പാറശാല∙ കോടികൾ ചെലവിട്ടു നിർമിക്കുകയും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്ത മൾട്ടി സ്പെഷ്യൽറ്റി മന്ദിരം നോക്കുകുത്തിയായി തുടരുമ്പോൾ പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിലത്ത് കിടക്കേണ്ട അവസ്ഥയിൽ കിടപ്പുരോഗികൾ.
പാറശാല സർക്കാർ താലൂക്ക് ആശുപത്രിയിലാണ് ഈ ദുരവസ്ഥ.
ആശുപത്രിക്ക് വേണ്ടി 46.86 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച നാലു നില കെട്ടിടം കഴിഞ്ഞ ഓഗസ്റ്റ് 29ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഒട്ടേറെ സമരങ്ങൾ നടത്തിയിട്ടും അധികൃതർക്ക് അനക്കമില്ല.
ജലരേഖയായി വാഗ്ദാനങ്ങൾ
എല്ലാ സംവിധാനങ്ങളും ഉള്ള ട്രോമാകെയർ, 3 ഓപ്പറേഷൻ തിയറ്ററുകൾ, ദിവസവും 40 പേർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡയാലിസിസ് യൂണിറ്റ്, അത്യാഹിതവിഭാഗം, സെൻട്രലൈസ്ഡ് ലബോറട്ടറി, നവീന സ്കാനിങ് സൗകര്യം, ഫാർമസി തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ആശുപത്രിയിൽ ഉണ്ടാകും എന്നായിരുന്നു ഉദ്ഘാടന വേളയിലെ സർക്കാർ വാഗ്ദാനം.
എന്നാൽ ഉദ്ഘാടനത്തി ഏതാനും നാളുകൾ കഴിഞ്ഞ് ഒപി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റിയത് മാത്രമാണ് നടന്നത്.
ബഹുനില മന്ദിരമുണ്ട് രോഗികൾ തറയിൽ
ഉദ്ഘാടന വേളയിൽ ആശുപത്രിയിൽ എത്തിച്ച കട്ടിലുകൾ കിടന്ന് നശിക്കുമ്പോൾ അഡ്മിറ്റ് ആകുന്ന കിടപ്പുരോഗികൾ തറയിൽ കിടക്കേണ്ട അവസ്ഥയാണ് മെഡിക്കൽ വാർഡിൽ സ്ത്രീ രോഗികളായ പത്തോളം പേരും അര ഡസൻ പുരുഷൻമാരും തറയിൽ പായ വിരിച്ച് കിടക്കുന്ന കാഴ്ച കഴിഞ്ഞ ദിവസവും കാണാമായിരുന്നു.
കട്ടിലുകളുടെ എണ്ണത്തെക്കാൾ കൂടുതൽ രോഗികൾ എത്തുമ്പോൾ സീനിയോറിറ്റി അനുസരിച്ച് കട്ടിൽ അനുവദിക്കുന്നതിനാൽ ആശുപത്രി സ്റ്റാഫും നിസ്സഹായരാണ്.
വാത രോഗികൾ വരെ ജനുവരിയിലെ അതിശൈത്യത്തിൽ തറയിൽ കിടക്കുന്ന കൂട്ടത്തിലുണ്ട്. ന്യുമോണിയ ബാധിച്ച 73 വയസ്സുള്ള കൊല്ലങ്കോട് സ്വദേശിനി എലിസിബായും വയറു വേദനയുമായി എത്തിയ 77 വയസുളള മണിവിള സ്വദേശി ഇസ്മായിലും ഒരാഴ്ചയോളമായി ഇത്തരത്തിൽ തറയിൽ കിടക്കന്നവരിൽപെടും.
ഇനിയും ഔദ്യോഗികമായി കൈമാറാതെ കെട്ടിടം
ഉദ്ഘാടനം കഴിഞ്ഞ് 5 മാസമായിട്ടും കെട്ടിടത്തിൽ ഇലക്ട്രിക്, പ്ലമിങ് ,മരാമത്ത് ഉൾപ്പെടെയുളള നിർമാണ പ്രവൃത്തികൾ അവസാനിച്ചിട്ടില്ല.
സാധാരണഗതിയിൽ സർക്കാർ കെട്ടിടങ്ങൾ നിർമിക്കുന്ന ഏജൻസി ബന്ധപ്പെട്ട സ്ഥാപനത്തിന്റെയോ വകുപ്പിന്റെയോ മേധാവിക്ക് രേഖാമൂലം കൈമാറിയ ശേഷമാണ് ഉദ്ഘാടനം നടത്തേണ്ടത്. എന്നാൽ പ്രാഥമികമായി നിർവഹിക്കേണ്ട
കെട്ടിട കൈമാറ്റം നാളിതു വരെ ഉണ്ടായിട്ടില്ല.
3 ഓപ്പറേഷൻ തിയറ്റർ ഉണ്ടാകുമെന്നാണ് അറിയിച്ചതെങ്കിലും ഒരെണ്ണം അടുത്തിടെയാണ് ഏറക്കുറെ സജ്ജമാക്കിയത്.
മറ്റു രണ്ടെണ്ണം അടച്ചിട്ടിരിക്കുകയാണ്. തിയറ്ററിൽ അവശ്യമായ മെഡിക്കൽ ഗ്യാസ് പ്ലാന്റ് ഇനിയും സ്ഥാപിച്ചിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനു മുൻപ് ധൃതി പിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഇതുവരെ ലഭിക്കാത്ത വൈദ്യുതി കണക്ഷൻ
കോടികൾ ചെലവിട്ടു നിർമിച്ച കെട്ടിടത്തിന് നാളിതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇപ്പോഴും പഴയ കെട്ടിടത്തിൽ നിന്നാണ് വൈദ്യുതി ഉപയോഗിക്കുന്നത്. വൈദ്യുതി കണക്ഷന് പ്രത്യേകം ലൈനും ട്രാൻസ്ഫോമറും ഉൾപ്പെടെ ചെയ്യുന്നതിന് ഒന്നര കോടി രൂപയാണ് കെഎസ്ഇബി നിർമാണ കരാറുകാരായ കിഫ്ബിയോട് ആവശ്യപ്പെട്ടത്. തുക അരക്കൊടിയായി കുറച്ചെങ്കിലും ആ തുകയും അടച്ചിട്ടില്ല. തുക അടച്ചാൽ തന്നെയും പണികൾ പൂർത്തിയാക്കി കണക്ഷൻ ലഭിക്കാൻ മാസങ്ങൾ വേണ്ടി വരുമെന്ന് കെഎസ്ഇബി പറയുന്നു
മഴയും വെയിലും കൊണ്ട് മണിക്കൂറുകൾ ഒപിയിൽ
നിത്യേന ആയിരത്തിൽ അധികം പേർ ഒപിയിൽ എത്തുന്ന ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കുന്നതാണ് രോഗികൾ നേരിടുന്ന ആദ്യത്തെ പ്രധാന കടമ്പ. പഴയ കെട്ടിടത്തിന്റെ തുറസ്സായ വശത്ത് പ്രവർത്തിക്കുന്ന ഇവിടെ രണ്ടു വരിയായി മഴയും വെയിലുമേറ്റ് മണിക്കൂറുകൾ നിന്നു വേണം ടിക്കറ്റ് കൈപ്പറ്റാൻ.
പുതിയ കെട്ടിടത്തിൽ ഇതിനുളള സൗകര്യമുണ്ടെങ്കിലും പ്രവർത്തനം തുടങ്ങാത്തതിനാൽ അവിടേക്ക് മാറാനും കഴിയുന്നില്ല.
ആംബുലൻസ് മാസങ്ങളായി വർക്ഷോപ്പിൽ
ആശുപത്രിക്ക് സ്വന്തമായി 2 ആംബുലൻസുകൾ ഉള്ളതിൽ ഒരെണ്ണം മാസങ്ങളായി വർക്ഷോപ്പിലാണ് ബ്രേക്ക് തകരാറായതാണ് കാരണം. ഇതു മൂലം പാവപ്പെട്ട രോഗികൾക്ക് വൻ തുക കൊടുത്ത് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട
സ്ഥിതിയാണ്. ആംബുലൻസ് ഇല്ലെങ്കിലും ഡ്രൈവറുടെ ശമ്പളത്തിന് മുടക്കമില്ല.
ഡോക്ടർമാരില്ല, നഴ്സുമാരും
താലൂക്ക് ആശുപത്രി എന്ന പേരും ബഹുനില മന്ദിരവും ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ല. ശിശുരോഗ വിദഗ്ധൻ ഇല്ലാതായിട്ട് 8 മാസമായി. മലയോരത്തെ അമ്പൂരി മുതൽ തീരഗ്രാമമായ പൊഴിയൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്നു വരെ ഇവിടെ ആളുകൾ എത്തുന്നുണ്ട്.
തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നു വരുന്നവരുമുണ്ട്. ശിശുരോഗ വിദഗ്ധൻ ഇല്ലാത്തതിനാൽ മറ്റു ഡോക്ടർമാരാണ് ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്.
12 നഴ്സിങ് അസിസ്റ്റന്റുമാർ മാസങ്ങളായി ഇല്ലാത്തതിനാൽ രോഗികൾ ആകെ വലയുന്ന സ്ഥിതിയാണ്. ശുചീകരണ വിഭാഗത്തിലും സുരക്ഷാ വിഭാഗത്തിലും ആവശ്യത്തിന് ആളില്ല എന്നതും പോരായ്മയാണ്.
പാറശാല ആശുപത്രിയിലെ പ്രശ്നങ്ങൾ മേലധികാരികളെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ട് പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കും
ഡോ.നിത എസ്.നായർ ,ആശുപത്രി സൂപ്രണ്ട്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

