
ഒരു വശത്ത് മാത്രം സംരക്ഷണ ഭിത്തി, മുളവന ബണ്ട് കോളനിക്കാർ മഴക്കാലത്ത് എന്തു ചെയ്യും…?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കഴിഞ്ഞ ആഴ്ച പെയ്ത ചെറു വേനൽ മഴയിൽ പോലും മരപ്പാലം മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി താമസക്കാർ ദുരിതം അനുഭവിക്കുന്ന കാഴ്ച നേരിട്ടു കണ്ടതാണ്. പട്ടം തോടിന്റെ രണ്ടു വശങ്ങളിൽ ഒരിടത്തു മാത്രം സംരക്ഷണ ഭിത്തി കെട്ടിയതു കാരണമാണ് മുളവന ബണ്ട് കോളനിക്കാർക്ക് ഇരട്ടി ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കാലവർഷത്തിന് മുൻപ് ഇവരുടെ ദുരിതത്തിന് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.4.83 കോടി രൂപ ചെലവഴിച്ചാണ് പട്ടം തോടിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. മുളവന പാലം വരെ മണ്ണിടിച്ചിൽ സാധ്യതയുള്ള തോടിന്റെ രണ്ടു വശത്തും സംരക്ഷണ ഭിത്തി കെട്ടുകയും ബലക്ഷയമുള്ള സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ പാലത്തിന് ഇപ്പുറം തോട് രണ്ടു വാർഡുകളുടെ പരിധിയിലാണ്. വലതു വശത്ത് പട്ടം വാർഡും ഇടതു വശത്ത് കുന്നുകുഴി വാർഡും. പട്ടം വാർഡിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇതാണ് മറുവശത്തുള്ള മുളവന കോളനിയെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തുന്നത്.
കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ കോളനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. മഴ പെട്ടെന്ന് തോർന്നതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. ജൂണിൽ കാലവർഷം വരാനിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവർ.കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി ആമയിഴഞ്ചാൻ തോട്ടിലാണ് പട്ടം തോട് സംഗമിക്കുന്നത്. തോട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കുക, നിലവിലുള്ള സംരക്ഷണ ഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിങ് നൽകുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് തോട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണ ചുമതല.