
ബെംഗളൂരു∙ ഓണമാഘോഷിക്കാൻ നാട്ടിലേക്ക് ഇത്തവണ കേരള ആർടിസിയുടെ പുത്തൻ ബസുകളിൽ പോകാം. നേരത്തെ അനുവദിച്ച 20 സ്പെഷലിനു പുറമേ സെപ്റ്റംബർ 1 മുതൽ 15 വരെ പ്രതിദിനം 19 ബസുകൾ കൂടി കേരള ആർടിസി പ്രഖ്യാപിച്ചു.
ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം ആരംഭിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് നിർവഹിച്ച ബസുകളുടെ കന്നി സർവീസാണു ബെംഗളൂരുവിലേക്ക്. എസി സ്ലീപ്പർ കൊട്ടാരക്കരയിലേക്കും എസി സീറ്റർ കം സ്ലീപ്പർ തിരുവനന്തപുരത്തേക്കുമാണ് അനുവദിച്ചത്.
കൂടാതെ 8 സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കു സർവീസ് നടത്തും. സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് ഓണം അടുക്കുന്നതോടെ ഉയരുകയാണ്.
തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 3ന് ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് എസി സ്ലീപ്പർ ബസിലെ നിരക്ക് 5000 രൂപയിലെത്തി. തിരുവനന്തപുരത്തേക്ക് 4000–4500 രൂപയും കോഴിക്കോട്ടേക്ക് 2500–3000 രൂപയുമാണു നിലവിലെ ടിക്കറ്റ് നിരക്ക്.
മൈസൂരുവിൽനിന്ന് കൂടുതൽ സർവീസുകൾ
മൈസൂരു മലയാളികൾക്കായി കേരള ആർടിസി ഇത്തവണ കൂടുതൽ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ ബെംഗളൂരുവിൽ നിന്നുള്ള ബസുകളെ ആശ്രയിക്കേണ്ടി വന്നിരുന്നതു വ്യാപക പരാതികൾക്ക് ഇടയാക്കിയിരുന്നു. ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണു മൈസൂരുവിൽനിന്ന് സർവീസ് നടത്തുന്നത്.
മൈസൂരു– തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് മാത്രമാണ് ഇവിടെനിന്ന് കേരളത്തിലേക്കുള്ള ഏക പ്രതിദിന ട്രെയിൻ സർവീസ്.
വിമാനടിക്കറ്റ് നിരക്കും ഉയരുന്നു
ഓണത്തിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ വിമാനടിക്കറ്റ് നിരക്കും ഉയരുന്നു. ബെംഗളൂരുവിൽനിന്നു കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് ഉത്രാടദിനമായ സെപ്റ്റംബർ 4ന് 6500–9000 രൂപയും തിരുവനന്തപുരത്തേക്ക് 8500–10000 രൂപയും കോഴിക്കോട്ടേക്ക് 5000–5500 രൂപയും കണ്ണൂരിലേക്ക് 4500–8000 രൂപയുമാണ് നിരക്ക്.
ഓണം അടുക്കുന്നതോടെ നിരക്ക് ഇനിയും ഉയരും.
മൈസൂരുവിൽനിന്നുള്ള സ്പെഷൽ ബസുകൾ
∙ പാലാ ഫാസ്റ്റ് പാസഞ്ചർ (ബത്തേരി, കോഴിക്കോട് വഴി)–രാത്രി 7.30
∙ തൃശൂർ ഫാസ്റ്റ് പാസഞ്ചർ (ബത്തേരി, കോഴിക്കോട് വഴി)–വൈകിട്ട് 5
∙ കണ്ണൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് (ഇരിട്ടി, മട്ടന്നൂർ വഴി)– രാത്രി 8, 10.
പ്രവാസി മലയാളികളുടെ പ്രിയം നേടാൻ കൂടുതൽ ബസ്
തിരുവനന്തപുരം∙ കെഎസ്ആർടിസി നിരത്തിലിറക്കുന്ന 143 പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഈ ബസുകൾ സെപ്റ്റംബർ 1 മുതൽ ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. 130 കോടി രൂപയ്ക്കാണ് ബസുകൾ വാങ്ങുന്നത്. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ പുതിയ എസി ബസുകളായിരിക്കും സർവീസ് നടത്തുക.
ഓണക്കാലത്തെ ഈ സ്പെഷൽ സർവീസുകളിലൂടെ ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
കേരള ആർടിസി ഓണം സ്പെഷൽ ബസുകളുടെ റൂട്ടും സമയവും
∙ കൊട്ടാരക്കര എസി സ്ലീപ്പർ (കോയമ്പത്തൂർ, പാലക്കാട് വഴി)–വൈകിട്ട് 5.30
തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി): വൈകിട്ട് 6.15
∙ കോഴിക്കോട് സൂപ്പർ ഫാസ്റ്റ് പ്രീമിയം (കുട്ട, മാനന്തവാടി വഴി)–രാത്രി 7.30, 9.30, 10.15, 10.50
∙ തൃശൂർ സൂപ്പർഫാസ്റ്റ് പ്രീമിയം (കോയമ്പത്തൂർ, പാലക്കാട് വഴി)–രാത്രി 9.30, 10.30. ∙ എറണാകുളം സൂപ്പർഫാസ്റ്റ് പ്രീമിയം (കോയമ്പത്തൂർ, പാലക്കാട് വഴി)– വൈകിട്ട് 5.45, 6.45.
∙ കണ്ണൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് (ഇരിട്ടി, മട്ടന്നൂർ വഴി)– 9.15,10.40. ∙ മലപ്പുറം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)– രാത്രി 8.45 ∙ ആലപ്പുഴ ഡീലക്സ് (പാലക്കാട് വഴി)– രാത്രി 7.20 ∙ കോട്ടയം എക്സ്പ്രസ് (പാലക്കാട് വഴി)– വൈകിട്ട് 6.45 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]