തിരുവനന്തപുരം∙ തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർഥിനിർണയ യോഗത്തിൽ ആനന്ദ് തമ്പിയും പങ്കെടുത്തിരുന്നെങ്കിലും തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് മൊഴി. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളടങ്ങിയതായിരുന്നു ഇൗ യോഗം.
ആനന്ദ് തമ്പിയുടെ പേര് മറ്റാരും യോഗത്തിൽ പറഞ്ഞതുമില്ലെന്നും ബിജെപി ഏരിയാ പ്രസിഡന്റ് ഉൾപ്പെടെ പൊലീസിന് മൊഴി നൽകി. ഇൗ യോഗത്തിൽ പേരു ഉയർന്നുവരാത്തതിലുള്ള വിഷമം ആനന്ദ് തമ്പി പിന്നീട് നേതാക്കളോടു പങ്കുവച്ചു.
അപ്പോഴേക്കും സ്ഥാനാർഥിപ്പട്ടിക ആയിക്കഴിഞ്ഞുവെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
ആർഎസ്എസ് പ്രാദേശിക നേതാക്കളും ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നാണ് വിവരം. സീറ്റ് കിട്ടിയില്ലെന്ന മനോവിഷമത്തിലാണ് ആനന്ദ് തമ്പി ജീവനൊടുക്കിയത്.
ഇത്തരത്തിൽ പ്രാദേശിക തലത്തിൽ ആർഎസ്എസ് –ബിജെപി പ്രവർത്തകനായിരുന്നയാളെയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പരസ്യമായി തള്ളിപ്പറഞ്ഞത് എന്നതും വിവാദമായിരുന്നു.
പ്രാദേശിക ആർഎസ്എസ്, ബിജെപി പ്രവർത്തകർ സുരേഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചു. തുടർന്ന് സുരേഷ് ഖേദം പ്രകടിപ്പിച്ചു.
തിരുമല അനിലിന്റെ ശബ്ദരേഖയും പുറത്ത്
കോർപറേഷൻ കൗൺസിലറായിരിക്കെ ജീവനൊടുക്കിയ തിരുമല അനിൽകുമാറിന്റെ നിസ്സഹായത വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നു.
ഇത് ബിജെപി പ്രവർത്തകർക്ക് ആഘാതമായി. പണം തിരിച്ചുചോദിച്ച നിക്ഷേപകയോട് നിസ്സഹായാവസ്ഥയിലാണ് അദ്ദേഹം പ്രതികരിക്കുന്നത്. ബാങ്കിൽ പണമടയ്ക്കാനുള്ളവരുടെ വീടുകളിൽപോയി മടുത്തെന്നും താൻ പകുതിയായെന്നും പറഞ്ഞ അനിൽ, തന്റെ മക്കൾ ഒന്നുമായില്ലെന്നു പറഞ്ഞ് സങ്കടത്തോടെയാണ് സംസാരിക്കുന്നത്.
താങ്കൾ മാത്രമല്ലല്ലോ മറ്റു ബോർഡ് മെംബർമാർക്കും ഉത്തരവാദിത്തമില്ലേ, ഒറ്റയ്ക്ക് ഇതൊന്നും ഏൽക്കേണ്ട
എന്ന് നിക്ഷേപക ആശ്വസിപ്പിക്കുന്നുണ്ട്.ബിജെപി പ്രവർത്തകരാണ് കൂടുതലും വായ്പയെടുത്തത്. ഇവർ വായ്പ തിരിച്ചടയ്ക്കാത്തതിനാൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാതെ അനിൽകുമാർ ഭാരവാഹിയായ ബാങ്ക് തകർച്ചയിലായി.
തന്നെ സഹായിക്കാൻ ആരുമില്ലെന്നു സൂചന നൽകിയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

