
കോടതികൾ വിവരാവകശ നിയമത്തിന് പുറത്തല്ല; റൂൾ 12 പ്രകാരം എല്ലാ വിവരവും നിഷേധിക്കാനാവില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്നും റൂൾ 12 പ്രകാരം എല്ലാ വിവരങ്ങളും നിഷേധിക്കാനാവില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ. സംസ്ഥാനത്തെ ചില കോടതി ജീവനക്കാർ വിവരാവകാശ അപേക്ഷകളെല്ലാം നിഷേധിക്കുന്നുണ്ടെന്നും ജൂഡീഷ്യൽ പ്രൊസീഡിങ്സ് അല്ലാത്ത ഒരു വിവരവും നിഷേധിക്കാൻ പാടില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവിൽ വ്യക്തമാക്കി.
സുപ്രീം കോടതിയും രാജ്യത്തെ പ്രധാന കോടതികളും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമ്പോൾ കീഴ്കോടതികൾ അപേക്ഷിക്കുന്ന വിവരങ്ങൾ പോലും നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ജൂഡീഷ്യൽ ഓഫീസർമാരുടെ പരിഗണനയിൽ ഇരിക്കുന്നതും ജുഡീഷ്യൽ പ്രൊസീഡിങ്സും മാത്രമേ ആർടിഐ പ്രകാരം ലഭിക്കാതിരിക്കു. ബാക്കി എല്ലാ വിവരങ്ങളും ലഭിക്കാൻ പൗരന് അവകാശമുണ്ട്. തൃശൂർ ചാലക്കുടി മുൻസിഫ് കോടതിയിലെ വിവരാധികാരിക്കെതിരെ ലഭിച്ച പരാതി ഹർജി തീർപ്പാക്കിയാണ് കമ്മിഷൻറെ ഉത്തരവ്.
മലപ്പുറം ചേലമ്പ്ര സ്വദേശി ജോസഫ് ജേക്കബ് 2021 ജൂണിലും ജൂലൈയിലും വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ നല്കിയ വിവരാവകാശ അപേക്ഷകൾ റൂൾ 12 പ്രകാരം കോടതി വിവരങ്ങൾ പുറത്ത് നല്കാൻ കഴിയില്ലെന്ന വിശദീകരണത്തോടെ വിവരാധികാരി അജിത്കുമാർ തള്ളിയിരുന്നു.
ലേല സന്നദ്, വക്കാലത്ത് പകർപ്പ് എന്നിവയുടെയും അനുബന്ധരേഖകളുടെയും കോപ്പികളാണ് ജോസഫ് ആവശ്യപ്പെട്ടത്. എന്നാൽ കീഴ്കോടതികളും ട്രിബ്യൂണലുകളും സംബന്ധിച്ച ചട്ടം 12 പ്രകാരം അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു വിവരാധികാരി. ജോസഫിന്റെ പരാതി ഹർജിയിൽ വിവരാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ പുതിയ വിവരാധികാരി അപേക്ഷകന് വിവരങ്ങൾ ലഭ്യമാക്കി.
എങ്കിലും ജോസഫ് പരാതിയിൽ ഉറച്ചുനിന്നതിനാൽ വിവരം നിഷേധിച്ച മുൻസിഫ് കോടതിയിലെ വിരമിച്ച വിവരാധികാരി അജിത്കുമാറിനെതിരെ ആർടിഐ നിയമം 20(1) പ്രകാരം ശിക്ഷാനടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിശദീകരണവുമായി എതിർ കക്ഷി മേയ് 28 ന് കമ്മിഷൻ ആസ്ഥാനത്ത് ഹാജരാകണമെന്നും നിർദ്ദേശിച്ചു.