തിരുവനന്തപുരം ∙ ലക്ഷം ദീപങ്ങളുടെ പ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമർപ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനംകുറിച്ചാണു ലക്ഷദീപം തെളിക്കുക.
ദീപാരാധനയ്ക്കു ശേഷം രാത്രി പൊന്നും ശീവേലിയുമുണ്ടാകും. ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കും. പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലാണു ദീപങ്ങൾ തെളിക്കുന്നത്.
ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതദീപങ്ങളും മിഴി തുറക്കുമ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമാകും.
രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിക്കും.
ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിക്കും.
രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അനുഗമിക്കും. മതിലകത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.
വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കുക. ലക്ഷദീപ ചടങ്ങിനോടനുബന്ധിച്ച് കോട്ടയ്ക്കകത്ത് ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അനന്തപുരിയുടെ ദൃശ്യോത്സവം…
തിരുവനന്തപുരം ∙ ആറു വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചവിരുന്നിന് ഇന്ന് അനന്തപുരി സാക്ഷ്യം വഹിക്കും.
അനന്തശായിയായ ശ്രീ പത്മനാഭ സ്വാമിയുടെ സന്നിധിയിൽ ഇന്ന് ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും. കഴിഞ്ഞ നവംബർ 20 ന് ആരംഭിച്ച മുറ ജപത്തിന് സമാപനം കുറിച്ചാണ് ലക്ഷം ദീപങ്ങൾ തെളിക്കുക.
ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.
മതിലകത്ത് എണ്ണ വിളക്കുകളും ക്ഷേത്രത്തിനു പുറത്ത് വൈദ്യുത വിളക്കുകളുമാണ് തെളിക്കുന്നത്. ഇന്നലെ നടത്തിയ പരീക്ഷണ ദീപം തെളിക്കൽ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയായി.
പത്മതീർഥക്കരയിൽ ഇലുമിനേഷൻ ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ലക്ഷദീപം ദർശിക്കാൻ കഴിയാത്തവർക്കായി 15,16 തീയതികളിലും ദീപങ്ങൾ തെളിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാത്രി എട്ടരയ്ക്കാണ് ശീവേലി. 3 വലം വച്ചാകും ശീവേലി അവസാനിപ്പിക്കുക. സന്ധ്യയോടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ അടിയന്തര ഘട്ടങ്ങളിലല്ലാതെ ശീവേലിക്ക് മുൻപ് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
പാസിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രവേശന കവാടങ്ങൾ വഴിയേ ക്ഷേത്രത്തിനുള്ളിലേക്ക് ഭക്തരെ പ്രവേശിപ്പിക്കൂ. ഭക്തർ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനായി പാർക്കിങ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലക്ഷദീപത്തിനു ശേഷം തിരുവിതാംകൂർ രാജകുടുംബാംഗം ഒരു ആനയെ നടയ്ക്കിരുത്തുന്ന പതിവുണ്ട്. 2020 ലെ ലക്ഷദീപം കോവിഡ് കാലത്ത് ആയിരുന്നതിനാൽ സ്വർണത്തിൽ നിർമിച്ച ആനയെ ആണ് പ്രതീകാത്മകമായി നടയ്ക്കിരുത്തിയത്.
ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാകൂർ രാജവംശമാണ് മുറജപച്ചടങ്ങുകൾ തുടങ്ങിയത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് 1750ൽ ആണ് ആദ്യ ലക്ഷദീപം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

