തിരുവനന്തപുരം ∙ വലിയശാല ക്ഷേത്രത്തിനു സമീപം മൂന്നുനില കെട്ടിടത്തിന് തീ പിടിച്ചു. ഇന്നലെ രാത്രി 8.15 മണിയോടെയാണ് സംഭവം.
യൂണിവേഴ്സൽ ഫാർമ എന്ന പേരിലുള്ള ഫാർമസ്യൂട്ടിക്കൽ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇവിടെ കെമിക്കലുകളും മരുന്നും സൂക്ഷിച്ചിരുന്നു.ആദ്യം രണ്ടാം നിലയിൽ തീ ആളിപ്പടർന്നു.
അപകടം നടന്ന സമയം കെട്ടിടത്തിനുള്ളിൽ ആരും ഇല്ലായിരുന്നതിനാൽ ആളപായം ഒഴിവായി. കെട്ടിടത്തിൽനിന്നു സമീപത്തെ വീടുകളിലേക്കു ചെറിയ തോതിൽ തീ പടർന്നത് ആശങ്ക പരത്തി.
ഒരു വീടിന്റെ ഷീറ്റ് കത്തി.
കെട്ടിടത്തിനകത്ത് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ ആയതിനാൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും ഭയപ്പെട്ടിരുന്നു. എന്നാൽ അതിനു മുൻപു തന്നെ രാജാജിനഗറിൽ നിന്നുള്ള മൂന്നു ഫയർ യൂണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു.
ഒന്നര മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ പൂർണമായി നിയന്ത്രണവിധേയമായത്.പെട്ടെന്നാണ് തീ പടർന്നു പിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൊലീസും ഫയർ ഫോഴ്സും ചേർന്ന് സമീപ വീടുകളിൽ നിന്നും കുട്ടികൾ അടക്കമുള്ളവരെ ഒഴിപ്പിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചു.
പാചക വാതക സിലിണ്ടറുകളും സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ഇതു സംബന്ധിച്ച പരിശോധന ഇന്നു നടക്കും. നാശനഷ്ടവും കണക്കാക്കിയിട്ടില്ല.
തീ അണയ്ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ദിനുമോൻ എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.സ്റ്റേഷൻ ഓഫിസർമാരായ അനിത് കുമാർ, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

