
പോത്തൻകോട് ∙ ഒരു വർഷം മുൻപ് കുത്തിപ്പൊളിച്ചിട്ട പോത്തൻകോട്–പാലോട്ടുകോണം– കുന്നത്ത് ക്ഷേത്രം – ശ്രീനാരായണപുരം–വാവറയമ്പലം റോഡിന്റെ നവീകരണം ആവശ്യപ്പെട്ട് ചെളിക്കെട്ടായി മാറിയ റോഡിലൂടെ നാട്ടുകാരുടെ സങ്കടയാത്ര.
കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ഇരു ചക്രവാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു റോഡിന് രണ്ടു കരാറുകാർ എത്തിയതാണ് നിർമാണം നീളാൻ കാരണമായത്.
ഒരുഭാഗത്ത് പ്രധാനമന്ത്രി ഗ്രാമീൺ യോജന പദ്ധതി പ്രകാരം 2023 -24ൽ റോഡിന് അനുമതി നൽകി.
അതിനു ശേഷം മറു വശത്ത് പൊതുമരാമത്ത് ടെണ്ടർ പ്രകാരവും ടാറിങ്ങിന് കരാർ നൽകി. ഇതെങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി അധികൃതർ മൗനം പാലിക്കുകയാണ്.
ഇതു സംബന്ധിച്ച് മെയ് 16ന് മലയാള മനോരമ ‘ഒരു റോഡിന് 2 ഫണ്ട്, കരാർ 2. പണി പാതിവഴിയിലായി ’ എന്ന തലക്കെട്ടിൽ വാർത്ത നൽകി.
ഇതു മന്ത്രി ജി.ആർ.അനിൽ ഇടപെട്ടു. തുടർന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ റോഡു പണി എത്രയും പെട്ടെന്ന് തീർക്കാൻ ധാരണയായി.
എന്നാൽ ഇക്കഴിഞ്ഞ ജൂലൈ 11ന് പണി പൂർത്തിയാക്കേണ്ട റോഡിൽ കരാറുകാരൻ പ്രാഥമിക പ്രവർത്തനം പോലും നടത്തിയിട്ടില്ല.
അതേസമയം കരാറുകാരനെതിരെ നടപടി സ്വീകരിയ്ക്കാതെ ഉദ്യോഗസ്ഥർ വീണ്ടും മൂന്നു മാസം കൂടി കാലാവധി നീട്ടികൊടുക്കുകയായിരുന്നു.
ഒന്നും രണ്ടും റീച്ചുകൾ ഉൾപ്പെടെ 4.75 കിലോമീറ്റർ ദൂരമാണ് ടാറിങ്. ഇതിൽ ആദ്യ റീച്ച് 2.300 കിലോമീറ്റർ പൊതുമരാമത്ത് ആസ്തിയിൽ ഉൾപ്പെടുന്നതാണ്.
ധാരണയായ ശേഷം പ്രദേശത്തെ ശുദ്ധജല പൈപ്പു ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും സമയബന്ധിതമായി മാറ്റി സ്ഥാപിച്ചാൽ ടാറിങ് വേഗത്തിൽ പൂർത്തിയാക്കാമൈന്നുള്ള കരാറുകാരന്റെ വാഗ്ദാനവും പാലിച്ചില്ല.
രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ കുട്ടികൾക്ക് സ്കൂളിലേക്കു പോകാനോ കഴിയാത്ത സ്ഥിതിയാണ്. ഓണത്തിന് മുന്നേ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും അതുവരെ ശക്തമായ സമരം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.ബാലമുരളി, എ.സലാഹുദീൻ, എസ്.സുധീഷ്കുമാർ, എം.സദാശിവൻ, ബൈജു, കുന്നത്ത് ക്ഷേത്രം സെക്രട്ടറി എസ്.സുകേശൻ, സാജൻലാൽ, ബ്ലോക്കംഗം മലയിൽക്കോണം സുനിൽ, വാർഡംഗം വർണ ലതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. മുൻപ് റീത്തു വച്ചും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]