
പാലോട് ∙ മേയാൻ വിട്ടിരുന്ന പോത്തിനെ പുലി കടിച്ചു കൊന്നു. ഉടമ ബഹളം വച്ചതോടെ പോത്തിനെ ഉപേക്ഷിച്ച് പുലി ഓടിമറഞ്ഞു.
പെരിങ്ങമ്മല പഞ്ചായത്തിലെ മങ്കയം വെങ്കിട്ടമൂട് ആദിച്ചക്കോൺ ആദിവാസി നഗർ ബ്ലോക്ക് നമ്പർ 22ൽ ജയന്റെ പോത്തിനെയാണ് പുലി കൊന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പുലിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ, വീടിന്റെ അടുത്തുള്ള പ്രദേശത്താണ് സംഭവം. ജയന്റെ 7പോത്തുകളെ അഴിച്ചു വിട്ടിരുന്നു.
ജയൻ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പോത്തുകൾ ഓടി വീട്ടിലേക്ക് വന്നു. പതിവില്ലാതെ പോത്തുകൾ ഓടി വന്നതും ഒരു പോത്തിനെ കാണാനില്ലാത്തതും സംശയത്തിന് ഇടയാക്കി.
പോയി നോക്കുമ്പോഴാണ് പുലി പോത്തിനെ കടിച്ചുവലിച്ച് കൊണ്ട് പോകുന്നത് കണ്ടത്. വനം വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി.
6 മാസം മുൻപ് ആക്രമിച്ചത് പട്ടിയെ
ആറുമാസം മുൻപ് ഇതേ പ്രദേശത്തെ ഈച്ചുട്ടിയുടെയും ഗിരിജയുടെയും വീട്ടിലെ നായയെ പുലി ആക്രമിച്ചിരുന്നു.
വീടിന്റെ മുന്നിലെ ജനാലയിൽ കെട്ടിയിരുന്ന നായയെ രാത്രിയിലാണ് ആക്രമിച്ചത്. ബഹളം കേട്ട് വീട്ടുകാർ ലൈറ്റിട്ട് നോക്കിയപ്പോൾ നായയെ ആക്രമിക്കുന്നതാണ് കണ്ടത്.
ബഹളം ഉണ്ടാക്കിയപ്പോൾ പുലി ഓടിമറഞ്ഞു. നായയുടെ കഴുത്തിൽ മുറിവേറ്റിരുന്നു.
അന്ന് വനം വകുപ്പിനെ അറിയിച്ചെങ്കിലും കാൽപാടുകൾ ഇല്ലാതെ സ്ഥിരീകരിക്കാൻ കഴിയില്ലെന്നായിരുന്നു വനംവകുപ്പ് ന്യായം. ഇന്നലത്തെ സംഭവം പുലിയെന്നു സ്ഥിരീകരിച്ചതോടെ പുലിയുടെ സാന്നിധ്യം ഉണ്ടെന്നു നാട്ടുകാർ കാലങ്ങളായി പറയുന്നത് ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]