
കേരള സർവകലാശാല യൂണിയൻ: ഏഴിൽ ആറും എസ്എഫ്ഐക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ 7ൽ 6 സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. 3 വൈസ് ചെയർപഴ്സൻ സീറ്റുകളിലൊന്ന് കെഎസ്യു നേടി.ചെയർമാനായി അശ്വിൻ എസ്.നായർ (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജനറൽ സെക്രട്ടറിയായി എ.വി.ഗോവിന്ദ് (മില്ലത്ത് ബിഎഡ് കോളജ്, ശൂരനാട്), വൈസ് ചെയർപഴ്സൻമാരായി എ.അരുൺ (ടികെഎം കോളജ്, കൊല്ലം), അഭിജിത്ത് രാജ് (എസ്എൻ കോളജ്, ചാത്തന്നൂർ), ജോയിന്റ് സെക്രട്ടറിമാരായി ഗാഥ ബി.രാജേഷ് (ബിജെഎം കോളജ്, ചവറ), മുഹമ്മദ് കരീം (അപ്ലൈഡ് സയൻസ് കോളജ്, ധനുവച്ചപുരം) എന്നിവർ എസ്എഫ്ഐ പാനലിൽനിന്ന് വിജയിച്ചു. ആമിന ബ്രോഷാണ് (എസ്എൻ കോളജ്, വർക്കല) കെഎസ്യു പാനലിൽനിന്ന് വൈസ് ചെയർപഴ്സനായി വിജയിച്ചത്.എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എസ്എഫ്ഐ 11 സീറ്റുകളും കെഎസ്യു 4 സീറ്റുകളും നേടി.
അക്കൗണ്ട്സ് കമ്മിറ്റിയിൽ എസ്എഫ്ഐ 4 സീറ്റുകളും കെഎസ്യു ഒരു സീറ്റും നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ 7 സീറ്റുകളിൽ എസ്എഫ്ഐയും 3 സീറ്റുകളിൽ കെഎസ്യുവും വിജയിച്ചു. സെനറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 6 സീറ്റുകളിൽ എസ്എഫ്ഐയും 3 സീറ്റുകളിൽ കെഎസ്യുവും ഒരു സീറ്റിൽ എംഎസ്എഫും വിജയിച്ചു.10 വർഷത്തിനു ശേഷമാണു സർവകലാശാല യൂണിയനിൽ കെഎസ്യുവിന് ജനറൽ സീറ്റുകളിലൊന്ന് ലഭിക്കുന്നത്. സെനറ്റിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധിയെത്തുന്നത്– കായംകുളം എംഎസ്എം കോളജിലെ വിദ്യാർഥിനിയായ ജാസ്മി.
സെനറ്റ്: ഒരു ഫലം കോടതിവിധിയെ ആശ്രയിച്ച്
തിരുവനന്തപുരം ∙ കേരള സർവകലാശാല സെനറ്റിലേക്കു 3 കെഎസ്യു പ്രതിനിധികൾ വിജയിച്ചെങ്കിലും ഒരാളുടെ ഫലം കോടതി വിധിയെ ആശ്രയിച്ചാകും തീരുമാനിക്കുക. സിംജോ സാമുവൽ സക്കറിയ, സൽമാൻ ഫാരിസ്, മുഹമ്മദ് ഷിനാസ് ബാബു എന്നിവരാണു കെഎസ്യു പാനലിൽ സെനറ്റിലേക്കു വിജയിച്ചത്.ഇതിൽ സിംജോയുടെ ഫലമാണ് തടഞ്ഞു വച്ചിരിക്കുന്നത്.പ്രായപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിലെ വിധി വന്ന ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുകയെന്നു സർവകലാശാല അറിയിച്ചു.