നെടുമങ്ങാട്∙ ലക്ഷങ്ങൾ ചെലവിട്ട് കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതി പാതിവഴിയിൽ മുടങ്ങിയതോടെ കിള്ളിയാറിൽ മാലിന്യം നിറഞ്ഞു. തുടർപ്രവർത്തനങ്ങൾ ഇല്ലാതായതോടെ ആറ്റിലും പരിസരത്തും മാലിന്യങ്ങൾ വലിച്ചെറിയുകയാണ്.
നെടുമങ്ങാട് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ ജലാശയങ്ങളിലും പുഴകളിലും മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കിള്ളിയാർ ഒഴുകുന്നത് മാലിന്യം പേറി തന്നെ.
5 വർഷം മുൻപ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, കരകുളം, അരുവിക്കര, പനവൂർ, ആനാട് പഞ്ചായത്തുകൾ ചേർന്നാണ് കിള്ളിയാറിനെ മാലിന്യ മുക്തമാക്കുന്നതിനായി കിള്ളിയാർ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച കിള്ളിയാറിനെ സംരക്ഷിക്കാൻ കിള്ളിയാറൊരുമ എന്ന പേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പദ്ധതി നടപ്പാക്കി.
ആറിന്റെ ഉദ്ഭവ സ്ഥലമായ കരിഞ്ചാത്തിമൂല മുതൽ വഴയിലെ പാലം വരെ കൈവഴികൾ ഉൾപ്പെടെ രണ്ടു ഘട്ടങ്ങളിലായി വൃത്തിയാക്കി. ആറ്റിൽ വീണുകിടന്ന മര ശിഖരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തു.
ഒട്ടേറെ പേർ ആവേശത്തോടെ ഈ മിഷനിൽ പങ്കാളികളായി. കോർപറേഷൻ ഏരിയ ഒഴികെ കിള്ളിയാറിന്റെ തീരം പ്രത്യേക സർവേ സംഘം അളന്നു കല്ലിട്ടു.
ശേഷം തുടർ നടപടി ഒന്നും ഉണ്ടായില്ല.
യന്ത്ര സഹായത്തോടെ മാലിന്യം നീക്കുമെന്ന പ്രഖ്യാപനവും നടന്നില്ല.
ഇതിന് ശേഷം മാലിന്യങ്ങൾ ആറ്റിലേക്ക് എത്താതിരിക്കുന്നതിനോ, ആറ് കയ്യേറാതിരിക്കുന്നതിനോ നടപടി ഉണ്ടാകാത്തതിനാൽ കിള്ളിയാർ വീണ്ടും പഴയ പടിയായി. ആറ്റിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയാൽ ഒട്ടേറെ കുടുംബങ്ങൾക്ക് വേനൽക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

