വാഹനങ്ങളോടുള്ള അമിതമായ ഇഷ്ടത്തിനൊടുവിൽ സ്വന്തമായി നാലു ചക്ര വാഹനം നിർമിച്ചു ശ്രദ്ധേയനായിരിക്കുകയാണ് ഒരു പ്ലസ്ടു വിദ്യാർഥി. വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആർ.ആർ.
അർജുൻ ആണ് റേസിങ് വാഹന രൂപത്തോട് സാമ്യമുള്ള വാഹനം യാഥാർത്ഥ്യമാക്കിയത്. പൊലീസ് ട്രെയ്നിങ് ക്യാംപ് എസ്ഐ മുക്കോല പനവിളക്കോട് നന്ദനം വീട്ടിൽ കെ.
റെജിയുടെയും പരേതയായ വി.ആർ. രാഖിയുടെയും മകനാണ് അർജുൻ.
പെട്രോൾ ഇന്ധനത്തിൽ ഓടുന്ന ഈ ചെറു കാറിന്റെ രൂപകൽപനയും നിർമാണവും പൂർണ്ണമായും സ്വന്തം നിലയ്ക്കായിരുന്നെന്ന് അർജുൻ വ്യക്തമാക്കി. സ്കൂളിൽ നടത്തിയ എക്സിബിഷനോടനുബന്ധിച്ച് സ്വയം നിർമിച്ച വാഹനവുമായി എത്തിയ അർജുൻ ഏവർക്കും കൗതുക കാഴ്ചയായി മാറുകയായിരുന്നു.
പഴയ ബൈക്കിന്റെ എൻജിൻ ആണ് ഈ കാറിനായി ഉപയോഗിച്ചിട്ടുള്ളത്. ആക്രി കടയിൽ നിന്നു സംഘടിപ്പിച്ച ഇരുമ്പ് പ്ലേറ്റുകളും മറ്റും ഉപയോഗിച്ച് കൃത്യം ഒരു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
ക്ലച്ചും ഗിയറും കൈ കൊണ്ടും ആക്സിലറേറ്ററും ബ്രേക്കും കാലു കൊണ്ടു നിയന്ത്രിക്കുന്ന വിധമാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്. ഒറ്റ സീറ്റുള്ള ഈ വാഹനത്തിന് നാലു ടയറുകളാണുള്ളത്.
വീട്ടിലെ വെൽഡിങ് മെഷീൻ ഉപയോഗിച്ചായിരുന്നു പ്രധാന കൂട്ടിയോജിപ്പിക്കലുകൾ നടത്തിയത്. നിർമാണത്തിനായി 35000ത്തിലേറെ രൂപ ചെലവായതായി അർജുൻ പറഞ്ഞു.
മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സഹോദരി ആർ.ആർ. ആദിത്യലക്ഷ്മിയും പിതാവും സ്കൂൾ അധ്യാപകരും തന്റെ ഈ ഉദ്യമത്തിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ടെന്നും ഭാവിയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനാണ് താൽപര്യമെന്നും അർജുൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

