തിരഞ്ഞെടുപ്പെന്നാൽ മല മുകളിലെ ബോണക്കാട് ഗവ.യുപി സ്കൂളിന് നടതുറപ്പ് ഉത്സവമാണ്. പഠിക്കാൻ കുട്ടികളില്ലാതെ 2018ൽ അടച്ചു പൂട്ടിയ സ്കൂൾ പിന്നീട് തിരഞ്ഞെടുപ്പ് ബൂത്ത് മാത്രമായി.
സമുദ്രനിരപ്പിൽ നിന്ന് 3,600 അടിയോളം ഉയരെ, തേയില ചെടികൾ തളിർ നുള്ളാതെ മരങ്ങളായി വളർന്നു പൊങ്ങിയ തോട്ടങ്ങൾക്കു നടുവിലെ സ്കൂൾ തിരഞ്ഞെടുപ്പ് കാലത്തു മാത്രമാണു തുറക്കുക. വൃത്തിയാക്കി ബൂത്ത് ഒരുക്കും.
കാലങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ, തൊഴിൽ നഷ്ടപ്പെട്ടിട്ടും അതിജീവന പോരാട്ടവുമായി ഇവിടെ തന്നെ തുടരുന്നവരും സമീപ നാടുകളിലേക്ക് ചേക്കേറിയവരുമെല്ലാം ഉത്സവം പോലെ ഒരുമിച്ചെത്തി വോട്ടിടും. 4 മാസത്തിനു ശേഷം വീണ്ടുമെത്തിയ ഒത്തുചേരൽ ഉത്സവത്തിന്റെ ലഹരിയിലായിരുന്നു ഇന്നലെ ഇവിടം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ(എസ്ഐആർ) ഏറ്റവും രൂക്ഷമായ വെട്ടിനിരത്തലിന് ഇരയായ ബൂത്ത് കൂടിയാണിത്.
ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 799 വോട്ടർമാരുണ്ടായിരുന്ന ഇവിടെ ഇത്തവണയുള്ളത് 568 വോട്ടർമാർ മാത്രം. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്വദേശമായ തമിഴ്നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ വോട്ടുകളാണ് ഒഴിവാക്കപ്പെട്ടതിൽ ഭൂരിപക്ഷവും.
സ്വദേശത്തേക്കു മടങ്ങിയെങ്കിലും ഇവർ പതിവായി ഇവിടെ വോട്ടിടാൻ എത്തിയിരുന്നു. ഓരോ തിരഞ്ഞെടുപ്പുകളിലും ഇവരെ എത്തിക്കുക എന്നതായിരുന്നു രാഷ്ട്രീയ കക്ഷികളുടെ വലിയ വെല്ലുവിളി.
പക്ഷെ, എസ്ഐആറിൽ ഇവരെയെല്ലാം ഒഴിവാക്കി. മറ്റു ജില്ലകളിലേക്ക് ചേക്കേറിയവരുടെ വോട്ടും പോയി.
നിലവിലുള്ള വോട്ടർമാരിൽ തന്നെ ഇപ്പോൾ ഇവിടെ താമസിക്കുന്നത് നൂറ്റൻപതിൽ താഴെപ്പേർ മാത്രം. ബാക്കിയുളളവർ വിതുരയടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർ.
തോട്ടങ്ങളിൽ നിന്ന് വേതന–ആനുകൂല്യ കുടിശികയടക്കം കിട്ടാനുള്ളതിനാൽ ഇവർ വിലാസവും വോട്ടും മാറ്റാൻ തയാറല്ല.
ദിവസവും രാവിലെ 7 മുതൽ രാത്രി 8.30 വരെ 4 കെഎസ്ആർടിസി ബസ് സർവീസ് മാത്രമുള്ള ഇവിടെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്നലെ പകൽ 2 അധിക സർവീസുകൾ കൂടി നടത്തി. ബസുകൾ വരുന്നതിനനുസരിച്ച് ബൂത്തിലെ തിരക്കുമേറി.
അരുവിക്കര മണ്ഡലത്തിലുൾപ്പെട്ട ബോണക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ അട്ടിമറി ജയം കോൺഗ്രസിനായിരുന്നു.
പൊന്മുടി ഉയരത്തിൽ ജനാധിപത്യക്കുളിര്
ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള, സംസ്ഥാനത്തിന്റെ തന്നെ അതിർത്തി ബൂത്തുകളിലൊന്നായ പൊൻമുടി ഗവ.യുപിഎസിൽ നട്ടുച്ചക്കും ചീവീടുകളുടെ കരച്ചിലാണ് വോട്ടെടുപ്പിന് പശ്ചാത്തലമൊരുക്കിയത്.
26 കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലെ ബൂത്തിൽ വോട്ടർമാരും 147 മാത്രം. ഇതിൽ 105 പേർ വോട്ട് ചെയ്തു.
തേയില തോട്ടങ്ങൾ കടന്ന് വനത്തോടു ചേർന്നുള്ള സ്കൂളിൽ ഉച്ചയ്ക്കു മുൻപേ തന്നെ ഭൂരിപക്ഷം പേരും വോട്ട് ചെയ്തു മടങ്ങി. ഇവിടെ നിന്നും ഒരു കിലോമീറ്റർ താഴെ പിഡബ്യുഡി റെസ്റ്റ് ഹൗസിൽ പോളിങ് 96.5% ആയിരുന്നു.
229 വോട്ടർമാരിൽ 221 പേരും വോട്ട് ചെയ്തു. 2 ബൂത്തിലും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ മാത്രമാണ് വോട്ടർമാർ.
വെഞ്ഞാറമൂട് വരെ നീളുന്ന ജില്ലയിലെ ഏറ്റവും വിശാല മണ്ഡലമായ വാമനപുരത്തിന്റെ തുടക്കം ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നാണ്.
വന്യമൃഗശല്യത്തിനിടയിലും വോട്ടുമുടക്കാതെ മണലി
ജില്ലയിൽ വന്യമൃഗ ആക്രമണ ഭീഷണിയുള്ള ബൂത്തായ വിതുര മണലി തലതൂത്തുക്കാവ് ഗവ.ട്രൈബൽ എൽപിഎസിൽ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സ്ക്വാഡുകൾ തിരഞ്ഞെടുപ്പിനിടെ പലതവണ നിരീക്ഷണത്തിനെത്തി. വനത്തിനുള്ളിലെ മതിലുറയ്ക്കാത്ത സ്കൂളാണിത്.
എത്ര മതിൽകെട്ടിയാലും കാട്ടാനയും കാട്ടുപോത്തുമെല്ലാം ഇടക്കിടെ കുത്തിമറിക്കും. ഇപ്പോഴും സ്കൂളിന്റെ പിന്നിലെ മതിലിന്റെ ഒരു ഭാഗം കാട്ടാന ആക്രമണത്തിൽ തകർന്നു കിടക്കുന്നു.
പക്ഷേ ഈ ഭീഷണിക്കിടയിലും വോട്ടെടുപ്പ് ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. 774 വോട്ടിൽ 701 എണ്ണവും പോൾ ചെയ്തു.
അരുവിക്കര, വാമനപുരം മണ്ഡലങ്ങിലായുള്ള മലയോര മേഖലകളിലെല്ലാം വൈകിട്ട് വരെയുള്ള ചുട്ടുപൊള്ളുന്ന വെയിലും വൈകിട്ടു പെയ്ത കനത്ത മഴയും വകവയ്ക്കാതെ ഈ വോട്ടെടുപ്പാവേശം ദൃശ്യമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

