തിരുവനന്തപുരം ∙ കവടിയാർ കൊട്ടാരത്തിൽ നിന്ന് 2 കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ സാധ്യത.
2 കോടി രൂപ പ്രാഥമിക കണക്കാണെന്നും മൂല്യം ഇതിലും അധികമാവാമെന്നും പൊലീസ് പറയുന്നു. ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിന്റെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.
കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് 2–ാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ആഭരണം മോഷ്ടിച്ചത്. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിൽ പുറത്തു നിന്നുള്ളവർക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു.
ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാണെന്നും സംശയമുണ്ട്.
ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഗൗരി ലക്ഷ്മിബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്.
ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വിദേശികളടക്കമുള്ള സന്ദർശകരെയും ചോദ്യം ചെയ്യും.
പതിവായെത്തുന്ന ചിലരും നിരീക്ഷണത്തിലാണ്. 40ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.
2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പൊലീസിനോടു പറഞ്ഞു.
മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട്. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്കു പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.
യുട്യൂബർമാർ അടക്കം സന്ദർശകരുടെ ലിസ്റ്റെടുത്തു
മോഷണം നടന്നതായി കരുതുന്ന ഒക്ടോബർ–നവംബർ കാലത്ത് കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഷൂട്ടിങ്ങിനായെത്തിയ യൂ ട്യൂബർമാരും പട്ടികയിലുണ്ട്. കൊട്ടാരത്തിന്റെ പ്രത്യേകതകൾ, പഴക്കമേറിയ കാറുകൾ, പൗരാണിക മൂല്യമുള്ള വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

