
ടൺ കണക്കിന് മണൽമൂടി മുതലപ്പൊഴി പൊഴിമുഖം അടഞ്ഞു; ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറക്കാനാകുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം/ ചിറയിൻകീഴ് ∙ ടൺ കണക്കിന് മണൽ മൂടിയതോടെ മുതലപ്പൊഴി പൊഴിമുഖം അടഞ്ഞു. ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറക്കാനാകാതെ ദുരിതത്തിലാണ് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും. മണൽ നീക്കാൻ കാര്യക്ഷമമല്ലാത്ത ഡ്രജർ ഇറക്കി സർക്കാർ ജനങ്ങളെ പറ്റിച്ചെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.2 ആഴ്ച മുൻപ് മണൽ നീക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ സമരം നടന്നിരുന്നു. ഇതേ തുടർന്നാണ് ഡ്രജർ ഇറക്കിയത്.
11 വർഷത്തിനും ശേഷമാണ് പൂർണമായി മണൽ മൂടി പൊഴിമുഖം അടയുന്നത്. ദിവസങ്ങൾക്കു മുൻപ് നടന്ന സമരം അവസാനിപ്പിക്കാൻ ഇറക്കിയ ഡ്രജർ ഇപ്പോൾ ഇവിടെ കാഴ്ച വസ്തുവായി കിടക്കുകയാണ്. മണ്ണു മാന്തി യന്ത്രങ്ങളുപയോഗിച്ച് ചെറിയ തോതിൽ മണ്ണു നീക്കുന്നെങ്കിലും സംവിധാനം ഫലപ്രദമല്ല. പൊഴിമുഖം അടഞ്ഞതോടെ മറുവശത്ത് അഴൂർ ഭാഗത്തെ വീടുകളിൽ വെള്ളം കയറിഞ്ഞുടങ്ങി.സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ മുതലപ്പൊഴിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കണമന്നാണ് ആവശ്യം. ആയിരത്തിൽപരം ബോട്ടുകളും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒട്ടേറെ മത്സ്യത്തൊഴിലാളികളും ബോട്ടിറക്കാനാവാതെ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമാണുള്ളത്.
സീസണു മുൻപായി അഴിമുഖത്തെ മണൽ നീക്കത്തിനു ശാശ്വപരിഹാരമുണ്ടായില്ലെങ്കിൽ വൻ ദുരിതത്തിലേക്കു മത്സ്യമേഖല കൂപ്പുകുത്തുന്ന സ്ഥിതിയാണ്. സമീപകാലങ്ങളിൽ മുതലപ്പൊഴിയിലുടലെടുത്ത പ്രശ്നങ്ങളെത്തുടർന്നു കൊല്ലം ഭാഗത്തെ ഹാർബറുകളെ ആശ്രയിച്ചായിരുന്നു മത്സ്യബന്ധനം നടന്നിരുന്നത്. പുറമേ നിന്നുള്ളവരുടെ കടന്നുവരവിനെതിരെ അവിടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം പ്രതിഷേധമുയർത്തി. അതു മീൻപിടിത്തത്തിനു തടസ്സമായി. വൻ സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കി. മണൽനീക്കം എങ്ങുമെത്താതെ തുടരുന്നതിനിടയിൽ അഴിമുഖത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു ന്യൂനപക്ഷക്കമ്മിഷൻ ഇടപെട്ടു നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഇരുന്നൂറിൽപരം താങ്ങുവല വള്ളങ്ങളും അഞ്ഞൂറിൽ ഏറെ ചെറുവള്ളങ്ങളും മുതലപ്പൊഴിയെ ആശ്രയിച്ചാണു മീൻപിടിത്തം നടത്തുന്നത്. അഴിമുഖം മൂടിയതോടെ ഇവ കടലിലിറക്കാനാവുന്നില്ല.ഇതിനിടെ മണൽനീക്കം പൂർത്തിയാവുന്നതുവരെ ബോട്ടുകൾ കൊല്ലത്തു തങ്കശ്ശേരി തുറമുഖത്തെത്തിച്ചു മത്സ്യബന്ധനം തുടരുന്നതിനായി അവിടത്തെ തൊഴിലാളികളുടെ അഭിപ്രായം ആരായാൻ ഇന്നലെ യോഗം ചേർന്നിരുന്നുവെങ്കിലും തീരുമാനം ആയില്ല. സർക്കാർ അലംഭാവം വെടിയണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ടു തുറമുഖ തീരത്തു ബിജെപി പ്രവർത്തകർ പട്ടിണി കഞ്ഞി വച്ചു പ്രതിഷേധിച്ചു.