
കടലെടുത്ത് ശംഖുമുഖം തീരം: ഇനി ‘ത്രിശങ്കു’മുഖം; രണ്ടു ദിവസത്തിനിടെ കടലെടുത്തത് 50 മീറ്ററോളം ഭാഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോവളം കഴിഞ്ഞാൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ജനം ഏറെ ഇഷ്ടപ്പെട്ടിരുന്ന ശംഖുമുഖം തീരം പൂർണമായി കടലെടുത്തു. തീരത്തിന് അഭിമുഖമായി ഉണ്ടായിരുന്ന റോഡ് പൂർണമായി കടലെടുത്തതിനു പിന്നാലെ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടത്തിയിരുന്ന മണ്ഡപത്തിനു തൊട്ടടുത്തു വരെയുള്ള തീരം ഇപ്പോൾ കടൽ കവർന്ന നിലയിലാണ്. ജില്ലയിലെ പ്രധാനപ്പെട്ട 3 തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സർക്കാർ വകുപ്പുകളുടെ കൺമുന്നിൽ കടലിൽ മറയുന്നത്.
400 മീറ്ററോളം ഉണ്ടായിരുന്ന ശംഖുമുഖം തീരത്തിന്റെ നാശം ആരംഭിച്ചത് ഓഖി ചുഴലിക്കാറ്റിനു ശേഷമാണ്. കെടിഡിസിയുടെ റസ്റ്ററന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുൻവശം മുൻപ് റോഡ് ആയിരുന്നു. ഈ റോഡിന്റെ ഒരു വശത്ത് ഇരിപ്പിടങ്ങളും 250 മീറ്ററോളം വരുന്ന തീരവും ആയിരുന്നു ശംഖുമുഖത്തിന്റെ ഭംഗി. നിലവിൽ ഈ ഭാഗമെല്ലാം ഇപ്പോൾ കടലാണ്. ഇരിപ്പിടങ്ങളും 5 ഹൈമാസ്റ്റ് ലൈറ്റുകളും റോഡുമൊന്നും ഇന്ന് ഇല്ല. റസ്റ്ററന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് തൊട്ടടുത്തു വരെ എത്തിയിരിക്കുകയാണ് കടൽ. രണ്ടു ദിവസത്തിനിടെ നടപ്പാത ഉൾപ്പെടെ 50 മീറ്ററോളം ഭാഗം കൂടി കടലെടുത്തതായി ലൈഫ് ഗാർഡുകൾ പറയുന്നു.
ആറാട്ട് മണ്ഡപം ഭീഷണിയിൽ
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അൽപ്പശി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് നടത്തുന്ന ആറാട്ട് ശംഖുമുഖത്താണ് നടത്തുന്നത്. തീരത്തോട് ചേർന്ന് രാജ ഭരണ കാലത്ത് നിർമിച്ച മണ്ഡപത്തിലാണ് വിഗ്രഹങ്ങളുടെ ഇറക്കിപ്പൂജ നടത്തുന്നത്. ഈ മണ്ഡപത്തിന് മീറ്ററുകൾക്കകലെ വരെ കടൽ എത്തി. കടൽക്ഷോഭം തുടർന്നാൽ ദിവസങ്ങൾക്കകം മണ്ഡപവും കടലെടുക്കുമെന്ന സ്ഥിതിയാണ്.
കോൺക്രീറ്റ് കടൽഭിത്തി രക്ഷ
ശംഖുമുഖം– വിമാനത്താവളം റോഡാണ് വർഷങ്ങൾക്ക് മുൻപ് ആദ്യം തകർന്നത്. ഇതു സംരക്ഷിക്കാൻ കോൺക്രീറ്റ് കടൽഭിത്തി (ഡയഫ്രം വാൾ) നിർമിച്ചതു മാത്രമാണ് ഏക ആശ്വാസം. ഈ ഭിത്തിയും കടന്ന് തിരമാലകൾ എത്തിയതിനെ തുടർന്ന് ഒരു വരി ഗതാഗതം നിരോധിച്ചത് അടുത്തിടെയാണ്. 2020 ലാണ് കടൽഭിത്തി നിർമാണം തുടങ്ങിയത്. തിരയടിയിൽ നിന്നു തീരത്തെ സംരക്ഷിക്കുന്നതിനു കോൺക്രീറ്റ് കടൽഭിത്തി നിർമാണമായിരുന്നു ഒന്നാം ഘട്ടം. തകർന്ന റോഡ് പുനർ നിർമിച്ച് കോൺക്രീറ്റ് ഭിത്തി വരെ മണ്ണു നിറച്ച് പഴയ തീരത്തിന്റെ പുനർനിർമാണമായിരുന്നു രണ്ടാം ഘട്ടം. 4.39 കോടിയായിരുന്നു ചെലവ്.
തിരയുടെ വേഗതയും രൂക്ഷതയും കണക്കാക്കി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്തതാണ് കോൺക്രീറ്റ് ഭിത്തി. നിലവിലെ റോഡിൽ നിന്നു 6 മീറ്റർ ഉള്ളിലേക്ക് മാറി 50 സെന്റീമീറ്റർ വീതിയിലായിരുന്നു നിർമാണം. ഇതിനെ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് കരയുമായി ബന്ധിപ്പിക്കുന്നതിനാൽ കടൽക്ഷോഭത്തിൽ തീരം തകരില്ല. ഈ കോൺക്രീറ്റ് ഭിത്തി വരെ മണ്ണു നിറച്ചാണ് പഴയ റോഡ് പുനർ നിർമിച്ചത്.
വള്ളങ്ങൾ കടലെടുത്തു;ലക്ഷങ്ങളുടെ നഷ്ടം
ട്രോളിങ് നിരോധനം കാരണം തീരത്ത് കയറ്റിവച്ചിരുന്ന ബോട്ടുകളും ശക്തമായ തിരയിൽപ്പെട്ട് നശിച്ചു. ആറാട്ട് മണ്ഡപത്തിന് സമീപത്തായാണ് ബോട്ടുകൾ കയറ്റിയിരുന്നത്. ഇതിൽ 3 ബോട്ടുകളാണ് നശിച്ചത്.
പുതിയ തീരം നിർമിച്ച് തമിഴ്നാട് മാതൃക
പ്രകൃതി ദത്ത തീര പ്രദേശങ്ങളെ കടലിന് വിട്ടുകൊടുത്ത് സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുമ്പോൾ, കടലിനോട് ചേർന്ന് മുട്ടം ബീച്ച് എന്ന പേരിൽ പുതിയ തീരം നിർമിച്ചിരിക്കുകയാണ് തമിഴ്നാട്. തക്കലയിൽ നിന്ന് 16 കിലോമീറ്റർ മാറിയാണ് മുട്ടം ബീച്ച്. ലൈറ്റ് ഹൗസിന്റെ നവീകരണത്തിന് കേന്ദ്ര സർക്കാർ നൽകിയ 1.80 കോടി രൂപ ചെലവഴിച്ച് തമിഴ്നാട് ടൂറിസം വകുപ്പാണ് ബീച്ച് നിർമിച്ചത്. ഇപ്പോൾ മുട്ടം ബീച്ച് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്.