
പാറശാല∙ജീവനക്കാരുടെ കുറവിൽ ദുരിതത്തിലാകുന്നതു ആശുപത്രിയിൽ എത്തുന്ന രോഗികളും ഒപ്പം എത്തുന്നവരും. ദിവസവും ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന പാറശാല താലൂക്ക് ആശുപത്രിയിൽ ആണ് ഡേറ്റ എൻട്രി അടക്കം ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ആവശ്യത്തിനു ജീവനക്കാർ ഇല്ലാതായതോടെ ഒപിയിലേക്കു ടോക്കൺ എടുക്കുന്നതിനു പോലും അര മണിക്കൂർ വരെ കാത്ത് നിൽക്കണം. ടോക്കൺ കൗണ്ടറിനു മേൽക്കൂര കുറവായതിനാൽ വെയിലും മഴയും ഏറ്റു വരിയിൽ ഏറെ സമയം നിൽക്കേണ്ടി വരുന്നത് പിഞ്ചു കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഡേറ്റ എൻട്രി വിഭാഗത്തിലെ ജീവനക്കാരുടെ ക്ഷാമം ആണ് ഒപി കൗണ്ടറിൽ അടക്കം വരി നീളാൻ പ്രധാന കാരണം. 120 ഒാളം പേർ കിടത്തി ചികിത്സാ വിഭാഗത്തിലും ആയിരത്തോളം പേർ ഒപിയിലും എത്തുന്ന ആശുപത്രിയിൽ ഡേറ്റ എൻട്രി ഒാപ്പറേറ്റർ വിഭാഗത്തിൽ ജീവനക്കാർ ഇല്ലാതായിട്ടു മാസങ്ങൾ കഴിഞ്ഞു.
ഡേറ്റ എൻട്രി ജോലികൾക്ക് വേണ്ടി എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നാലു തസ്തികയിലേക്ക് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നരമാസം കഴിഞ്ഞിട്ടും നിയമനത്തിനു ആശുപത്രിയുടെ ചുമതലയുള്ള പാറശാല ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അനുമതി നൽകിയിട്ടില്ല. 32 പേർ പങ്കെടുത്ത അഭിമുഖ പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ അവസാന പേരുകാർ ആയ രണ്ടു പേരെ നിയമിക്കണമെന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ ചിലരുടെ നിർദേശം ആശുപത്രി അധികൃതർ അവഗണിച്ചതാണു നിയമനത്തിനു പൂട്ട് വീഴാൻ ഇടയാക്കിയത് എന്നാണ് ആരോപണം.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം അനർഹർക്ക് വേണ്ടി തിരുകി കയറ്റൽ നടത്തുന്നത് നിയമ നടപടികൾക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും തീരുമാനത്തിൽ വിട്ടു വീഴ്ച ഇല്ലെന്നാണ് ബ്ലോക്ക് അധികൃതരുടെ നിലപാട്.
ജീവനക്കാരുടെ കുറവ് രൂക്ഷമായതിനാൽ നിയമനം ഉടൻ നടത്താൻ അനുമതി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ബ്ലോക്കിനു കത്ത് നൽകി ഒരു മാസം കഴിഞ്ഞിട്ടും മറുപടി നൽകിയിട്ടില്ല. ടൈപ്പിങ് വേഗവും മലയാള ഭാഷയിലെ പ്രാവീണ്യവും പരിശോധിച്ച ശേഷം പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും അർഹരെ ഒഴിവാക്കി മികവ് കുറഞ്ഞവരെ നിയമിക്കുന്നത് ഒാഫീസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കും.നാലു വർഷത്തിനുള്ളിൽ മാത്രം ആശുപത്രി വികസന സമിതി വഴി നടത്തിയ അൻപതോളം നിയമനങ്ങളിൽ ഒട്ടേറെ അനർഹർ ഇടം പിടിച്ച പരാതികളെ തുടർന്നാണ് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താൻ ആശുപത്രി അധികൃതർ ശ്രമം തുടങ്ങിയത്.ക്ലീനിങ് വിഭാഗത്തിൽ നിന്ന് അടക്കം ജീവനക്കാരെ നിയോഗിച്ചാണ് നിലവിൽ ഒപി കൗണ്ടറുകളുടെ വരെ പ്രവർത്തനം.
ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]