
അമ്മുവിന്റെ മരണം: വിവരങ്ങൾ കൈമാറിയില്ല; ഇടപെട്ട് വിവരാവകാശ കമ്മീഷൻ, 16 നകം കൈമാറണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ചുട്ടിപ്പാറ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടും മഹാത്മാഗാന്ധി സർവ്വകലാശാല നേരിട്ടു നടത്തുന്നതും അഫലിയേറ്റ് ചെയ്തിട്ടുള്ളതുമായ മുഴുവൻ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ. ഇത്തരം സ്ഥാപനങ്ങളുടെ ഏകോപനത്തിനായി രൂപവത്കരിച്ച സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ്)നെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവായി.
പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന നഴ്സിങ് എജ്യൂക്കേഷൻ ഇൻസ്റ്റിറ്യൂട്ടിൽ വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കമ്മിഷൻ ഉത്തരവ്. ഈ സ്ഥാപനത്തിലെ വിദ്യാർഥിനി അമ്മു സജീവ് 2024 നവംബർ 15 ന് ഹോസ്റ്റലിൽ മരിച്ചതുമായി ബന്ധപ്പെട്ട് പിതാവ് തിരുവനന്തപുരം ആയിരൂർപാറ രാമപുരത്ത് പൊയ്കയിൽ ടി. സജീവ് അന്വേഷിച്ച വിവരങ്ങൾ സ്ഥാപനാധികാരികൾ നിഷേധിച്ചിരുന്നു. ഇത് സ്വാശ്രയ സ്ഥാപനമായതിനാൽ പൊതുഅധികാരി അല്ലെന്നും വിവരാവകാശ നിയമം ബാധകമല്ലെന്നുമാണ് കാരണം പറഞ്ഞത്. തുടർന്ന് സജീവ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷണറുടെ കർശന ഉത്തരവുകൾ.
വിവരം നിഷേധിച്ച നടപടി നിയമവിരുദ്ധമാണെന്ന് കമ്മിഷൻ വിധിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 ന് മുമ്പ് സജീവിന് മുഴുവൻ വിവരങ്ങളും സൗജന്യമായി നല്കാൻ കമ്മിഷൻ നിർദ്ദേശിയിരുന്നെങ്കിലും വിവരം ലഭിച്ചില്ലെന്ന രണ്ടാം പരാതി ഹർജിയിലാണ് പുതിയ ഉത്തരവ്. ഭരണഘടനാ നിർദ്ദേശത്താലോ പാർലമെന്റോ നിയമസഭയോ പാസാക്കിയ നിയമത്താലോ ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാന പ്രകാരമോ നിലവിൽ വന്നതോ സർക്കാർ നിശ്ചയിച്ച ഭരണ സമിതി നിയന്ത്രിക്കുന്നതോ ആയ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കമ്മിഷണർ വ്യക്തമാക്കി. അതിനാൽ എംജി യൂണിവേഴ്സിറ്റിയിലെ എല്ലാ സ്വാശ്രയ സ്ഥാപനങ്ങളും വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി വിവരങ്ങൾ നല്കണമെന്നും ഉത്തരവായി.
എംജിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനായി സർക്കാർ രൂപവത്കരിച്ച സീപാസും അനുബന്ധ സ്ഥാപനങ്ങളും ഇനി മുതൽ വിവരങ്ങൾ പുറത്തു നല്കണം. ഈ സ്ഥാപനങ്ങളിലെല്ലാം വിവരാധികാരി, അപ്പീൽ അധികാരി എന്നിവരെ നിയോഗിച്ച് സർക്കുലർ ഇറക്കണമെന്നും അകാര്യം നോട്ടീസ് ബോർഡിലും വെബ് സൈറ്റിലും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. കമ്മിഷന്റെ ഉത്തരവ് മേയ് 16 നകം നടപ്പാക്കിയ വിവരം മേയ് 25 നകം എഴുതി അറിയിക്കണമെന്നും ഡോ.ഹക്കീം നിർദ്ദേശിച്ചു. അന്തരിച്ച അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാ പകർപ്പുകൾ സഹിതം മേയ് 17 നകം സൗജന്യമായി ലഭ്യമാക്കാൻ ചുട്ടിപ്പാറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നടപടി സ്വീകരിക്കണം. ഇതിന്റെ കൈപ്പറ്റ് രസീത് മേയ് 20 നും കമ്മിഷണർക്ക് ലഭ്യമാക്കണം.
ഉത്തരവുകൾ നടപ്പാക്കിയെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സീപാസ് ഡയറക്ടർ എന്നിവർ ഉറപ്പുവരുത്തണം. ചുട്ടിപ്പാറ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവരങ്ങൾ കൃത്യമായി നല്കുന്നില്ലെങ്കിൽ സ്ഥാപന മേധാവി മുഴുവൻ ഫയലുകളും രേഖകളുമായി ജൂൺ നാലിന് രാവിലെ 11 ന് തിരുവനന്തപുരത്ത് എത്തി കമ്മീഷണർ മുമ്പാകെ ഹാജരാകണമെന്നും ഉത്തരവുണ്ട്.