
പാലോട് ∙ നന്ദിയോട് പ്രദേശത്ത് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ സ്കൂൾ വിദ്യാർഥികൾക്ക് മദ്യവും നിരോധിത ലഹരി വസ്തുക്കളും പണവും നൽകിയെന്ന് ആരോപണം. തിരഞ്ഞെടുപ്പ് നടന്ന വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ എസ്എഫ്ഐ യൂണിറ്റിലെ ചിലർ കുട്ടികൾക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും മദ്യക്കുപ്പികളുമായി സ്കൂളിനുള്ളിൽ കയറിയെന്നുമാണ് കെഎസ്യു ആരോപിക്കുന്നത്.
നിരോധിത ലഹരി വസ്തുക്കളും വെള്ളക്കടലാസുകളിൽ ‘വോട്ട് ഫോർ എസ്എഫ്ഐ’ എന്നെഴുതി 100 രൂപ നോട്ട് കൂടി വച്ച് വിദ്യാർഥികൾക്ക് കൈമാറിയതായും കെഎസ്യു ആരോപിച്ചു. ആരോപണം എസ്എഫ്ഐ നേതൃത്വം നിഷേധിച്ചു.
വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനവുമായി റോഡിലേക്ക് ഇറങ്ങിയപ്പോൾ പത്തോളം പ്ലസ്ടു വിദ്യാർഥികൾ മറ്റൊരു ഇടവഴിയിലേക്ക് ചെന്ന് മദ്യപിച്ചതായാണ് പരാതി.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ മദ്യപിക്കുന്ന ദൃശ്യം കെഎസ്യു പ്രവർത്തകർ പകർത്തി. തുടർന്നു നാട്ടുകാർ പൊലീസിനെ വിളിച്ചു.
ദൃശ്യങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും പൊലീസ് ഗൗനിച്ചില്ലെന്ന് കെഎസ്യു പറയുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോൾ ഒരു വിദ്യാർഥിയുടെ ബാഗിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി. എന്നാൽ ഇത് ആരുടേതാണെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.
ഈ സ്കൂളിലെ വിദ്യാർഥിയുടെ ബാഗാണെന്ന് പോലും പൊലീസിന് ഉറപ്പിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ബാഗിന്റെ ഉടമസ്ഥനായ കുട്ടിയോട് വിവരം ആരാഞ്ഞില്ലെന്ന് കെഎസ്യു പറയുന്നു.
ബാഗിൽ ഒരു ലീറ്റർ മദ്യം ഉണ്ടായിരുന്നുവെന്ന് എസ്എച്ച്ഒ പറഞ്ഞു.സംഭവവുമായി പ്രവർത്തകർക്ക് പങ്കില്ലെന്ന് എസ്എഫ്ഐ വിതുര ഏരിയ സെക്രട്ടറി ഐമാൻ പറഞ്ഞു. തങ്ങളുടെ പരാതി സ്വീകരിക്കാൻ പാലോട് പൊലീസ് തയാറായില്ലെന്ന് കെഎസ്യു മണ്ഡലം പ്രസിഡന്റ് രേഖാന്ത് ശശി പറഞ്ഞു.
പിടിഎ ചർച്ച ചെയ്യും
‘വിദ്യാർഥികൾ മദ്യപിച്ചതായി വിവരം ശ്രദ്ധയിൽപ്പെട്ടു.
സംഭവം നടന്നത് ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് സ്കൂൾ കോംപൗണ്ടിനു പുറത്താണ്. അതിനാൽ സ്കൂളിന് ഉത്തരവാദിത്തമില്ല’.– പ്രിൻസിപ്പൽ പറഞ്ഞു.
എങ്കിലും ഈ വിഷയം പിടിഎ യോഗം ചേർന്ന് ചർച്ച ചെയ്യുമെന്നും ആവശ്യമെങ്കിൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]