തിരുവനന്തപുരം ∙ കേന്ദ്ര നയമനുസരിച്ച് മെട്രോ റെയിലിന് അനുമതി ലഭിക്കാൻ പദ്ധതി പ്രദേശത്തെ ജനസംഖ്യ കുറഞ്ഞത് 20 ലക്ഷം വേണമെന്നിരിക്കെ 13.56 ലക്ഷം മാത്രം ജനസംഖ്യ കാണിച്ചിട്ടുള്ള തിരുവനന്തപുരം മെട്രോ പദ്ധതിയോട് കേന്ദ്രനിലപാട് എന്താകുമെന്നതിൽ ആകാംക്ഷ. മുൻപു നടത്തിയ പഠനങ്ങളിലാണ് 13.56 ലക്ഷം ജനസംഖ്യ കാണിച്ചിട്ടുള്ളത്.
കൂടുതൽ പ്രദേശങ്ങളെ ‘കാച്ച്മെന്റ് ഏരിയ ’ കളായി ഉൾപ്പെടുത്തി ഡിപിആർ പുതുക്കിയില്ലെങ്കിൽ പദ്ധതിക്കു തിരിച്ചടിയുണ്ടായേക്കാം.
നിശ്ചിത ജനസംഖ്യയില്ലെന്നു കാണിച്ച് കോയമ്പത്തൂർ, മധുര മെട്രോ റെയിൽ പദ്ധതികൾ കേന്ദ്രം മടക്കിയിരുന്നു. അതേ സമയം 20 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ആഗ്ര, പട്ന, ഭോപാൽ നഗരങ്ങളിൽ അനുവദിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം പുകയുകയാണ്. 2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരം ജില്ലയിലെ ജനസംഖ്യ 33.01 ലക്ഷവും വിശാല തിരുവനന്തപുരം മേഖലയിലേത് 16.79 ലക്ഷവുമാണ്.
കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തുകയും നഗരത്തിൽ വന്നു പോകുന്നവരുടെ കൃത്യമായ കണക്കു ശേഖരിക്കുകയും ചെയ്താൽ ഇത് 20 ലക്ഷത്തിനു മുകളിലാകും.
2023ൽ കെഎംആർഎൽ തിരുവനന്തപുരം മെട്രോയ്ക്കായി തയാറാക്കിയ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനിൽ (സിഎംപി) പഠന വിധേയമാക്കിയത് 371.94 സ്ക്വയർ കിലോമീറ്ററാണ്. തിരുവനന്തപുരം കോർപറേഷൻ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, മംഗലപുരം,ആണ്ടൂർക്കോണം, വിളവൂർക്കൽ, വിളപ്പിൽ, ബാലരാമപുരം, കല്ലിയൂർ, പള്ളിച്ചൽ, വെങ്ങാനൂർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്.
2011ലെ സെൻസസിനു ശേഷം ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്നും ഇനിയും ഒട്ടേറെ നഗരസ്വഭാവമുള്ള പ്രദേശങ്ങൾ പദ്ധതിയുടെ സ്റ്റഡി ഏരിയയിൽ കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ പറഞ്ഞു.
ഏറ്റവും പുതിയ കണക്കുകൾ വച്ചു കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കും എംപിമാർക്കും ചേംബർ കത്തു നൽകും. 2011ലെ സെൻസസ് കണക്കുകൾ വച്ചു 2025ൽ പദ്ധതികൾക്ക് അനുമതി നൽകുന്നതിലെ യുക്തിയില്ലായ്മ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

