പ്രധാന റെയിൽവേ സർവീസുകളിലൊന്നായ കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസ് പുതിയ എൽഎച്ച്ബി (LHB) കോച്ചുകളിലേക്ക് മാറുന്നു. ഫെബ്രുവരി 22 മുതൽ പുതിയ സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകൾ സർവീസിന്റെ ഭാഗമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം. മംഗളൂരു–കന്യാകുമാരി റൂട്ടിലുള്ള പരശുറാം എക്സ്പ്രസ് 22നും, കന്യാകുമാരി–മംഗളൂരു റൂട്ടിലുള്ള സർവീസ് 23നും പുതിയ കോച്ചുകളിലേക്ക് പൂർണ്ണമായും മാറും.
ആകെ 21 കോച്ചുകളാണ് ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 2 എസി ചെയർകാർ, 9 ജനറൽ സെക്കൻഡ് സിറ്റിങ്, 9 ജനറൽ സെക്കൻഡ് ക്ലാസ്, കൂടാതെ 1 സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ എന്നിവയാണ് ഉണ്ടാകുക.
അതേസമയം, പുതിയ കോച്ചുകളിലേക്ക് മാറുമ്പോൾ യാത്രാ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിനിൽ രണ്ട് എസി കോച്ചുകൾ ഉൾപ്പെടെ ആകെ അഞ്ച് റിസർവ്ഡ് കോച്ചുകളും 15 സെക്കൻഡ് ക്ലാസ് കോച്ചുകളും ലഭ്യമാണ്.
നിലവിലുള്ളതിനേക്കാൾ ഒരു ജനറൽ കോച്ച് കുറയുന്നുണ്ടെങ്കിലും, ഐസിഎഫ് (ICF) കോച്ചുകളെ അപേക്ഷിച്ച് എൽഎച്ച്ബി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ കൂടുതൽ സീറ്റുകൾ ഉള്ളതിനാൽ മുൻപത്തേക്കാൾ അധികം സീറ്റുകൾ യാത്രക്കാർക്ക് ലഭിക്കുമെന്ന് റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

