തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ജില്ലയിലെ തീരമേഖലയിലും ചർച്ചയാണ്. പുലർച്ചെ തീരവും ഹാർബറുകളും സജീവമാകുന്നതിനൊപ്പം തിരഞ്ഞെടുപ്പു വർത്തമാനങ്ങളും കളം പിടിക്കും.
പ്രധാന മുന്നണികളുടെ സ്ഥാനാർഥികളും പ്രവർത്തകരും സ്വതന്ത്രരുമെല്ലാം തീര മേഖലയിലെ വീടുകൾ കയറിയിറങ്ങുന്ന തിരക്കിലാണ്. കടലാക്രമണം, തീരപ്രദേശത്തെ വീടുകളുടെ സുരക്ഷ, വെള്ളക്കെട്ട്, മത്സ്യത്തൊഴിലാളികൾ നേരിടുന്ന തൊഴിൽ പ്രതിസന്ധി, ഹാർബറിലെ അസൗകര്യങ്ങളും അപര്യാപ്തതകളും തുടങ്ങി കാതലായ ഒട്ടേറെ വിഷയങ്ങൾ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സ്ഥാനാർഥികളുടെ മുന്നിൽ വയ്ക്കുന്നുണ്ട്.
വിജയിച്ചാൽ എല്ലാം നേരെയാക്കാമെന്ന വാഗ്ദാനമാണ് സ്ഥാനാർഥികൾ വോട്ടർമാരുടെ മുന്നിൽ വയ്ക്കുന്നത്.
പൂന്തുറ, വെട്ടുകാട്, ബീമാപ്പള്ളി, വലിയതുറ, പള്ളിത്തുറ, കോവളം, വിഴിഞ്ഞം മേഖലകളിലെല്ലാം സ്ഥാനാർഥികളും പ്രവർത്തകരും വീടുവീടാന്തരം കയറിയിറങ്ങുന്ന തിരക്കിലാണ്. രാവിലെ ആരംഭിക്കുന്ന പ്രചാരണം വെയിലിനു ചൂടു പിടിക്കുന്നതോടെ അവസാനിപ്പിക്കും.
തുടർന്ന് വൈകിട്ട് നാലു മുതൽ രാത്രി വൈകിയും പ്രചാരണം നീളും. കടപ്പുറത്ത് വീടുകൾ തമ്മിൽ അകലമില്ലാത്തതിനാൽ ഫലപ്രദമായ ‘ഡോർ ടു ഡോർ’ പ്രചാരണമാണ് പാർട്ടികൾ നടത്തുന്നത്.
വൈകുന്നേരങ്ങളിൽ പ്രധാന മേഖലകളിൽ വീട്ടു യോഗങ്ങളും കോർണർ മീറ്റിങ്ങുകളും കാണാം.
മത്സ്യവിൽപന കഴിഞ്ഞു രാത്രിയോടെ മടങ്ങിയെത്തുന്ന സ്ത്രീകളെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാൻ വിവിധ കക്ഷികൾ തങ്ങളുടെ വനിതാ സ്ക്വാഡുകളെയും രംഗത്തിറക്കിയിട്ടുണ്ട്. കുടുംബശ്രീ കൂട്ടായ്മകളും തീരമേഖലയിൽ സജീവമാണ്. കോർപറേഷൻ ഡിവിഷനുകളിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ വാട്സാപ് ഗ്രൂപ്പുകളും സജീവം തന്നെ.
ഹാർബറുകളിലും മത്സ്യവിൽപന കേന്ദ്രങ്ങളിലും സ്ഥാനാർഥികളുടെ ബാനറുകളും ബോർഡുകളും പാർട്ടികളുടെ കൊടിതോരണങ്ങളും നിറഞ്ഞു നിൽക്കുന്നു.
മുന്നണികളുടെ ഇലക്ഷൻ കമ്മിറ്റി ഓഫിസുകളും അടുത്തടുത്താണ്. കോർപറേഷൻ പരിധിയിലെ വെള്ളാർ വാർഡിലെ പനത്തുറയിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും എൻഡിഎയുടെയും തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസുകൾ അരികു ചേർന്നാണ് പ്രവർത്തിക്കുന്നത്.
പകൽസമയങ്ങളിൽ ഭൂരിഭാഗം പേരും കടലിൽ പോകുന്നതിനാൽ ഓഫിസുകളിൽ തിരക്കില്ല. വൈകിട്ടോടെ ഇവിടം സജീവമാകും.
‘ഒരേ നാട്ടുകാരും നിത്യവും കാണുന്ന ആളുകളുമാണ് ഞങ്ങൾ. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. പക്ഷേ തീരത്തിന്റെ പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം വേണമെന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല’– വോട്ടർമാർ ഒരേ സ്വരത്തിൽ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

