പാലോട്∙ ആദിവാസി ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പെരിങ്ങമ്മല പഞ്ചായത്തിലെ കല്ലണ ആദിവാസി ഉന്നതിയിലെ പൂമാലയുടെ വീട്ടിലെ 30 അടി താഴ്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി 2ന് കാട്ടുപോത്ത് വീണത്.
ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വനം വകുപ്പ്, ആർആർടി, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഏറെ ശ്രമകരമായ ജോലിക്കിടെയാണ് ക്രെയിൻ ഉപയോഗിച്ച് കാട്ടുപോത്തിനെ പുറത്തെടുത്തത്.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മറവു ചെയ്തു. ഈ പ്രദേശത്ത് പുറത്തിറങ്ങാനാവാത്ത വിധം കാട്ടുപോത്തുകൾ കൂട്ടമായി എത്തുന്നത് പതിവാണെന്നും ആനകളും മ്ലാവുകളും സ്ഥിരം ശല്യക്കാരാണെന്നുമാണ് നാട്ടുകാരുടെ പരാതി.
കിണറിന് ആൾമറ നിർമിക്കാൻ സഹായം ലഭിച്ചില്ലെന്ന് പരാതി
പെരിങ്ങമ്മല ഇടവം വാർഡിലെ കല്ലണ ആദിവാസി ഉന്നതിയിൽ ഇന്നലെ കാട്ടുപോത്ത് വീണ കിണറിന് ആൾമറ കെട്ടാൻ അപേക്ഷ നൽകിയിട്ടും ത്രിതല പഞ്ചായത്തുകളോ ട്രൈബൽ ഡിപ്പാർട്മെന്റോ സഹായം നൽകിയില്ല എന്ന് കിണറിന്റെ ഉടമ പൂമാല പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് കിണർ കുഴിക്കാൻ ട്രൈബൽ വകുപ്പിൽ നിന്ന് 12000രൂപ ലഭിച്ചു. എന്നാൽ 40,000രൂപ മുടക്കിയപ്പോഴാണു കിണർ കുഴിച്ചു തീർന്നത്.
അങ്ങനെ കടക്കെണിയിൽ ആയി. ആൾമറ കെട്ടാൻ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല.
സ്വന്തമായി കാട്ടുകല്ലുകൾ ഉപയോഗിച്ച് ചുറ്റിനും ബലപ്പെടുത്തുകയാണ് ചെയ്തത്.
അതിനു ശേഷം പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയെങ്കിലും സഹായം കിട്ടിയില്ലെന്ന് പറയുന്നു. ആൾമറ ഉണ്ടായിരുന്നെങ്കിൽ കാട്ടുപോത്ത് വീഴില്ലായിരുന്നു.
പൂമാലയുടെ കുടുംബം ഉൾപ്പെടെ മൂന്നു കുടുംബങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന കിണറാണ്. ഒരിക്കലും വറ്റാത്ത കിണർ വേനൽക്കാലത്ത് പരിസരവാസികളുടെ ആശ്രയമാണ്. നിലവിൽ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. കുട്ടികളടക്കം ഓടിക്കളിക്കുന്ന സ്ഥലത്താണ് തീർത്തും അപകടകരമായ നിലയിൽ വീട്ടുമുറ്റത്തെ ഈ കിണറുള്ളത്.
വനം വകുപ്പ് കിണർ വൃത്തിയാക്കി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

