
കനത്ത ചൂട് തുടരുന്നു ; കൊല്ലത്ത് റെഡ് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കടുത്ത ചൂടും അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യവും വർധിച്ചതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിലെ അൾട്രാ വയലറ്റ് ഇൻഡക്സ് ഇന്നലെ 11 ആയി ഉയർന്നതിനെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇടുക്കിയിലും യുവി ഇൻഡക്സ് 11ലേക്ക് എത്തിയിരുന്നു.
കൊല്ലത്ത് കൊട്ടാരക്കരയിലും പുനലൂരിലും ഇടുക്കിയിൽ മൂന്നാറിലുമാണ് ഉയർന്ന അൾട്രാ വയലറ്റ് വികിരണങ്ങൾ കണ്ടെത്തിയത്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താല, പൊന്നാനി, എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 8 മുതൽ 10 വരെ അടയാളപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾ ഓറഞ്ച് ലവലിലും (8–10) കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്,തിരുവനന്തപുരം, കണ്ണൂർ ജില്ലകൾ യെലോ ലവലിലും (6–7) എത്തിയെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഒരാഴ്ചയിലേറെയായി കൊല്ലം ജില്ലയിൽ താപനില 37 ഡിഗ്രി സെൽഷ്യസിലോ അതിനു മുകളിലോ ആയി തുടരുകയാണ്. പുനലൂരിലാണ് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്നത്. പാലക്കാട് ഇന്നലെ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസിലും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസിലും എത്തി. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ അധികരിച്ച താപനില നിരക്കാണ് ഇത്. ഇന്നും ഇതേ നിരക്കിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത ചൂടിൽ കാട്ടുതീ പടരാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോടുചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതർ ശ്രദ്ധ പുലർത്തണമെന്നും സർക്കാർ നിർദേശിച്ചു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും മുൻ കരുതൽ സ്വീകരിക്കണം. പകൽ 11നും 3നും ഇടയിൽ പൊതുപരിപാടികളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വേനൽ മഴയ്ക്ക് സാധ്യത
24 വരെ കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴ ലഭിക്കാൻ സാധ്യത . മണിക്കൂറിൽ 40–50 കിമീ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
യുവി ഇൻഡക്സ് ഇന്നലെ
കൊല്ലം – 11, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി–10, പാലക്കാട്, മലപ്പുറം–9, കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്–7, തിരുവനന്തപുരം, കണ്ണൂർ–6, കാസർകോട്–4.
ശ്രദ്ധ വേണം
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. അൾട്രാ വയലറ്റ് രശ്മികൾ സൂര്യാതപത്തിനു പുറമേ ത്വക് രോഗങ്ങളും ഉണ്ടാക്കും. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് തുടർച്ചയായി വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. ഒആർഎസ് ലായനി, സംഭാരം എന്നിവയും നിർദേശിക്കുന്നു. വെയിലിൽ അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.