കിളിമാനൂർ ∙ അമിത വേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ 17 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എംസി റോഡിലെ ഗതാഗതം അരമണിക്കൂറോളം പൂർണമായി തടസ്സപ്പെട്ടു.
ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങൾക്കിടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി മാർച്ച് അവസാനിക്കുന്നതു വരെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വർക്കല ഡിവൈഎസ്പി ബി.ഗോപകുമാർ ഒ.എസ്.അംബിക എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഇർഷാദ്, ജി.എൽ.അജീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൽ.സലിൽ തുടങ്ങിയവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മാർച്ച് അവസാനിപ്പിച്ചത്. രജിത്തിന്റെ സംസ്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ വൈകിട്ട് 6ന് വീട്ടുവളപ്പിൽ നടന്നു.
ഈ മാസം 4ന് പാപ്പാലയിൽ നടന്ന അപകടത്തിലാണ് കൊല്ലം കുമ്മിൾ പഞ്ചായത്തിലെ മുക്കുന്നം പുതുക്കോട് രാജേഷ്ഭവനിൽ എം.രജിത്ത് (41) ഭാര്യ അംബിക (36) എന്നിവർ മരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ രജിത്തും ഭാര്യയും കിളിമാനൂരിൽ നിന്നു ബൈക്കിൽ പുതുക്കോട്ടെ വീട്ടിലേക്ക് പോകവേ, അമിത വേഗത്തിൽ പിറകെ എത്തിയ ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ദമ്പതികളെ ഇടിച്ചിട്ട ജീപ്പ് വീണ്ടും പിറകോട്ട് എടുത്ത് അംബികയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നു ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് ഇടിച്ചിട്ട
ശേഷം മുന്നോട്ട് പോയ ജീപ്പിന്റെ ടയർ പഞ്ചറായി വൈദ്യുതി തൂണിൽ ഇടിച്ചാണ് നിന്നത്. വീണ്ടും ഇതേ വാഹനം ഓടിച്ചു പോയി അടയമൺ ഇരട്ടക്കുളത്ത് ഉപേക്ഷിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ അംബിക 7നും രജിത്ത് 19നും മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് 3.20ന് രജിത്തിന്റെ മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിച്ചാണ് ബന്ധുക്കളും നാട്ടുകാരും മാർച്ച് നടത്തിയത്.
കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
അപകട ദിവസം അടയമൺ ഇരട്ടക്കുളത്ത് ഉപേക്ഷിച്ച ജീപ്പിൽ നിന്നു രക്ഷപ്പെടാൻ കഴിയാതിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ജീപ്പിൽ 3 പേരാണ് ഉണ്ടായിരുന്നത്.
രണ്ട് പേർ ഓടി രക്ഷപ്പെട്ടു. അന്നേ ദിവസം ജീപ്പിൽ നിന്നു രണ്ടുപേരുടെ തിരിച്ചറിയൽ കാർഡ് പൊലീസിനു ലഭിച്ചിരുന്നു.
ലഭിച്ച കാർഡുകളിൽ ഒന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും മറ്റൊന്ന് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥന്റെയും ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, അപകടമുണ്ടായ വേളയിൽ കാർഡിന്റെ ഉടമകളിൽ ഒരാൾ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് കൊച്ചിയിലും മറ്റൊരാൾ ഇതേ സമയത്ത് വെള്ളറടയിൽ പെട്രോൾ പമ്പിൽ തന്റെ വാഹനത്തിനു ഇന്ധനം നിറയ്ക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം.
എന്നാൽ, പൊലീസിന്റെ വാദങ്ങൾ ശരിയല്ലെന്നും കേസ് അട്ടിമറിക്കാൻ നീക്കം നടത്തുകയാണെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. അപകടത്തെ തുടർന്ന് പൊലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം കേസെടുത്തത്. പ്രതിഷേധത്തെ തുടർന്ന് ഇതു മന:പൂർവമായ നരഹത്യ എന്നാക്കി പൊലീസ് തിരുത്തി. അപകടത്തിനു കാരണക്കാരായ പ്രതികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും കേസ് അന്വേഷിക്കാനും യഥാർഥ പ്രതികളെ കണ്ടെത്താനും മൂന്നംഗ സംഘത്തെ നിയോഗിച്ചതായും ഡിവൈഎസ്പി പറഞ്ഞു.
അപകട ദിവസം നാട്ടുകാർ പിടികൂടിയ ആൾ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനായി വൈദ്യ പരിശോധന നടത്തിയതായും ഡിവൈഎസ്പി പറഞ്ഞു.
പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ജീപ്പ് കത്തിച്ചു
ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ജീപ്പ് അജ്ഞാതർ കത്തിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്റ്റേഷനു സമീപം എംസി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് തിങ്കൾ രാത്രി 12.30ന് ആണ് കത്തി നശിച്ച നിലയിൽ കണ്ടത്. സംഭവത്തിനു ശേഷം ബൈക്കിൽ രണ്ട് പേർ കാരേറ്റ് ഭാഗത്തേക്ക് പോകുന്നത് കണ്ടതായി നാട്ടുകാരിലൊരാൾ പൊലീസിൽ മൊഴി നൽകി.
അപകട ദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച വെള്ളറട
സ്വദേശി വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തി നശിച്ച ജീപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

