സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ അശ്രദ്ധമായ വാഹനമോടനം വീണ്ടും ഒരു ജീവനുകൂടി അപഹരിച്ചു. വിനോദസഞ്ചാരികളുടെ വാഹനത്തിന്റെ അമിതവേഗതയും തെറ്റായ ദിശയിലുള്ള സഞ്ചാരവുമാണ് ഞായറാഴ്ച പാലോട് ചിപ്പൻചിറ സ്വദേശിയുടെ ജീവനെടുക്കാൻ കാരണമായത്.
വിതുര പേരയത്തുപാറയിൽ വാടകയ്ക്കു താമസിക്കുന്ന പാലോട് ചിപ്പൻചിറ ചാത്തിചാച്ചമൺപുറം ഷൈജു ഭവനിൽ കെ.ഷൈജു(47) ആണ് മരണപ്പെട്ടത്. പൊന്മുടി വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അമിതവേഗതയിൽ എതിർദിശയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
മദ്യലഹരിയിലായിരുന്നു കാറിലുണ്ടായിരുന്ന സംഘമെന്ന് വ്യക്തമായിട്ടുണ്ട്. ശനിയാഴ്ചയും സമാന രീതിയിൽ ഹൈവേയിൽ ടൂറിസ്റ്റുകളുടെ വാഹനം ഇടിച്ച് അപകടം സംഭവിച്ചിരുന്നു.
മദ്യത്തിനു കർശന നിരോധനമുള്ള പൊന്മുടിയിൽ നിന്ന് വിനോദസഞ്ചാരികളുടെ സംഘം വിതുര ചേന്നൻപാറയിൽ എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാണെങ്കിലും പലരും വിവിധ തന്ത്രങ്ങളുപയോഗിച്ച് മദ്യം പൊന്മുടിയിലേക്ക് കടത്താറുണ്ട്.
ഞായറാഴ്ച നടന്ന അപകടത്തിൽ എതിർദിശയിൽ നിന്നെത്തിയ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നുപോയി. ഡ്രൈവർ സീറ്റിനോട് ചേർന്ന ഭാഗം ഉൾപ്പെടെ തകർന്ന നിലയിലാണ്.
വാഹനം എത്രത്തോളം അപകടകരവും അലക്ഷ്യവുമായുമാണ് ഓടിച്ചതെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ പ്രദേശത്ത് പത്തോളം പേരുടെ ജീവനാണ് ഇത്തരം അപകടങ്ങളിൽ പൊലിഞ്ഞത്.
വിതുരയിലും പരിസര പ്രദേശങ്ങളിലും എത്തുന്ന വിനോദസഞ്ചാരികളുടെ അമിതവേഗതയും മത്സരയോട്ടവും പ്രദേശവാസികൾക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊടുംവളവുകളിൽ പോലും കാൽനടയാത്രക്കാരെ പരിഗണിക്കാതെയാണ് വാഹനങ്ങളുടെ കുതിപ്പ്.
വാഹന പരിശോധന ശക്തമാക്കണമെന്ന് ആവശ്യം പൊലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ വാഹന പരിശോധന ഉണ്ടാകാത്തതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ശക്തമായ ആക്ഷേപമുണ്ട്. ഹൈവേ പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നിരീക്ഷണം ശക്തമാക്കാത്തതും വേഗത നിയന്ത്രിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പിലാക്കാത്തതുമാണ് പ്രധാന പ്രശ്നമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൂടാതെ, റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി ആവശ്യമായ അളവിൽ ട്രാഫിക് ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

