
കുട്ടികൾക്കായി ബാലാവകാശ കമ്മിഷൻ റേഡിയോ ‘നെല്ലിക്ക’ ആരംഭിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ഒരു ഇന്റർനെറ്റ് റേഡിയോ പദ്ധതി ആരംഭിക്കുന്നു. റേഡിയോയുടെ ഉദ്ഘാടനം ജൂൺ 18ന് മുഖ്യമന്ത്രി പിണറായ് വിജയൻ അദ്ദേഹത്തിന്റെ ചേമ്പറിൽ നിർവഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്.
കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ ലഹരി സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ആത്മഹത്യ സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾ അധ്യാപകർ, രക്ഷാകർത്താക്കൾ സമൂഹം എന്നിവർക്കിടയിൽ ബാലനീതി പോക്സോ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നു.
കുട്ടികളുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്ന വിജ്ഞാനപ്രദവും ആകർഷകവുമായ ഉള്ളടക്കമാണ് റേഡിയോയിൽ. ഡിജിറ്റൽ മീഡിയയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയെക്കുറിച്ചുള്ള നിർണായക സന്ദേശങ്ങൾ ജീവിതത്തിന്റെ എല്ലാ തുറകളിലും എത്തിക്കാൻ സാധിക്കും. ചർച്ചകൾ, കഥപറച്ചിൽ, സംവേദനാത്മക സെഷനുകൾ എന്നിവയിലൂടെ കുട്ടികളുടെ ശബ്ദങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ റേഡിയോക്ക് സാധിക്കും.
ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ 4 മണിക്കൂർ പ്രോഗ്രാമാകും പ്രക്ഷേപണം ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതവിന് ഇഷ്ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാൻ സാധിക്കും. പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയേയിലെ പൊതു ഉള്ളടക്കം രാവിലെ 7 മുതൽ 8 വരെ റൈറ്റ് ടേൺ എന്ന പരിപാടി കുട്ടികളുടെ അവകാശ നിയമങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ്. സന്തോഷകരവും പ്രചോദനാ ത്മകവുമായ വിഷയങ്ങളെ രസകരമായ രീതിയിൽ കുട്ടികളുടെ പ്രകടനങ്ങളും പൊതുവിജ്ഞാനവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണു ചെയ്യുന്നത്.
പ്രചോദനവും വിനോദവും പഠനവും ഒത്തുചേർന്ന മനോഹരമായ ഈ പരിപാടി വൈകിട്ട് 4 മുതൽ 5 വരെ വീണ്ടും ശ്രവിക്കാൻ കഴിയും. രാവിലെ 8 മുതൽ 9 വരെ ഇമ്മിണി ബല്യ കാര്യം എന്ന ഫോണിൻ പരിപാടിയാണ്. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുമിച്ച് ചേർത്ത് കുഞ്ഞുമനസുകളിൽ സാമൂഹിക സാസ്കാരിക അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.യഥാർത്ഥ ജീവിത കഥകൾ, ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ പരസ്പര സംവാദങ്ങൾ എന്നിവയിലൂടെ കുട്ടികൾക്ക് സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉത്തരവാദിത്തങ്ങളും മനസിലാക്കാൻ ഈ ഫോണിൻ പരിപാടിയിലൂടെ സാധിക്കും. ഇതേ പരിപാടി വൈകിട്ട് 5 മുതൽ 6 വരെ വീണ്ടും ശ്രവിക്കാൻ കഴിയും.
ഉച്ചക്ക് 12 മുതൽ 1 വരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങൾ പരിഭവങ്ങൾ പ്രയാസങ്ങൾ സന്തോഷങ്ങൾ അനുഭവങ്ങൾ കഥകൾ എന്നിവ കത്തുകളിലൂടെ പങ്കുവെക്കുന്ന ഹൃദയസ്പർശിയായ പരിപാടിയാണ് ആകാശദൂത്. എല്ലാ പ്രായക്കാരും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുന്ന പരിപാടി കൂടിയാണിത്. ഇത് രാത്രി 8 മുതൽ 9 വരെ വീണ്ടും ശ്രവിക്കാൻ കഴിയും.
ആൻഡ്രോയിഡ് ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും IOS ൽ ആപ്സ്റ്റോറിൽ നിന്നും Radio Nellikka ഡൗൺലോഡ് ചെയ്യാവുന്നതും കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്സ് കേബിൾ, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ കേൾക്കാൻ സാധിക്കും. പരിപാടിയിലേക്ക് കുട്ടിക്കാല ഓർമകൾ അനുഭവങ്ങൾ സ്കൂൾ ജീവിതം സന്തോഷങ്ങൾ പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും [email protected], വാട്ട്സാപ്പ് മുഖേനെയും അറിയിക്കാവുന്നതും ഇമ്മിണി ബല്യ കാര്യം, അങ്കിൾ ബോസ് എന്നീ പരിപാടികളിലേക്ക് +91 9993338602 എന്ന മൊബൈലിലും വിളിക്കാവുന്നതാണ്.