തിരുവനന്തപുരം ∙സമീപ വാർഡുകളിൽ വോട്ടെടുപ്പിന്റെ വലിയ തിരക്കായിരുന്നെങ്കിൽ തീരമേഖലയിൽ വീറും വാശിയും ആവോളം നിറഞ്ഞ പ്രചാരണം നടന്ന നഗരസഭ 66–ാം വാർഡായ വിഴിഞ്ഞത്ത് ഇന്നലെ ആളും ആരവവുമുണ്ടായില്ല. സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണു ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡുകളിൽ ഒന്നാണിത്.
വോട്ടെടുപ്പ് നടക്കേണ്ട വിഴിഞ്ഞം ഗവ.എൽപി സ്കൂൾ ഇന്നലെ വിജനമായിരുന്നു.
ബൂത്ത് നമ്പരുകളും സ്ഥാനാർഥി പട്ടികയും ഒട്ടിച്ചിരുന്ന ക്ലാസ് മുറികൾക്കു മുൻപിൽ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കുമായി ഇറക്കി വച്ച കുടിവെള്ളം മാത്രമാണുണ്ടായിരുന്നത്.
തിരഞ്ഞെടുപ്പ് മാറ്റി വച്ച വിവരവും അറിയിപ്പായി ഒട്ടിച്ചിരുന്നു. ജസ്റ്റിൻ ഫ്രാൻസിസ് ഉൾപ്പെടെ 10 സ്ഥാനാർഥികളാണു ഇവിടെ മത്സര രംഗത്തുണ്ടായിരുന്നത്.
കെ.എച്ച്.സുധീർ ഖാൻ (യുഡിഎഫ്), എൻ.നൗഷാദ് (എൽഡിഎഫ്), സർവ്വശക്തിപുരം ബിനു (ബിജെപി) എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പു മാറ്റി വച്ചതോടെ ഇവർ മൂന്നു പേരും ഇന്നലെ തൊട്ടടുത്ത വാർഡുകളിലെ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായി.
ജസ്റ്റിൻ ഫ്രാൻസിസിന്റെ സംസ്കാരം ഇന്ന്
വിഴിഞ്ഞം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോൾ വാഹനം ഇടിച്ചു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വിഴിഞ്ഞം തെന്നൂർക്കോണം അഞ്ജു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസി(60)ന്റെ സംസ്കാരം ഇന്ന്.
വിഴിഞ്ഞം സിന്ധുയാത്ര മാതാ ദേവാലയ സെമിത്തേരിയിൽ വൈകിട്ട് 3 നാണ് സംസ്കാരം. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചകഴിഞ്ഞു മൃതദേഹം വീട്ടിൽ എത്തിച്ചു.
ശനി രാത്രിയിലെ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിങ്കൾ വൈകിട്ടാണ് മരിച്ചത്. ശനി രാത്രി ഞാറവിള–കരയടിവിള റോഡിൽ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം.
അപകടം സംബന്ധിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും ഇതനുസരിച്ചു ഇന്നു വിശദ അന്വേഷണം ആരംഭിക്കുമെന്നും വിഴിഞ്ഞം എസ്എച്ച്ഒ സുനിൽ ഗോപി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

