തിരുവനന്തപുരം∙ ഇടുക്കി കുമളിയിൽ കഴിഞ്ഞ 48 മണിക്കൂറിൽ പെയ്തത് 270 മില്ലിമീറ്റർ മഴ. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശമായ മുല്ലക്കുടിയിൽ പെയ്തത് 298 മില്ലിമീറ്റർ മഴ.
അതിതീവ്ര മഴയാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും അപകടങ്ങൾക്കും ഇടയാക്കിയത്. കേരള– കർണാടക തീരത്തിനു സമീപം തെക്കു കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയ്ക്കു മുകളിലെ ശക്തിയേറിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിനു മുകളിൽ, ഉയർന്ന നിലയിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
ആൻഡമാൻ കടലിനും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
അറബിക്കടലിലെ ന്യൂനമർദത്തിൽനിന്നു തെക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴിയും കന്യാകുമാരി, ശ്രീലങ്ക വഴി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ വരെ ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നു.
കേരളത്തിൽ ഒരാഴ്ച മിന്നൽ, മഴ എന്നിവ ശക്തമായി തുടരും.
കാലവർഷത്തിൽനിന്നു വ്യത്യസ്തമായി, കൂമ്പാര മേഘങ്ങൾ(ക്യുമുലോ നിംബസ്) രൂപപ്പെടുന്നതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ മിന്നലോടു കൂടി പ്രാദേശികമായി ശക്തമായ മഴയാകും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ ഇരിക്കുളം പറഞ്ഞു. മലയോര മേഖലയിൽ ഉൾപ്പെടെ വൈകിട്ടും രാത്രിയുമുള്ള യാത്രകളിൽ ജാഗ്രത വേണം.
കേരളത്തിൽ 23 വരെ ഒറ്റപ്പെട്ട
ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ഓറഞ്ച് അലർട്ട്
ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും 23നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
യെലോ അലർട്ട്
(ചില സ്ഥലങ്ങളിൽ ശക്തമായ മഴ, 24 മണിക്കൂറിൽ 64.5 – 115.5 മില്ലിമീറ്റർ വരെ)
ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
നാളെ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
22: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.
23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

