തിരുവനന്തപുരം∙ പാളയത്ത് നക്ഷത്ര ഹോട്ടലിലെ ഡിജെ പാർട്ടിക്കിടയിൽ രണ്ട് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയതിന്റെ തുടർച്ചയായി നടന്ന ആക്രമണ പരമ്പരയിൽ പൊലീസ് സ്വമേധയാ 2 കേസുകൾ റജിസ്റ്റർ ചെയ്തു. ഹോട്ടലിനു പുറത്ത് റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ഗതാഗതം തടസ്സപ്പെടുത്തിയതിനു 10 പേർക്ക് എതിരെയും ജനറൽ ആശുപത്രി വളപ്പിൽ ഏറ്റുമുട്ടിയതിനു 2 പേരെ പ്രതികളാക്കിയുമാണ് കന്റോൺമെന്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
പോത്തൻകോട് സ്വദേശി സിയാദ്, പനവൂർ സ്വദേശി അർഷാദ്, ആര്യങ്കാവ് സ്വദേശി നന്ദു കൃഷ്ണൻ, ഷാനു ക്ലെമറ്റ്, അരുൺ ഗോപാൽ, അനൂപ് ഗോപാൽ എന്നിവരും കണ്ടാലറിയാവുന്ന 4 പേരും ആണ് റോഡിലെ ഏറ്റുമുട്ടൽ കേസിലെ പ്രതികൾ.
പൊതുസ്ഥലത്ത് സമാധാനം ഇല്ലാതാക്കൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങി സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന ദുർബല വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഗുണ്ടകൾ ഏറ്റുമുട്ടി നാലാം ദിവസമാണ് പൊലീസ് കേസ് എടുത്തത്.
അക്രമ പരമ്പരയ്ക്കു നേതൃത്വം നൽകിയ ഗുണ്ടകൾക്കെതിരെ പൊലീസ് കേസെടുക്കാത്തതു സംബന്ധിച്ചു സംഘട്ടനത്തിന്റെ ചിത്രം സഹിതം മനോരമ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.പൊലീസ് എഫ്ഐആറിൽ പറയുന്നത്: 18നു രാത്രി 10.30നും 11നും ഇടയ്ക്കു പാളയത്തെ നക്ഷത്ര ഹോട്ടലിന് എതിർവശം റോഡിൽ ഇരുചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയും പൊതുജനത്തിന്റെ സമാധാനത്തിന് ഭംഗമുണ്ടാക്കുകയും അതുവഴിയുള്ള വാഹനങ്ങൾക്കു യാത്രാതടസ്സം വരുത്തുന്ന രീതിയിൽ പത്തംഗ സംഘം പ്രവർത്തിക്കുകയും ചെയ്തു.
ആദ്യം എല്ലാം രഹസ്യമാക്കി പൊലീസ്
പ്രമുഖ ഗുണ്ടയുടെ ഇടനിലക്കാരനും ഭരണകക്ഷി പാർട്ടിയുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയും ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയുമായ പാളയം സ്വദേശിയുടെ സംഘവും കൊലക്കേസിലും ലഹരിക്കേസുകളിലും പ്രതിയായ വലിയതുറ സ്വദേശിയുടെ സംഘവുമാണ് തമ്മിലടിച്ചത്. ആക്രമണത്തിൽ ആർക്കും പരാതിയില്ലെന്ന വാദമുയർത്തി പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.
ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള പാളയം സ്വദേശിയെ സംരക്ഷിക്കാനായിരുന്നു ഗുണ്ടാ ആക്രമണം പൊലീസ് രഹസ്യമാക്കാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം.
ഹോട്ടലിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ നേരിട്ട് പങ്കാളിയാണ്. അതുകൊണ്ടാണ് ഹോട്ടൽ അധികൃതരിൽ നിന്നോ, ഡിജെ സംഘാടകരിൽ നിന്നോ പരാതി വാങ്ങി കേസെടുക്കാൻ പൊലീസ് മെനക്കെടാത്തത്.
കടകളിൽ ഗുണ്ടാപ്പിരിവ് നടത്തുന്നതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കാരണം.
ഡി.ജെ പരിപാടിക്കിടയിൽ ഇരുകൂട്ടരും തമ്മിലടിക്കുകയും ഇവരെ സംഘാടകർ പുറത്താക്കുകയും ചെയ്തു.
പിന്നീട് ഇവർ ഹോട്ടലിനു പുറത്തു റോഡിലും തമ്മിലടിച്ചു. അവിടെ നിന്നു പരുക്കേറ്റവരുമായി എത്തിയപ്പോഴാണ് ജനറൽ ആശുപത്രിയിൽ അടി നടന്നത്.
ഇരുമ്പ് കമ്പിയും ബീയർ ബോട്ടലുകളും കൊണ്ടായിരുന്നു ആക്രമണം. ഹോട്ടലിനു മുൻപിൽ നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യം ഇന്നലെ പുറത്തുവന്നു.
നക്ഷത്ര ഹോട്ടലിന് പൊലീസ് നോട്ടിസ്
ഡിജെ നടന്ന നക്ഷത്ര ഹോട്ടലിന് പൊലീസ് നോട്ടിസ് നൽകി.
ഡിജെ പാർട്ടി നടത്തുന്ന ഹാളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും ഡിജെക്കു ക്രിമിനലുകൾ പ്രവേശിക്കുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കന്റോൺമെന്റ് പൊലീസ് നോട്ടിസ് നൽകിയത്. ഒരുവിധ സുരക്ഷാ മുൻ കരുതലും ഇല്ലാതെയാണ് മുന്നൂറോളം പേരെ എത്തിച്ച് ഡിജെ സംഘടിപ്പിച്ചതെന്നാണ് പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സംഘർഷം ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിച്ചില്ല.
ഗുണ്ടകളുടെ ഏറ്റുമുട്ടൽ സംബന്ധിച്ചു പരാതി നൽകാനും ഹോട്ടൽ അധികൃതർ തയാറായില്ല. നോട്ടിസ് നൽകിയതിനു പിന്നാലെ, ഡിജെ സംഘടിപ്പിക്കുന്നത് നിർത്തിയെന്നു ഹോട്ടൽ അധികൃതർ അറിയിച്ചതായി പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

