രണ്ടാം പൈതൃക കോൺഗ്രസ്: 100 പൈതൃക സഭകൾ സംഘടിപ്പിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം കേരള പൈതൃക കോൺഗ്രസിന്റെ ഭാഗമായി 100 പൈതൃകസഭകൾ സംഘടിപ്പിക്കും. ആറ്റിങ്ങൽ, നെടുമങ്ങാട്, വിഴിഞ്ഞം എന്നിവിടങ്ങളിൽ മേഖലാ പൈതൃക സഭകൾ നടക്കും. ആറ്റിങ്ങൽ കലാപത്തിന്റെ വാർഷികം, കുളച്ചൽ യുദ്ധവിജയ വാർഷികം എന്നിവ ജൂലൈയിൽ ആചരിക്കും.
പൈതൃക സർവേ, പൈതൃക യാത്രകൾ, പൈതൃക പ്രദർശനങ്ങൾ, കുടുംബസംഗമങ്ങൾ, പുസ്തക പ്രകാശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പൈതൃക രംഗത്ത് സംഭാവന നൽകിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. ഈ രംഗത്ത് സംഭാവന നൽകിയ മൺമറഞ്ഞ വ്യക്തികളെ അനുസ്മരിക്കും. കുടുംബസംഗമങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
പൈതൃക സാക്ഷരത ലക്ഷ്യമിട്ട് സ്കൂളുകളിൽ പൈതൃക ക്ലബ്ബുകൾ രൂപീകരിക്കണമെന്നും പൈതൃകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തണൽക്കൂട്ടം ഭാരവാഹികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഒന്നാം പൈതൃക കോൺഗ്രസ് അംഗീകരിച്ച കരടു പൈതൃക നയം സംബന്ധിച്ച ശുപാർശകൾ ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം, പ്രസാദ് നാരായണൻ, ആർ.എസ്.പദ്മകുമാർ, ശംഭുമോഹനൻ, ശങ്കർ ദേവഗിരി, വൈ.നിസാർ എന്നിവർ പ്രസംഗിച്ചു.