തിരുവനന്തപുരം∙ ഗവ. ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ നിർമിച്ച രക്തസാക്ഷി സ്തൂപം ഉദ്ഘാടനം ചെയ്യുന്നതോ അനാവരണം ചെയ്യുന്നതോ സമർപ്പണമോ മറ്റു ചടങ്ങുകളോ നടത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്.
വിധി വന്നതിനു പിന്നാലെ, സ്തൂപം എസ്എഫ്ഐ ലോ കോളജ് യൂണിറ്റ് കമ്മിറ്റി അനാവരണം ചെയ്തു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
അനധികൃതമായി സർക്കാർ ഭൂമിയിൽ നിർമിച്ച രക്തസാക്ഷി മണ്ഡപമാണെന്നും പണി നിർത്തിവയ്ക്കണമെന്നും ഉദ്ഘാടനം പാടില്ലെന്നും ആവശ്യപ്പെട്ട് കോളജിലെ കെഎസ്യു യൂണിറ്റ് കമ്മിറ്റി ഭാരവാഹി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്.
കലക്ടർ, കോളജ് പ്രിൻസിപ്പൽ, മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവരോട് ഇതു പാലിക്കുന്നതിനു നടപടി സ്വീകരിക്കാൻ ഉത്തരവിൽ ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെയാണ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അസിക സ്തൂപം അനാവരണം ചെയ്തത്. ഇതിനെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിക്കുമെന്ന് കെഎസ്യു അറിയിച്ചു.
ഇന്ന് സ്തൂപത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു എസ്എഫ്ഐ നീക്കം.
അനധികൃത നിർമിതി പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് കോളജ് അധികൃതർക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും മ്യൂസിയം പൊലീസിനും കത്ത് നൽകിയെങ്കിലും നടപടിയില്ലാത്തതിനാലാണ് കെഎസ്യു കോടതിയെ സമീപിച്ചത്.
പിഡിപി ആക്രമണത്തിൽ കൊല്ലപ്പെട്ട കോളജ് യൂണിയൻ മുൻ ചെയർമാൻ സക്കീർ ഹുസൈന്റെ പേരിലാണു രക്തസാക്ഷി സ്തൂപം നിർമിച്ചത്.
10ന് നിർമാണം ആരംഭിച്ചു. പിറ്റേന്ന് കോളജിൽ നിന്നു സ്റ്റോപ് മെമ്മോ നൽകിയെങ്കിലും അതു വകവയ്ക്കാതെ എസ്എഫ്ഐ പ്രവർത്തകർ പണി തുടർന്നു.
മറ്റു വിദ്യാർഥികളിൽ നിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 4 എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തെങ്കിലും ഇവർ കോളജിൽ തുടർന്നു. ഇവർ 12ന് രാത്രിയോടെ പണി പൂർത്തിയാക്കി.
വനിതാ ഹോസ്റ്റലിന്റെ മുന്നിലാണു നിർമാണം.
എസ്എഫ്ഐ–കെഎസ്യു സംഘർഷം
ഹൈക്കോടതി വിധിയുടെ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇന്നലെ വൈകിട്ട് കോളജിൽ എസ്എഫ്ഐ–കെഎസ്യു സംഘർഷമുണ്ടായി. എസ്എഫ്ഐക്കാർ ആക്രമണം അഴിച്ചുവിട്ടതായി കെഎസ്യു ആരോപിച്ചു.
മർദനമേറ്റ കെഎസ്യു പ്രവർത്തകനും നാലാം വർഷ വിദ്യാർഥിയുമായ അമൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിമയിൽ കെഎസ്യു പ്രവർത്തകർ പെയ്ന്റ് ഒഴിച്ചതിനെ തുടർന്നുണ്ടായ തർക്കമാണു സംഘർഷത്തിനു കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു.
സംഘർഷത്തിനിടെയാണ് പെയ്ന്റ് വീണതെന്നു കെഎസ്യു പറയുന്നു .
പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പാളയത്തു നിന്ന് സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തി.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പോസ്റ്റർ നശിപ്പിച്ചതായി കെഎസ്യു ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

