വെഞ്ഞാറമൂട് ∙ നിർമാണോദ്ഘാടനം നടന്ന് 215 ദിവസം കഴിഞ്ഞിട്ടും വെഞ്ഞാറമൂട് മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തതിൽ ആശങ്ക . ഉടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും എന്ന വാഗ്ദാനം എല്ലാ മാസവും അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും നടപടി ഒന്നുമായില്ല. വൈദ്യുതി ലൈൻ, കേബിളുകൾ, പോസ്റ്റുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നത് വൈകിയതാണ് നിർമാണം തടസ്സപ്പെടാൻ കാരണം എന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിച്ചിട്ടും നിർമാണം തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല.
2017ലെ ബജറ്റിൽ വെഞ്ഞാറമൂട് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ തുക അനുവദിക്കാൻ തീരുമാനിക്കുകയും സർക്കാർ ഉത്തരവ് നൽകുകയും ചെയ്തു. വെഞ്ഞാറമൂട് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എംസി റോഡിനു സമാന്തരമായി ബൈപാസ് നിർമിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി.
എന്നാൽ ബൈപാസ് നിർമാണം പ്രായോഗികമല്ലെന്നു കണ്ടെത്തി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ചില ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ബൈപാസ് നിർമാണം ഒഴിവാക്കിയതെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.
തുടർന്നാണ് മേൽപാലം എന്ന ആശയം ഉദിക്കുന്നത്.
മേൽപാലം അധികൃതർ തീരുമാനിക്കുകയും പദ്ധതി രൂപീകരണം നടത്തുകയും ചെയ്തെങ്കിലും 5 വർഷം കഴിഞ്ഞാണ് തുക വകയിരുത്തിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തി അനുവദിച്ചെങ്കിലും ടെൻഡർ തുകയെക്കാൾ കൂടുതൽ കരാർ വന്നതിനാൽ പിന്നീട് മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയാണു നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തത്.
11 സ്പാനുകളിലായി 337 മീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ ആണ് മേൽപാലം നിർമിക്കുന്നത്.
മേൽപാലത്തിന്റെ ഇരുവശത്തും 800 മീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും നിർമിക്കും.സുരക്ഷാ ഭിത്തിക്ക് 3.5 മീറ്റർ ഉയരമുണ്ടാകും. അപ്രോച്ച് റോഡ് തിരുവനന്തപുരം റോഡ് ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര റോഡ് ഭാഗത്ത് 52 മീറ്ററും ഉണ്ടാകും.
ട്രാഫിക് സിഗ്നലുകൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ, റോഡ് മാർക്കിങ്, സ്ട്രീറ്റ് ലൈറ്റ്, ഓവർഹെഡ് സൈൻ ബോർഡുകൾ, എന്നിവ അടക്കം 24 മാസം കൊണ്ട് പൂർത്തിയാക്കുന്നതാണു വെഞ്ഞാറമൂട് മേൽപാലം പദ്ധതി. 27.95 കോടി രൂപയാണ് അടങ്കൽ തുക.
വെഞ്ഞാറമൂട് മേൽപാലം നിർമാണം ആരംഭിക്കുന്നതോടെ വാഹനങ്ങൾക്ക് കടന്നു പോകാൻ 2 റിങ് റോഡുകളുടെ നവീകരണവും പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചു.ഒൗട്ടർ റിങ് റോഡ് ആയ അമ്പലംമുക്ക് –നെല്ലനാട്–പാലംകോണം–പിരപ്പൻകോട് റോഡ്,ഇന്നർ റിങ് റോഡ് ആയ വെഞ്ഞാറമൂട് മാർക്കറ്റ് ജംക്ഷൻ–പൊലീസ് സ്റ്റേഷൻ–കാവറ റോഡ് എന്നിവയാണ് റിങ് റോഡുകൾ.ഇതിൽ ഔട്ടർ റിങ് റോഡ് ഭാഗികമായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
അതേസമയം ഇന്നർ റിങ് റോഡിന്റെ നവീകരണം ഇനിയും ആരംഭിക്കാൻ കഴിഞ്ഞില്ല.
മേൽപാലം നിർമാണം ആരംഭിക്കുമ്പോൾ എംസി റോഡിൽ ഗതാഗതം വഴിതിരിച്ചു വിടേണ്ടി വരും. അതിനായി റിങ് റോഡുകൾ പൂർണതോതിൽ ഗതാഗത യോഗ്യമാക്കണം.റിങ് റോഡ് നവീകരണം വൈകുന്നതിനുള്ള കാരണം അധികൃതർ വ്യക്തമാക്കുന്നുമില്ല. അതേ സമയം മേൽപാലം നിർമാണത്തിന്റെ ഭാഗമായി ആരംഭിച്ച കെഎസ്ഇബിയുടെ ജോലികൾ പൂർത്തിയായെന്നും മേൽപാലത്തിന്റെ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പൈലിങ് ജോലികൾ ഉടൻ ആരംഭിക്കും എന്നുമാണ് അധികൃതർ അറിയിക്കുന്നത്.
നാലുവഴിക്ക് ഓടിക്കുന്ന നാലുവരിപ്പാത വികസനം
ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ നിന്നും ആര്യങ്കാവ് കടന്ന് കേരളത്തിലേക്കെത്തുന്നവർക്കു തിരുവനന്തപുരം നഗരത്തിലേക്കെത്താനും പൊന്മുടി, പേപ്പാറ, തെന്മല തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് തലസ്ഥാന നഗരവുമായുള്ള ബന്ധം നിലനിർത്താനും കഴിയുന്ന പ്രധാന പാതയാണ് സ്റ്റേറ്റ് ഹൈവേ 2.
തിരുവനന്തപുരത്ത് ആരംഭിച്ച് പേരൂർക്കട– നെടുമങ്ങാട് പഴകുറ്റി വഴി കടന്നു പോകുന്ന പാതയിലെ ഏറ്റവും തിരക്കേറിയ പേരൂർക്കട– പഴകുറ്റി ഭാഗത്തെ തിരക്ക് കുറയ്ക്കാനാണ് വഴയില–പഴകുറ്റി നാലുവരിപ്പാത നിർമാണം തുടങ്ങിയത്. പേരൂർക്കട
മുതൽ വഴയില വരെയുള്ള റോഡ് വികസനം നേരത്തെ പൂർത്തിയായതാണ്.
കരകുളം മേൽപാലത്തിന്റ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ കെൽട്രോൺ ജംക്ഷൻ മുതൽ കരകുളം പാലം വരെ ഒരു വർഷത്തോളമായി ഗതാഗതം പൂർണമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇപ്പോൾ നെടുമങ്ങാട്– പേരൂർക്കട
റൂട്ടിൽ പോകേണ്ടവർ തകർന്ന ഇടറോഡുകളെ ആശ്രയിച്ച് നടുവൊടിയുന്ന അവസ്ഥയിലാണ്.ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന ഭാഗങ്ങളിൽ താമസിക്കുന്നവർക്കും ദുരിത യാത്രയാണ്. തകർന്ന ഇടറോഡുകളിലൂടെ കിലോമീറ്ററുകൾ താണ്ടിയാണ് വഴയിലയിലും നെടുമങ്ങാടും എത്തേണ്ടത്.
ജോലിക്കും പഠനത്തിനുമായി സ്ഥിരമായി ഈ റൂട്ടിൽ പോകേണ്ടവരാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്.
സി.ദിവാകരൻ എംഎൽഎ ആയിരുന്ന കാലത്ത് സർക്കാർ അനുവദിച്ച നാലുവരിപ്പാതയുടെ നിർമാണം തുടങ്ങിയത് മന്ത്രി ജി.ആർ.അനിൽ എംഎൽഎ ആയ ശേഷമാണ്. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിഷേധങ്ങളുണ്ടായി.
മെച്ചപ്പെട്ട നഷ്ട
പരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് വഴയില– കെൽട്രോൺ ജംക്ഷൻ ആദ്യ റീച്ചിലെ 3.94 കിലോമീറ്റർ ഭാഗത്തെ ജോലികൾ ജനുവരിയിൽ തുടങ്ങിയത്. കരകുളം പാലം, മേൽപാലം തുടങ്ങിയവ വരുന്ന ഒന്നാം റീച്ചിന്റെ ജോലികൾക്ക് കരാർ പ്രകാരം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മതി.
അടുത്ത റീച്ചുകളുടെ നിർമാണം തുടങ്ങുന്നതിനു മുൻപ് ഇരുവശത്തേക്കും സമാന്തര റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കിയില്ലെങ്കിൽ യാത്രക്കാർ ദുരിതത്തിലാകും.
രണ്ടാം റീച്ചായ കെൽട്രോൺ ജംക്ഷൻ – വാളിക്കോട് റോഡിന്റെ ജോലികൾ ടെൻഡർ ചെയ്തു. 23 ന് തുറക്കും.
123.31 കോടി രൂപ ചെലവിൽ 4.1 കിലോമീറാണ് നിർമിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ നിർമാണം തുടങ്ങും.
മൂന്നാം റീച്ചായ വാളിക്കോട്- പഴകുറ്റി പമ്പ് ജംക്ഷൻ-കച്ചേരി നട-11-ാം കല്ല് വരെയുള്ള ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടപരിഹാരത്തിന് 396.43 കോടി രൂപ ചെലവഴിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]