്ടലിൽ എത്തിയ ഈ ഫോൺ സന്ദേശമാണ് നഗരത്തെ നടുക്കിയ കൊലപാതക വിവരം പുറംലോകത്തെ അറിയിച്ചത്. 2022 മാർച്ച് 5 നാണ് സംഭവം.
ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം മുറി പൂട്ടി പുറത്തിറങ്ങിയ പ്രവീൺ നഗരത്തിലുള്ള ചില സുഹൃത്തുക്കളെ കണ്ടു. ഇതിനു ശേഷം കൊല്ലത്തേക്കു പോയി.
ഇതിനിടെയാണ് ഇയാൾ ഹോട്ടലിലേക്കു വിളിച്ച് യുവതി മരിച്ച വിവരം പറഞ്ഞത്. കാര്യം പറഞ്ഞയുടൻ പ്രവീൺ കോൾ കട്ടാക്കി.
ഈ വിവരം ഹോട്ടലധികൃതർ തമ്പാനൂർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി മുറി കുത്തിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതോടെ പ്രവീണിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ഇയാൾ കൊല്ലത്തെത്തി അഭിഭാഷകനെ കണ്ടു.
പരവൂരിൽ പ്രവീൺ എത്തിയെന്ന വിവരം തമ്പാനൂരിലെ ഷാഡോ പൊലീസിനു ലഭിച്ചു. തുടർന്ന് പരവൂർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സർട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ഗായത്രി, രാത്രി 10 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.
കാട്ടാക്കട സ്റ്റേഷനിൽ നിന്നു ജില്ലയിലെ സ്റ്റേഷനുകളിലേക്ക് വയർലെസ് സന്ദേശം പോയി.
പുലർച്ചെ ഒന്നരയോടെയാണ് ഗായത്രിയെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചത്.
സംഭവം നടന്ന് മൂന്നു വർഷം കഴിഞ്ഞപ്പോഴാണ് കേസിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ലോഡ്ജിൽ യുവതിയെ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി കൊല്ലം പരവൂർ കോട്ടപ്പുറം ചമ്പാൻതൊടി വീട്ടിൽ പ്രവീണിന് (30) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി ഉത്തരവിട്ടു.
കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ എസ്.ഗായത്രി (25)ആണു 2022 മാർച്ച് 5 ന് കൊല്ലപ്പെട്ടത്.
നഗരത്തിലെ ആഭരണക്കടയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും.
ജ്വല്ലറിയിൽ ഡ്രൈവറായ പ്രവീൺ റിസപ്ഷനിസ്റ്റായിരുന്ന അവിവാഹിതയായ ഗായത്രിയെ കോവിഡ് കാലത്തു താമസസ്ഥലത്ത് എത്തിച്ചാണ് അടുപ്പത്തിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീൺ.
പിന്നീട് ഗായത്രി ജോലി രാജിവച്ച് ജിംനേഷ്യത്തിൽ ഫിറ്റ്നസ് ട്രെയിനറായി. ഗായത്രിയെ ഭാവി ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പ്രവീൺ തീരുമാനിച്ചതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് കേസ്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
‘താലികെട്ട്’ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണു പ്രകോപിപ്പിച്ചതെന്ന് പ്രതി പ്രവീൺ
നഗരത്തിലെ പള്ളിയിൽ വച്ചു താലി കെട്ടിയതുൾപ്പെടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കു നയിച്ച പെട്ടെന്നുണ്ടായ പ്രകോപനമെന്ന് പ്രതി പ്രവീൺ നേരത്തെ മൊഴി നൽകിയിരുന്നു. നിലവിലുള്ള വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പു കൊടുത്തിരുന്നെങ്കിലും അതിനു തയാറായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.
രഹസ്യമായി ഈ ബന്ധം തുടരാനായിരുന്നു പദ്ധതി. ഗായത്രിയെ സമാധാനിപ്പിക്കാനായി 2021 ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ കൊണ്ടുപോയി താലി കെട്ടി. അതിന്റെ ചിത്രവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഗായത്രി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നു.
ഒരു കാരണവശാലും ഈ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് ഇയാൾ നിർദേശിച്ചിരുന്നു. താലി കെട്ടിയ വിവരം ഗായത്രിയും രഹസ്യമാക്കി വച്ചു.
ഇവരുടെ ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളമുണ്ടാക്കി.
അതോടെ ഗായത്രി ജോലി രാജിവച്ചു പോയെങ്കിലും ബന്ധം തുടർന്നു. പരാതിയെത്തുടർന്നു ജ്വല്ലറി അധികൃതർ ഇയാളെ തമിഴ്നാട്ടിലെ തിരുവണ്ണാമലയിലേക്കു സ്ഥലം മാറ്റി.
തന്നെയും ഒപ്പം കൂട്ടണമെന്നു ഗായത്രി ആവശ്യപ്പെട്ടെങ്കിലും പ്രവീൺ സമ്മതിച്ചില്ല. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കാൻ വേണ്ടിയാണു നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തു ഗായത്രിയെ വിളിച്ചു വരുത്തിയതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.
തന്നെ വഞ്ചിക്കുകയാണെന്നു മനസ്സിലാക്കിയ ഗായത്രി പ്രവീണുമായി വഴക്കിടുകയും തർക്കത്തിനിടെ താലികെട്ടിന്റേതുൾപ്പെടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. തർക്കം രൂക്ഷമായപ്പോൾ ചുരിദാർ ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണു മൊഴി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]