
ആറേക്കർ വിസ്തൃതി, ഏതു പ്രായക്കാർക്കും എത്താം; അവഗണനയിൽ കടമ്പുപാറ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിളപ്പിൽ ∙ കാരോട് വാർഡിലെ കടമ്പുപാറ അവഗണനയുടെ നടുവിൽ. ആറേക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പാറയാണ് കടമ്പുപാറ. ഇതിനു മുകളിൽ വാഹനങ്ങൾ എത്തുമെന്നതാണ് പ്രധാന ആകർഷണം. അതിനാൽ ഏതു പ്രായക്കാർക്കും ഇവിടെ എത്താം. ദിവസവും രാവിലെയും വൈകിട്ടും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെ പേരാണ് ഇവിടെ എത്തുന്നത്. എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഇവിടെ ഇല്ലെന്നു പരാതിയുണ്ട്.ലഹരിക്ക് അടിമകളായ സാമൂഹികവിരുദ്ധരുടെ ശല്യമാണ് കടമ്പുപാറയിൽ എത്തുന്നവർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പാറയുടെ മുകളിലും സമീപത്തെ വഴികളിലും ഇവർ അമിത വേഗത്തിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നത് ഭീഷണിയാണ്.
അതിനാൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നു.പാറയ്ക്കു ചുറ്റം സുരക്ഷാ വേലികൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. ശുചിമുറി, ഭക്ഷണശാല തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും സഞ്ചാരികൾക്ക് തിരിച്ചടിയാണ്. റവന്യു വകുപ്പിന്റെ കൈവശമുള്ള കടമ്പുപാറ ടൂറിസം വകുപ്പ് ഏറ്റെടുത്ത് വികസനം നടപ്പാക്കണമെന്ന് പഞ്ചായത്ത് തീരുമാനമെടുത്ത് അറിയിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.പ്രകൃതിക്കു കോട്ടം വരാതെ തന്നെ കടമ്പുപാറയെ മികച്ച വിനോദ സഞ്ചാര കേന്ദ്രം ആക്കുന്നതിനുള്ള രൂപരേഖ ടൂറിസം വകുപ്പ് തയാറാക്കിയെങ്കിലും നടപ്പായില്ല. ശാസ്താംപാറയെയും കടമ്പുപാറയെയും ബന്ധിപ്പിച്ച് റോപ്വേ ഒരുക്കുമെന്ന് ഇടയ്ക്ക് ജനപ്രതിനിധികൾ അറിയിച്ചെങ്കിലും അതും പാഴ്വാക്കായി. നഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കടമ്പുപാറ. നഗരത്തിൽ നിന്നുള്ളവർ പേയാട് വഴി വിളപ്പിൽശാലയിൽ എത്തി അവിടെ നിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. കാട്ടാക്കട കട്ടയ്ക്കോട് വഴിയും കടമ്പുപാറയിൽ എത്താം.