തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഏറ്റവും ‘സുരക്ഷ’യുള്ള ബാങ്ക് ഏതെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, തിരുവനന്തപുരം പൊലീസ് സഹകരണ സംഘം. പതിനായിരത്തിലേറെ അംഗങ്ങൾ, എല്ലാവരും പൊലീസുകാർ !
കരുവന്നൂരിനും കണ്ടലയ്ക്കും പിന്നാലെ പല സഹകരണ ബാങ്കുകളും പൊട്ടിപ്പൊളിഞ്ഞപ്പോൾ, നിക്ഷേപം ചോരാതെ ഒരു സഹകരണ ബാങ്കിനെ എല്ലാ പ്രതാപത്തോടെയും നിലനിർത്തുന്നതും ഇൗ പൊലീസ് സംഘമാണ്.
സഹകരണം ഇൗ പേരിൽ മാത്രമല്ല, പ്രവർത്തനത്തിലുമുണ്ട്. അതു കൊണ്ടാണ് ചുരുങ്ങിയ കാലംകൊണ്ട് 400 കോടിയിലേറെ നിക്ഷേപമുള്ള ബാങ്കായി ഇൗ സംഘം തൊപ്പിയണിഞ്ഞു നിൽക്കുന്നത്.1978ൽ വഴുതക്കാട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു സമീപത്തെ ഒറ്റമുറിയിലായിരുന്നു പൊലീസ് സ്റ്റാഫ് സഹകരണ സംഘമെന്ന പേരിൽ ഇൗ കൂട്ടായ്മയുടെ തുടക്കം.
ഇടതുപക്ഷ അനുഭാവമുള്ള പൊലീസുകാരായിരുന്നു സംഘത്തെ നയിച്ചിരുന്നത്.
2013ൽ ഭാരവാഹികൾക്കിടയിൽ ഭിന്നത രൂപപ്പെട്ടു. അവർ രണ്ടായി പിളർന്നു.
അങ്ങനെ 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ സംഘം യുഡിഎഫ് അനുകൂലികൾ പിടിച്ചെടുത്തു. അതിനു ശേഷം ഇന്നുവരെ പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി കൂടിയായ ജി.ആർ.അജിത്ത് നയിക്കുന്ന സംഘമാണ് ഭരണം നടത്തുന്നത്.
ബാങ്ക് ഓഫ് പൊലീസ്
സംസ്ഥാന വ്യാപകമായി ബാങ്കുകൾ പിടിച്ചെടുക്കാൻ എൽഡിഎഫ് നീക്കം നടത്തുന്നതും അതു വിജയിക്കുന്നതുമാണ് കാഴ്ചയെങ്കിൽ ഇവിടെ സംഗതി മറിച്ചാണ്.
ബാങ്ക് വളരുന്നതിനൊപ്പം അംഗങ്ങൾക്ക് ആനുകൂല്യങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതു കാരണം തിരഞ്ഞെടുപ്പുകളിൽ പൊലീസുകാരുടെ വോട്ടെല്ലാം നിലവിലുള്ള ഭരണസമിതിക്കാണ്. ബാങ്കിന്റെ മെച്ചപ്പെട്ട
പ്രവർത്തനം കാരണം മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ മന്ത്രി വി.എൻ.വാസവനും എല്ലാ സഹായവുമായി ഒപ്പമുണ്ട്.
രാഷ്ട്രീയം വേറെ, വികസനം വേറെ. 2022 ൽ ജില്ലയിലെ ഏറ്റവും മികച്ച സഹകരണ സംഘത്തിനുള്ള പുരസ്കാരവും ഇൗ ബാങ്കിനായിരുന്നു.2013ൽ പുതിയ ഭരണസമിതി ചുമതലയേൽക്കുമ്പോൾ 30 കോടി നിക്ഷേപവും 47 കോടി വായ്പയുമായിരുന്നു ബാങ്കിന്റെ ബാലൻസ് ഷീറ്റ്.
കിട്ടാക്കടം 11 കോടി രൂപ. ഇപ്പോൾ അത് 400 കോടി നിക്ഷേപവും 370 കോടി വായ്പയുമായി പെരുകി.
നന്ദാവനം എആർ ക്യാംപിന്റെ പുറകിലായി ഭരണസമിതി കണ്ടെത്തിയ 10 സെന്റ് സ്ഥലം ഉമ്മൻ ചാണ്ടി സർക്കാർ സംഘത്തിനു കൈമാറി.
ഉൗരാളുങ്കൽ സൊസൈറ്റി കെട്ടിടം നിർമിച്ചു. അതിലാണ് ബാങ്കിന്റെ പ്രവർത്തനം.
11 അംഗ ഭരണസമിതിയാണ് ബാങ്കിനെ നയിക്കുന്നത്. തിരുവനന്തപുരം സിറ്റി, റൂറൽ ജില്ലകളിലെ പൊലീസുകാരും മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ പൊലീസുകാരുമാണ് സംഘത്തിലെ അംഗങ്ങൾ.
അങ്ങനെ പതിനായിരത്തോളം പേർ. ഡിജിപി റാങ്കിലുള്ളവർ അടക്കം ഇരുപത്തഞ്ചോളം ഐപിഎസുകാരും ഇക്കൂട്ടത്തിലുണ്ട്.
സേനയിൽ നിന്നു വിരമിക്കുന്നതോടെ അംഗത്വം നഷ്ടപ്പെടും.
കാര്യമായ വിലക്കുറവ്; മരുന്നിനും
ബാങ്ക് ഇടപാടുകൾക്കു പുറമേ, നഗരത്തിൽ കുട്ടികൾക്ക് ബുക്കും പെൻസിലും വാട്ടർബോട്ടിലുമൊക്കെ വില കുറച്ചു കൊടുക്കാനും രോഗികൾക്കു മരുന്നെത്തിക്കാനും ഒക്കെ അംഗങ്ങളായ പൊലീസുകാർ പരിശ്രമിക്കുന്നുണ്ട്. നിക്ഷേപമായി ലഭിക്കുന്ന പണം കൊണ്ടു വായ്പ നൽകിയാണ് എല്ലാ ബാങ്കുകളും പ്രവർത്തിക്കുന്നത്.
എന്നാൽ, ബാങ്കുകൾ വളരണമെങ്കിൽ അതു മാത്രം പോരാ. അതു കൊണ്ടാണ് 2021ൽ വ്യാപാര രംഗത്തേക്കു കൂടി കടക്കാൻ തീരുമാനിച്ചതെന്ന് ഭരണസമിതി പറയുന്നു.
അവധിക്കാലത്ത് സ്കൂൾ വിപണിയിൽ നിന്നായിരുന്നു തുടക്കം.
ചെറിയ ലാഭം മാത്രമെടുത്ത് വൻ വിലക്കുറവിൽ ബുക്കും ബാഗുമൊക്കെ വിറ്റു. ഗ്രാമങ്ങളിൽനിന്നു പോലും വിപണിയിലേക്ക് ആളൊഴുകി.
പിന്നീട് വിപണി വലുതാക്കി. കഴിഞ്ഞ വർഷം തൈക്കാട് പൊലീസ് ഗ്രൗണ്ട് തന്നെ സ്കൂൾ വിപണിക്കായി വാടകയ്ക്കെടുത്തു.
60 മുതൽ 70% വരെ വിലക്കുറവിലാണ് വിൽപന. 2021ൽ തന്നെ നന്ദാവനം ക്യാംപിന് എതിർവശത്തായി സഹകരണ സൂപ്പർ ബസാറും തുടങ്ങി.
പൊലീസുകാർക്കു മാത്രമല്ല, പൊതുജനങ്ങൾക്കും 40% വരെ വിലക്കുറവിൽ എല്ലാത്തരം ഉൽപന്നങ്ങളും വാങ്ങാം.
പലവ്യഞ്ജനങ്ങൾ, ഗൃഹോപകരണ സാധനങ്ങൾ, വാഹനങ്ങളുടെ ടയർ, മഴക്കോട്ട്, പഠനോപകരണങ്ങൾ തുടങ്ങിയവയെല്ലാം സൂപ്പർ ബസാറിലുണ്ട്.ദിവസം 10 ലക്ഷം രൂപയ്ക്കു മേലാണ് സഹകരണ ബസാറിലെ കച്ചവടം. നന്ദാവനം ക്യാംപിനു പുറകിലുള്ള ബാങ്ക് ആസ്ഥാന മന്ദിരത്തിന്റെ മൂന്നാം നിലയിലെ ഇലക്ട്രോണിക് ഷോറൂമിൽ നിന്ന് പൊതുജനങ്ങൾക്ക് കാര്യമായ വിലക്കിഴിവിൽ ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാം.
നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവിടങ്ങളിലും ബസാർ ആരംഭിക്കാൻ പോകുകയാണ്.
നന്ദാവനത്ത് ആരംഭിച്ച സഹകരണ നീതി മെഡിക്കൽ സ്റ്റോറിൽ 20 മുതൽ 80% വരെ വിലക്കിഴിൽ എല്ലാ തരം മരുന്നുകളും ലഭിക്കും. ലഭ്യമല്ലാത്ത മരുന്നുകൾ ഒാർഡർ ചെയ്താൽ എത്തിച്ചു നൽകും.
5 കിലോമീറ്ററിനുള്ളിലാണെങ്കിൽ 9447424051 എന്ന നമ്പറിലേക്ക് വിളിച്ചറിയിച്ചാൽ കിടപ്പുരോഗികൾക്ക് മരുന്ന് സൗജന്യമായി വീട്ടിലെത്തിച്ചും നൽകും. മെഡിക്കൽ സ്റ്റോറിനും വൈകാതെ ശാഖകൾ വരും.
രക്ഷപ്പെടാനുള്ള വഴി
പലയിടത്തും സഹകരണ ബാങ്കുകൾ തകരുകയോ പ്രതിസന്ധി നേരിടുകയോ ചെയ്യുമ്പോൾ തിരുവനന്തപുരം പൊലീസ് സഹകരണ സംഘം കൂടുതൽ വളർച്ചയിലേക്കു നീങ്ങാൻ കൃത്യമായ കാരണങ്ങളുണ്ടെന്ന് അജിത്ത്.
ജനങ്ങൾ നിക്ഷേപിക്കുന്ന പണം തോന്നിയ പോലെ ചെലവാക്കാനുള്ളതല്ല. നിക്ഷേപകർ പണം ആവശ്യപ്പെട്ടു വന്നാൽ ഉടൻ തിരികെ നൽകാൻ കഴിയണം.
നൽകിയാൽ ആ പണം വൈകാതെ ബാങ്കിലേക്കു തന്നെ മടങ്ങിയെത്തും.
സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ബാങ്കിങ്ങിൽനിന്നു കിട്ടുന്ന ലാഭം വെറുതേ സൂക്ഷിക്കരുത്.
മറ്റു ലാഭകരമായി ബിസിനസുകൾ കണ്ടെത്തി നിക്ഷേപിക്കണം. സംഘത്തിലെ അംഗങ്ങളുടെ ക്ഷേമത്തിനു മുഖ്യ പരിഗണന നൽകണമെന്നും അജിത്ത് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]