തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിനായി ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ചിറയിൻകീഴിലെ പരാജയത്തിന് പ്രധാന കാരണം ന്യൂനപക്ഷ ഏകീകരണമാണെന്ന് യോഗം വിലയിരുത്തി.
എന്നാൽ, നെടുമങ്ങാട് അത്തരമൊരു ഏകീകരണം നടക്കാത്തത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സഹായകമായതായും വിലയിരുത്തലുണ്ട്. ചിറയിൻകീഴിൽ ജയം ഉറപ്പിച്ചെന്ന ആത്മവിശ്വാസം പ്രവർത്തനം മന്ദഗതിയിലാക്കിയെന്നും യോഗം നിരീക്ഷിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ മന്ത്രിമാരായതിനാൽ സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമായില്ലെന്ന പരാതി ഉയർന്നു. നാദാപുരം, പീരുമേട് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പിഴവുകളും യോഗത്തിൽ വിമർശനത്തിന് വഴിവെച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റ് അഴിച്ചുപണിയണമെന്ന ശക്തമായ ആവശ്യവും അംഗങ്ങൾ ഉന്നയിച്ചു. അമിത ആത്മവിശ്വാസവും, കഠിനംകുളം പഞ്ചായത്തിൽ കോൺഗ്രസ് തർക്കം പരിഹരിക്കപ്പെട്ടതും തിരിച്ചടിയായതായി യോഗം ചൂണ്ടിക്കാട്ടി.
അയ്യപ്പസംഗമം സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കിയെന്നും, തൽഫലമായി കോൺഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികളും ചായുന്നുവെന്ന പ്രതീതി ഉടലെടുത്തതായും വിമർശനമുയർന്നു. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ശേഷം നടന്ന തിരുത്തൽ പ്രക്രിയകൾ ഫലം കണ്ടില്ലെന്നും ഇത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
നെടുമങ്ങാട് സിപിഐ വിട്ട് കോൺഗ്രസിലെത്തിയ വ്യക്തിയെ യുഡിഎഫ് സ്ഥാനാർഥിയാക്കിയത് തങ്ങൾക്ക് അനുകൂലമായെന്നും, യുഡിഎഫ് വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ചേർന്ന ആദ്യ ജില്ലാ നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ, കെ.രാജൻ, ജി.ആർ.അനിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

