
അരികിലുണ്ട് സുരക്ഷ; യുദ്ധസമാന സാഹചര്യങ്ങളിൽ ബോധവൽക്കരണമായി മോക് ഡ്രിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙യുദ്ധസാഹചര്യമുണ്ടായാൽ സന്നദ്ധരാകുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ മോക് ഡ്രില്ലുകൾ നടന്നു. നേരത്തെ തന്നെ മോക്ഡ്രിൽ പ്രഖ്യാപിച്ചിരുന്നതിനാൽ സംഗതി നാടകമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും മിന്നൽ നീക്കങ്ങൾ ജാഗ്രതയോടെ ആളുകൾ നോക്കിനിന്നു.
വൈകിട്ട് 4 വികാസ് ഭവൻ
ഉച്ചത്തിൽ സൈറൺ മുഴങ്ങിയതോടെ ജീവനക്കാർ കൂട്ടത്തോടെ പുറത്തേയ്ക്കിറങ്ങി. 5 മിനിറ്റായില്ല. ഫയർഫോഴ്സിന്റെ ഒരു വലിയ ട്രക്കും 3 ചെറിയ വാഹനങ്ങളും വികാസ് ഭവനു സമീപത്തുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ 5 നിലക്കെട്ടിടത്തിനു മുന്നിൽ പാഞ്ഞെത്തി . വണ്ടിയിൽ നിന്ന് വലിച്ചു നീട്ടാവുന്ന ഏണിയുമെടുത്തു 3 പേർ കെട്ടിടത്തിനടുത്തേയ്ക്ക് ഓടി. ഏണി ചാരി ഒരാൾ മുകളിലേയ്ക്കു കയറി.സ്ട്രെച്ചറുമായി 4 ഫയർഫോഴ്സ് സംഘങ്ങൾ കെട്ടിടത്തിനുള്ളിലേയ്ക്കും ഓടിക്കയറി. ചുരുട്ടിവച്ച വലിയ ഹോസ് നിവർത്തുകയായിരുന്നു മറ്റൊരു സംഘം. ആകെ ബഹളമയം. ഫോണിൽ ദൃശ്യം പകർത്താനായി ജനക്കൂട്ടവും പരിസരത്ത തടിച്ചുകൂടി. 10 മിനിറ്റിനകം കെട്ടിടത്തിനുള്ളിൽ നിന്ന് ഒരാളെ സ്ട്രെച്ചറിൽ ആംബുലൻസിലേയ്ക്കു മാറ്റി. മറ്റൊരാളെ 2 പേർ ചേർന്ന് എടുത്തുകൊണ്ടു വന്നു ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി.
മൂന്നാമത്തെയാളെ നടത്തിക്കൊണ്ടാണ് പുറത്തേയ്ക്കു കൊണ്ടുവന്നത്.വിവിധ തരത്തിൽ പരുക്കുകൾ ഏറ്റവരെ രക്ഷിക്കുന്ന രീതിയാണ് അഗ്നിരക്ഷാ സേന പരീക്ഷിച്ചത്. പെട്ടെന്ന് ആക്രമണമുണ്ടായാൽ കെട്ടിടത്തിൽ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കുകയായിരുന്നു ഫയർഫോഴ്സിന്റെ ദൗത്യം. പൊലീസും എൻസിസിയും ദുരന്ത നിവാരണ സേനയും ആരോഗ്യ പ്രവർത്തകരും സഹായവുമായി ഒപ്പം നിന്നു. ഇതിനിടെ കലക്ടർ അനു കുമാരിയും സബ് കലക്ടർ ഒ.വി.ആൽഫ്രഡും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി. സമയം നാലരയായതോടെ സുരക്ഷിത സൈറൺ മുഴങ്ങി.രക്ഷാപ്രവർത്തനം അവസാനിച്ചു. ഭാരത് മാതാ കീ ജയ് വിളിച്ച് മോക്ഡ്രിൽ അവസാനിപ്പിച്ചപ്പോൾ സമയം 5.ജില്ലാ ഫയർ ഓഫിസർ എസ്.സൂരജിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫിസർമാരായ നിതിൻ രാജ്, അനീഷ് കുമാർ തുടങ്ങി 19 അംഗ സംഘമാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. 25 സിവിൽ ഡിഫൻസ് വൊളന്റിയർമാരും പങ്കെടുത്തു.
വിഴിഞ്ഞം ബസ് സ്റ്റാൻഡ്
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ വളപ്പിലെ ഉയർന്ന മന്ദിരത്തിൽനിന്നു നീണ്ട സൈറൺ മുഴങ്ങി. പിന്നാലെ വിഴിഞ്ഞം ബസ് സ്റ്റാൻഡിലേക്ക് സൈറൺ മുഴക്കി ഫയർ ഫോഴ്സ് സേനയെത്തി. ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ പുറത്തിറങ്ങി. സിവിൽ ഡിഫൻസ് മോക് ഡ്രില്ലിന്റെ ഭാഗമാണിതെന്നു വിശദീകരിച്ചു. ഇതിനിടെയാണ് ജനക്കൂട്ടത്തിൽ നിന്നൊരു വനിത പെട്ടെന്നു ‘പരുക്കേറ്റു’ വീണത്. ഓടിയെത്തിയ സേനാംഗങ്ങൾ ഇവരെ സ്ട്രെച്ചറിൽ കയറ്റുന്നതിനിടെ സൈറൺ മുഴക്കി ആംബുലൻസ് എത്തി ഇവരെ കൊണ്ടു പോയി. തൊട്ടു പിന്നാലെ സ്റ്റാൻഡിനു പുറത്തും സമാന സംഭവം നടന്നു.
വിഴിഞ്ഞം തുറമുഖം
മീൻപിടിത്ത തുറമുഖത്ത് മോക് ഡ്രിൽ സമയത്ത് കുറച്ചു നേരം മീൻ ലേലം നിർത്തിവച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു നീക്കി. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ 20 ഓളം ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും 10 ഓളം സിവിൽ ഡിഫൻസ് ആപ്താ മിത്ര വൊളന്റിയർമാരും ചേർന്നായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്.
രാജ്യാന്തര തുറമുഖം
ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. തുറമുഖ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട ഏജൻസികൾ ജാഗ്രത പുലർത്തുകയാണ്.
വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ
രാജ്യാതിർത്തിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ അതീവ ജാഗ്രത.അവധിയിൽ പോയ സേനാംഗങ്ങളെ തിരികെ വിളിപ്പിച്ചതായും സേനാംഗങ്ങൾക്ക് അവധി അനുവദിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. വിഴിഞ്ഞത്തെ അതിവേഗ പട്രോളിങ് വെസൽ അനഘ്, സി 447 , സി 427 എന്നിവ കൂടാതെ പുറം കടലിൽ വലിയ കപ്പലും ജാഗ്രത പുലർത്തുന്നുണ്ട്.സുരക്ഷ മുൻനിർത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സന്ദർശകർക്ക് താൽക്കാലികമായി നിയന്ത്രണമേർപ്പെടുത്തി.
ടെക്നോപാർക്ക്
കര–നാവിക സേന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം അതീവ സുരക്ഷാ മേഖലയായ ടെക്നോപാർക്കിൽ എത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. തയാറെടുപ്പുകൾ മനസ്സിലാക്കി. കലക്ടറേറ്റിൽ നിന്നെത്തിയ നോഡൽ ഓഫിസറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സൈനികരുടെ നിർദേശ പ്രകാരം കഴക്കൂട്ടം ഫയർ ഫോഴ്സിന്റെ രണ്ടു യൂണിറ്റുകൾ ടെക്നോപാർക്കിന്റെ വിവിധ കെട്ടിടങ്ങളുടെ മുന്നിലൂടെ സഞ്ചരിച്ചു.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോ
ഡിപ്പോയിൽ അപ്രതീക്ഷിതമായി സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. അടിയന്തര സാഹചര്യം നേരിടുന്നതിനും ഏകോപനത്തിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സജ്ജമായിരുന്നു. ഇതൊക്കെ കണ്ട് യാത്രക്കാർ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് കാര്യം മനസ്സിലായപ്പോൾ സമാധാനമായി.
കല്ലമ്പലം ഫയർസ്റ്റേഷൻ
സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. അഗ്നി രക്ഷാ ജീവനക്കാർ,സിവിൽ ഡിഫൻസ് അംഗങ്ങൾ,റജിസ്ട്രേഷൻ ഓഫിസ് ജീവനക്കാർ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജികുമാർ,ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽകുമാർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനീഷ് എന്നിവർ നേതൃത്വം നൽകി.
കിളിമാനൂർ മിനി സിവിൽ സ്റ്റേഷൻ
വെഞ്ഞാറമൂട് അഗ്നിരക്ഷാസേന, കിളിമാനൂർ പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിൽ കിളിമാനൂർ മിനി സിവിൽ സ്റ്റേഷനിൽ മോക്ഡ്രിൽ നടത്തി.
പാറശാല ഫയർഫോഴ്സ്
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. യുദ്ധ സാഹചര്യം ഉണ്ടായാൽ കിടപ്പു രോഗികളെ വീടുകളിൽ നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റൽ, കുട്ടികൾക്ക് ആഹാരം സൂക്ഷിക്കൽ, മരുന്ന് കഴിക്കുന്ന രോഗികളുടെ സംരക്ഷണം, പരുക്ക് പറ്റിയാൽ നൽകേണ്ട പ്രാഥമിക ചികിത്സ തുടങ്ങിയവ സംബന്ധിച്ച് ഫയർഫോഴ്സ് അംഗങ്ങൾ ക്ലാസ് എടുത്തു വീടുകളിൽ നിന്നു രക്ഷപ്പെടുത്തുന്ന രീതികളും കാണിച്ചു കൊടുത്തു.
ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ
പൊലീസ് , അഗ്നിരക്ഷാ സേന, റവന്യു, സിവിൽ ഡിഫൻസ്, എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ എന്നിവർ അണിചേർന്നു വൈകിട്ട് നാലിന് 4 ന് സൈറൺ മുഴക്കി, സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു. പ്രഥമ ശുശ്രൂഷ നൽകൽ, തീപിടിത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്നിവയെല്ലാം വിശദീകരിച്ചു. ആംബുലൻസുകളും സജ്ജമാക്കിയിരുന്നു.
വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ
ശിവഗിരി റെയിൽവേ സ്റ്റേഷനിൽ പൊലീസ്, ഫയർ ഫോഴ്സ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരുൾപ്പെടെ 50 ഓളം പേർ പങ്കെടുത്തു.റെയിൽവേ സ്റ്റേഷനുള്ളിൽ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കലായിരുന്നു ദൗത്യം.