
തിരുവനന്തപുരം ∙ നെല്ലിക്കുഴി പാലത്തിന് ജീവനുണ്ടായിരുന്നെങ്കിൽ അത് അധികൃതരോടു ചോദിക്കും, ഞാൻ ആരാണ്, എന്നെ എന്തിനു വേണ്ടിയാണ് പണിതതെന്ന്. കാരണം നെല്ലിക്കുഴി പാലം ഇപ്പോൾ ഒരു സ്മാരകമാണ്.
ആസൂത്രണമില്ലാതെ പദ്ധതി തയാറാക്കിയതിന്റെയും സർക്കാർ അനാസ്ഥയുടെയും സ്മാരകം. പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിനെ കുറിച്ച് അധികൃതർക്ക് ധാരണയില്ലാത്തതിനാൽ പാലം നോക്കുകുത്തിയായി.
പാലത്തിന്റെ രണ്ടു വശത്തും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളാണ്.
ഇനി അപ്രോച്ച് റോഡിന് സ്ഥലം കണ്ടെത്തണമെങ്കിൽ പൊന്നും വില നൽകി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരും. കടകംപള്ളി– അണമുഖം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് പാലം നിർമിച്ചതെന്നാണ് അധികൃതരുടെ അവകാശവാദം.
എന്നാൽ പാലത്തിന്റെ ഒരു വശത്ത് മാത്രമേ റോഡ് ഉള്ളൂ. മറുവശം പൂർണമായി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളാണ്. ഈ സ്ഥിതിയിൽ പാലം വഴിയുള്ള ഗതാഗതം എവിടെ അവസാനിപ്പിക്കുമെന്ന് ഇപ്പോഴും അറിയില്ല.
മേജർ ഇറിഗേഷൻ വകുപ്പിന്റെ അനുമതിയില്ലാതെ പാലം നിർമാണം ആരംഭിച്ചതും വിനോദ സഞ്ചാര സാധ്യത ഇല്ലാത്ത പ്രദേശത്ത് ടൂറിസം വകുപ്പിന്റെ ഫണ്ട് ചെലവഴിച്ചതും ഏറെ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനോട് പ്രതികരിക്കാൻ അധികൃതർ ആരും തയാറാകാത്തത് ദുരൂഹത ഇരട്ടിപ്പിച്ചു. പാലം നിർമാണത്തിന് ആദ്യം തയാറാക്കിയ രൂപരേഖയ്ക്ക് മേജർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയില്ല.
അനുമതിയില്ലാതെ ആരംഭിച്ച പാലം നിർമ്മാണം നിർത്തി വയ്ക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി.
പിന്നീട് ഇറിഗേഷൻ വകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് രൂപരേഖ പുതുക്കിയതിനു ശേഷമാണ് നിർമാണ അനുമതി ലഭിച്ചത്. ഒരു വർഷം മുൻപ് പാലം നിർമാണം പൂർത്തിയാക്കിയെങ്കിലും യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയിലാണ്.ആമയിഴഞ്ചാൻ തോടിന്റെ ഒഴുക്ക് തടഞ്ഞ് പാലം നിർമാണ പ്രവൃത്തികൾ നടത്തിയതാണ് 2023 നവംബറിൽ ശക്തമായ മഴയിൽ ഗൗരീശപട്ടം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലാകാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]