തിരുവനന്തപുരം∙ പത്മനാഭപുരത്ത് നിന്നെത്തിച്ച നവരാത്രി വിഗ്രഹങ്ങൾക്ക് തലസ്ഥാനത്ത് പ്രൗഢോജ്വല സ്വീകരണം. നഗരാതിർത്തിയായ നേമത്തും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ആരംഭിച്ച കരമന ആവടി അമ്മൻ ക്ഷേത്രത്തിനു മുന്നിലും ഭക്തസഞ്ചയം വിഗ്രഹങ്ങളെ ആചാരപൂർവം വരവേറ്റു.
പത്മതീർഥത്തിൽ ആറാടിച്ചശേഷം സരസ്വതി വിഗ്രഹത്തെ നല്ലിരിപ്പ് മുറിയിലേക്ക് മാറ്റി.
കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും എത്തിച്ചു.
ഇനി 9 ദിവസം തലസ്ഥാനം ഭക്തിസാന്ദ്രം. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് ഇന്നലെ രാവിലെയാണ് വിഗ്രഹങ്ങൾ പുറപ്പെട്ടത്.
സരസ്വതി ദേവിയെ ആനപ്പുറത്തും വേളിമല കുമാരസ്വാമി, മുന്നൂറ്റി നങ്ക വിഗ്രഹങ്ങളെ പല്ലക്കുകളിലും എഴുന്നള്ളിച്ചു. നേമത്ത് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിഗ്രഹങ്ങളെ വരവേറ്റു.
കച്ചേരി നടയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം ഇറക്കിപൂജ നടത്തി.
വൈകിട്ട് കച്ചേരി നടയിൽനിന്ന് ഘോഷയാത്ര പുറപ്പെടും വരെ പൂജകൾക്കായി ഭക്തരുടെ നീണ്ട നിരയായിരുന്നു.
വൈകിട്ട് അഞ്ചരയോടെ ഘോഷയാത്ര കരമന ആവടി അമ്മൻ ക്ഷേത്രത്തിലെത്തി.
ഇവിടെ വിശ്രമത്തിന് ശേഷം ആറരയോടെ വിഗ്രഹങ്ങളെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലേക്ക് ആനയിച്ചു. അശ്വാരൂഢ സേനയാണ് ഘോഷയാത്രയിൽ ആദ്യം അണിനിരന്നത്.
വിവിധ കലാരൂപങ്ങളും വാദ്യഘോഷങ്ങളും അകമ്പടിയായി. വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിച്ചത്.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കിള്ളിപ്പാലത്ത് നൽകിയ സ്വീകരണച്ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ഇവിടെയും പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
വിഗ്രഹങ്ങൾക്കൊപ്പം എഴുന്നള്ളിക്കുന്ന ഉടവാൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി.
രാജകുടുംബാംഗങ്ങളുടെയും ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇന്നു മുതൽ നവരാത്രി മണ്ഡപത്തിൽ 9 ദിവസം വൈകിട്ട് 6.30ന് സംഗീതക്കച്ചേരികൾ അരങ്ങേറും.
വിജയദശമി ദിവസം കുമാരസ്വാമിയെ പൂജപ്പുര സരസ്വതി മണ്ഡപത്തിലേക്ക് ആനയിക്കും. ഇവിടെ പള്ളിവേട്ടയ്ക്ക് ശേഷം തിരിച്ചെത്തി ഒരു ദിവസത്തെ നല്ലിരുപ്പ്.
പത്മനാഭപുരത്തേക്കുള്ള മടക്കയാത്ര 4ന് ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]